ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് ട്രംപിന്റെ ജന്മദിനാശംസ, അശ്ലീല ചിത്ര സഹിതം പുറത്ത്

വാഷിങ്ടൺ: കുപ്രസിദ്ധ ലൈംഗിക്കുറ്റവാളി ജെഫ്രി എപ്സ്റ്റീന് ജന്മദിനാശംസ നേര്‍ന്ന് ഡൊണള്‍ഡ് ട്രംപ് അയച്ചതായി പറയുന്ന വിവാദ അശ്ലീലക്കുറിപ്പും ചിത്രവും പുറത്ത്. എപ്സ്റ്റീനെതിരെ അന്വേഷണം നടത്തുന്ന യുഎസ് പ്രതിനിധി സഭയുടെ മേല്‍നോട്ട സമിതിയിൽ നിന്നാണ് ചിത്രം ചോർന്നത്.
ട്രംപിന്റെ അശ്ലീലച്ചുവയോടെയുള്ള ഈ ആശംസ കുറിപ്പ് കഴിഞ്ഞദിവസം ഡെമോക്രാറ്റ് അംഗങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഇത്തരമൊരു ആശംസാസന്ദേശം താന്‍ അയച്ചിട്ടില്ലെന്നാണ് ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദം.
2003-ൽ എപ്സ്റ്റീനും ട്രംപും സുഹൃത്തുക്കളായിരുന്നു. ഇക്കാലത്ത് എപ്സ്റ്റീന് ലഭിച്ച ജന്മദിന ആശംസകൾ പുസ്തക രൂപത്തിലാക്കി. ഈ ആൽബത്തിൽ ട്രംപ് നേർന്ന ആശംസാ ചിത്രം അടങ്ങുന്ന ഭാഗമാണ് പുറത്ത് എത്തിയത്. എപ്സ്റ്റീന്റെ എസ്റ്റേറ്റിൽ നിന്നുള്ള ഒരു കൂട്ടം രേഖകളുടെ ഭാഗമായാണ് തിങ്കളാഴ്ച ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റുകൾ ഇതിന്റെ പകർപ്പ് പുറത്തു വിട്ടത്.
വാർത്ത നേരത്തെ പുറത്തായി,
1000 കോടി നഷ്ടപരിഹാരം ചോദിച്ചു
സ്ത്രീയുടെ നഗ്‌നചിത്രം വരച്ച് അതിൽ കുറിപ്പെഴുതി ഡൊണാള്‍ഡ് ട്രംപ് എപ്സ്റ്റീന് ജന്മദിനാശംസ നേര്‍ന്നതായി, നേരത്തെ വോള്‍സ്ട്രീറ്റ് ജേണലാണ് വാർത്ത പുറത്ത് വിട്ടത്. ഇതോടെ വിവാദം കത്തിപ്പടർന്നു. യു എസിലെ വലിയ രാഷ്ട്രീയ വിഷയമായും ധാർമ്മിക പ്രശ്നമായും ചർച്ചകൾ ഉയർന്നു.
എന്നാൽ ഇക്കാര്യം അപ്പാടെ നിഷേധിച്ച ട്രംപ് വോള്‍സ്ട്രീറ്റ് ജേണലിനെതിരേ ആയിരം കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ചെയ്തു. നിഷേധിച്ച കത്തിന്റെ പൂര്‍ണരൂപമാണ് ഡെമോക്രാറ്റ് അംഗങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
പുറത്തുവന്ന കുറിപ്പിന്റെ ആധികാരികത വൈറ്റ് ഹൗസ് നിഷേധിച്ചു. ഡൊണാള്‍ഡ് ട്രംപ് ഇങ്ങനെയൊരു ചിത്രം വരച്ചിട്ടില്ലെന്നും അദ്ദേഹം അതില്‍ ഒപ്പിട്ടിട്ടില്ലെന്നും വ്യക്തമാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. ഇക്കാര്യത്തില്‍ നിയമനടപടികള്‍ തുടരുമെന്നും കരോലിന്‍ ലീവിറ്റ് വ്യക്തമാക്കി.
“പ്രസിഡന്റ് തനിക്കറിയാവുന്ന കാര്യങ്ങളെക്കുറിച്ചുള്ള സത്യം ഞങ്ങളോട് പറയുകയും എല്ലാ എപ്സ്റ്റീൻ ഫയലുകളും പുറത്തുവിടുകയും ചെയ്യേണ്ട സമയമാണിത്.” എന്ന് പാനലിലെ ഉന്നത ഡെമോക്രാറ്റ് റോബർട്ട് ഗാർസിയ ഒരു എതിർ പ്രസ്താവനയിൽ പറഞ്ഞു.
ചിത്രം പ്രസിദ്ധീകരിച്ച പുസ്തകം കിട്ടാനില്ല
ധനകാര്യ വിദഗ്ദ്ധനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ 50-ാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍നിന്ന് ലഭിച്ച കത്തുകൾ എപ്സ്റ്റീന്റെ കൂട്ടാളിയായ ഗിലൈന്‍ മാക്സ് വെൽ പുസ്തകരൂപത്തിലാക്കിയിരുന്നു. ഈ ശേഖരത്തിലുള്ളതാണ് ട്രംപിന്റെ ആശംസാ സന്ദേശം. ഇത് പിന്നീട് വാർത്തയായി പുറത്തു വന്നു. പക്ഷെ പുസ്തകത്തിന്റെ അസ്സൽ കാണാമറയത്തായി.
