സൗദിയിൽ വീണ്ടും മിസൈൽ ആക്രമണം; അരാംകോയും വിമാനത്താവളങ്ങളും ലക്ഷ്യമിട്ട് ഹൂതികൾ

റിയാദ് : സൗദിയിലേക്ക് വീണ്ടും ആക്രമണം തുടർന്ന് ഹൂതികൾ. റിയാദ്, ദമാം, നജ്റാൻ വിമാനത്താവളങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഈസ്റ്റ് - വേസ്റ്റ് പൈപ്പ് ലൈനും, റാബിഗ് എണ്ണ ശുദ്ധീകരണശാലയും, യാൻബുവിൽ അരാംകോ സ്ഥാപനത്തെയും ആക്രമിച്ചതായി ഹൂതികൾ അവകാശപ്പെട്ടു. സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ അമേരിക്കൻ പൗരന്മാർക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, പുതിയ അക്രമങ്ങളെ കുറിച്ച് സൗദി അധികൃതരിൽ നിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. നേരത്തെ തായിഫിലേക്കും യാൻബുവിലേക്കും എത്തിയ രണ്ട് ഹൂതി ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അവകാശപ്പെട്ടിരുന്നു. മക്ക, ജിദ്ദ എന്നിവിടങ്ങളിലെ താമസക്കാർക്ക് സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ മാസം ആദ്യം നടന്ന ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഒക്ടോബർ 10ന് റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി അധികൃതർ പറഞ്ഞു. മരിച്ചവരിൽ നാല് സൗദി പൗരന്മാരും രണ്ട് ബംഗ്ലാദേശികളും അമേരിക്ക, ജോർദാൻ, പലസ്തീൻ, സിറിയ, സുഡാൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ വ്യക്തികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.









0 comments