ചെങ്കടലില്‍ കപ്പലിന് നേരെ ഹൂതി ആക്രമണം; യമനില്‍ യുഎന്‍ ഓഫീസുകളില്‍ ഹൂതി റെയ്ഡ്

അനസ് യാസിന്‍
Published on Sep 01, 2025, 10:06 PM | 2 min read
മനാമ: ചെങ്കടലില്‍ ഇസ്രയേല്‍ ഉടമസ്ഥതയിലുള്ള എണ്ണ ടാങ്കറിന് നേര ഹൂതി മിസൈല്‍ ആക്രമണം. ലൈബീരിയയുടെ പതാക വഹിക്കുന്ന സ്‌കാര്‍ലറ്റ് റേ എന്ന ടാങ്കറാണ് തിങ്കളാഴ്ച ആക്രമിച്ചതെന്ന് ഹൂതി മിലിഷ്യ അറിയിച്ചു. എന്നാല്‍, മിസൈല്‍ ഇടിച്ചില്ലെന്നും ടാങ്കര്‍ യാത്രതുടര്‍ന്നതായും ബ്രിട്ടീഷ് സമുദ്ര ഗതാഗത വാണിജ്യ സംഘടന അറിയിച്ചു. ഞായറാഴ്ച ഹൂതികള്‍ തലസ്ഥാനമായ സനായിലെ ഐക്യരാഷ്ട്രസഭയുടെ ഓഫീസുകള്‍ റെയ്ഡ് ചെയ്യുകയും ചാരവൃത്തി ആരോപിച്ച് 11 ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
യുഎന്നിന്റെ ലോക ഭക്ഷ്യ പദ്ധതി, ലോകാരോഗ്യ സംഘടന, യുണിസെഫ് എന്നിവയുടെ ഓഫീസുകളിലാണ് റെയ്ഡ് നടത്തിയതെന്ന് ലോക ഭക്ഷ്യപദ്ധതി വക്താവ് അബീര്‍ ഇറ്റെഫ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. ഓഫീസുകള്‍ റെയ്ഡ് ചെയ്യുകയും പാര്‍ക്കിംഗ് സ്ഥലത്ത് വെച്ച് ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു. തങ്ങളുടെ നിരവധി ജീവനക്കാരെ തടവിലാക്കിയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി ഹൂതികളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും യുണിസെഫ് വക്താവ് അമ്മര്‍ അമ്മാര്‍ അറിയിച്ചു.
ജീവനക്കാരെ തടവിലാക്കിയതിനെയും ലോക ഭക്ഷ്യപദ്ധതി ഓഫീസുകളിലേക്ക് അതിക്രമിച്ചു കയറിയതിനെയും യുഎന്‍ സ്വത്തുക്കള്‍ പിടിച്ചെടുത്തതിനെയും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ശക്തമായി അപലപിച്ചു. തടവിലാക്കിയവരെ ഉടന്‍ നിരുപാധികം വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. ഇസ്രയേല്‍ ആക്രമണങ്ങളില്‍ യമനിലെ യുഎന്‍ പ്രതിനിധി ഹാന്‍സ് ഗ്രണ്ട്‌ബെര്‍ഗ് ആശങ്ക രേഖപ്പെടുത്തി.
വ്യാഴാഴ്ചയാണ് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹൂതി സര്‍ക്കാരിലെ പ്രധാനമന്ത്രി അഹമ്മദ് അല്‍ റഹാവി, വിദേശകാര്യ മന്ത്രി ഗമാല്‍ അമെര്‍, ഉപപ്രധാനമന്ത്രിയും പ്രാദേശിക വികസന മന്ത്രിയുമായ മുഹമ്മദ് അല്‍ മെദാനി, വൈദ്യുതി മന്ത്രി അലി സൈഫ് ഹസ്സന്‍, ടൂറിസം മന്ത്രി അലി അല്‍ യാഫി, വിവരസാങ്കേതികവിദ്യ മന്ത്രി ഹാഷിം ഷറഫുല്‍ദിന്‍, ആഭ്യന്തര സഹമന്ത്രി അബ്ദെല്‍ മജീദ് അല്‍ മുര്‍തദ എന്നിവര്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ ശില്‍പ്പശാലക്കിടെയാണ് ഇസ്രയേല്‍ ആക്രമണമുണ്ടായത്. ഇതേതുടര്‍ന്ന് സനായില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. മന്ത്രിമാരെയും സിവിലിയന്‍ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടുള്ള കുറ്റകൃത്യം ഇസ്രയേലി ശത്രുവിന്റെ ക്രിമിനല്‍ പ്രവര്‍ത്തനമാണെന്ന് ഹൂതി നേതാവ് അബ്ദല്‍ മാലിക് അല്‍ ഹൂതി പറഞ്ഞു.
ആഗസ്ത് 21-ന് ഹൂതികള്‍ ഇസ്രയേലിനു നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഹൂതികള്‍ ഇസ്രയേലിനു നേരെ തൊടുത്തുവിട്ട ആദ്യത്തെ ക്ലസ്റ്റര്‍ ബോംബായിരുന്നു ഇത്. ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളം ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണം. മിസൈലില്‍ നിന്ന് രക്ഷതേടി മധ്യ ഇസ്രയേലിലും ജറുസലേമിലും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഷെല്‍ട്ടറുകളില്‍ അഭയം തേടേണ്ടിവന്നു. ആക്രമണം ഇസ്രയേലില്‍ വന്‍ നാശനഷ്ടമുണ്ടാക്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തരുന്നു.









0 comments