കുറിപ്പ് 2003-ല്‍ എപ്സ്റ്റീന് ജന്മദിനാംശ നേര്‍ന്ന് ട്രംപ് അയച്ചതാണെന്നാണ് പറയപ്പെടുന്നത്. നഗ്‌നയായ സ്ത്രീയുടെ രേഖാചിത്രത്തില്‍ ഡൊണാള്‍ഡ് ട്രംപും എപ്സ്റ്റീനും തമ്മിലുള്ള സംഭാഷണമാണ് എഴുതിയിരിക്കുന്നത്. സ്ത്രീയുടെ സ്വകാര്യഭാഗം വരുന്ന ഭാഗത്ത് ട്രംപിന്റെ ഒപ്പും ചേര്‍ത്തിട്ടുണ്ട്. ഈ കത്തിലെ ട്രംപിന്റെ ഒപ്പ് 1995 ൽ അദ്ദേഹം ഉപയോഗിച്ചിരുന്ന ഒപ്പിന്റെ സമാനമാണ് എന്ന് കണ്ടെത്തിയിരുന്നു.
“എല്ലാ ദിവസവും മറ്റൊരു അത്ഭുതകരമായ രഹസ്യമാകട്ടെ”യെന്ന് കുറിച്ചാണ് ട്രംപ് എപ്സ്റ്റീന് ആശംസനേരുന്ന് ഒപ്പുവെച്ചിട്ടുള്ളത്.
എപ്സ്റ്റീൻ തൂങ്ങി മരിച്ച നിലയിൽ
നിരവധി പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായുള്ള കേസിൽ കുപ്രസിദ്ധനാണ് എപ്സ്റ്റീൻ. 2006-ലാണ് അറസ്റ്റിലായത്. 2008-ല്‍ ഒരുകേസിൽ വിചാരണ പൂര്‍ത്തിയാക്കി എപ്സ്റ്റീനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. നൂറുകണക്കിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതായാണ് കേസുകൾ.
മറ്റ് കേസുകളിൽ വിചാരണ കാത്ത് കഴിയുന്നതിനിടെ 2019 ഓഗസ്റ്റ് പത്തിന് ഇയാളെ ജയിലില്‍ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
എപ്സ്റ്റീനെയും അദ്ദേഹത്തിന്റെ ഉന്നതരായ ഇടപാടുകാരെയും കുറിച്ചുള്ള രഹസ്യ വെളിപ്പെടുത്തലുകൾ അടങ്ങിയിട്ടുണ്ടെന്ന് കരുതുന്ന കോടതി രേഖകൾ പുറത്തുവിടണമെന്ന ആവശ്യം തെരഞ്ഞെടുപ്പിലും കത്തി നിന്നിരുന്നു. ട്രംപ് പക്ഷം തന്നെ ഒരു ഘട്ടത്തിൽ ഇത് സമ്മതിച്ചു. പിന്നീട് പിൻമാറി.
മുമ്പ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഉൾപ്പെടെയുള്ള റിപ്പബ്ലിക്കൻമാരും രേഖകൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആ സമയത്ത് ഡെമോക്രാറ്റുകളും ചില റിപ്പബ്ലിക്കൻമാരും സ്വന്തം അന്വേഷണങ്ങൾ പ്രഖ്യാപിച്ചു. ഫയലുകൾ പൂർണ്ണമായി പുറത്തുവിടാനും പ്രതിജ്ഞ ചെയ്തു. അന്വേഷണ രേഖകളിൽ ഒരു ഭാഗം പുറത്ത് വന്നതിൽ കോടതി രേഖകൾ മാത്രമായിരുന്നു.
പുസ്തകത്തിൽ പ്രമുഖർ
വിവാദമായ ജന്മദിന പുസ്തകത്തിന്റെ സ്കാൻ ചെയ്ത കോപ്പി പുറത്തായിരുന്നു. "ദി ഫസ്റ്റ് ഫിഫ്റ്റി ഇയേഴ്‌സ്" എന്ന തലക്കെട്ടിലാണ്. എപ്‌സ്റ്റീന്റെ അസോസിയേറ്റായ ഗിസ്ലെയ്ൻ മാക്‌സ്‌വെൽ എഴുതിയ ആമുഖം ഉൾപ്പെടെ 10 വിഭാഗങ്ങളാണുള്ളത്.
തുകൽ ബന്ധിത വാല്യത്തിൽ ലൈംഗികത പ്രകടമാക്കുന്ന ഡസൻ കണക്കിന് കത്തുകളും ചിത്രങ്ങളും ഉണ്ടായിരുന്നു. എപ്‌സ്റ്റീനെ ഒരു കുളത്തിനരികിൽ മസാജ് ചെയ്യുന്ന "പെൺസുഹൃത്തുക്കൾ" ചിത്രീകരിച്ചത് മുതൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സിംഹങ്ങളുടെയും സീബ്രകളുടെയും ഫോട്ടോകൾ വരെ ഇതിൽ ഉണ്ടായിരുന്നു എന്ന് ഗാർഡിയൻ പത്രം റിപ്പോർട് ചെയ്തു.
ബിൽ ക്ലിന്റൺ, ശതകോടീശ്വരൻ ലിയോൺ ബ്ലാക്ക്, ഹാർവാർഡ് ലോ സ്‌കൂൾ പ്രൊഫസറും ഒരു കാലത്ത് ട്രംപിന്റെ അഭിഭാഷകനുമായ അലൻ ഡെർഷോവിറ്റ്‌സ്, യുഎസിലെ ബ്രിട്ടീഷ് അംബാസഡർ ആയിരുന്ന പീറ്റർ മണ്ടൽസൺ, ലെസ് വെക്‌സ്‌നർ എന്നിവരും ഈ പുസ്തകത്തിൽ ആശംസാ സംഭാവനകൾ നൽകിയതായി റിപ്പോർട് പറയുന്നു.










0 comments