ad
Deshabhimani

സ്യൂട്ട്കേസിൽ അസ്ഥികൾ, ഭരണിയിൽ ഹൃദയം, മനുഷ്യചർമം കൊണ്ടൊരു മുഖം; ബുഡാപെസ്റ്റിലെ ആ അപ്പാർട്ട്മെന്റിൽ കണ്ടത്

Hungarian Police Rendorseg AI

Representative Image | AI

വെബ് ഡെസ്ക്

Published on Jun 23, 2026, 05:46 PM | 1 min read

ബുഡാപെസ്റ്റ്: ശ്മശാനങ്ങളിൽ നിന്നും താൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്നും മനുഷ്യശരീരഭാഗങ്ങൾ ശേഖരിച്ച മുപ്പതുകാരനെ ഹംഗറിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി തന്റെ വീട്ടിലും ജോലിസ്ഥലത്തുമായി മനുഷ്യശരീരഭാഗങ്ങൾ സൂക്ഷിച്ചുവെച്ചിരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ, ജൂൺ 17നാണ് ഹംഗറിയിലെ നാഷണൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഇയാളെ ബുഡാപെസ്റ്റിൽ വെച്ച് അറസ്റ്റ് ചെയ്തത്. പ്രതി ഒരു ആശുപത്രിയിൽ അറ്റൻഡർ ആയി ജോലി ചെയ്തുവരികയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.


ഇയാളുടെ അപ്പാർട്ട്‌മെന്റിൽ നടത്തിയ പരിശോധനയിൽ തലയോട്ടികൾ, ഒരു കാൽപ്പാദം, ഒരു കൈ, കൂടാതെ മനുഷ്യന്റെ മുഖചർമ്മം ഉപയോഗിച്ച് പുനർനിർമ്മിച്ച മുഖരൂപം എന്നിവ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. മറ്റു ചില അസ്ഥികൾ ഒരു സ്യൂട്ട്കേസിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു. കൂടാതെ, ഒരു ഭരണിക്കുള്ളിൽ സൂക്ഷിച്ച നിലയിൽ ഒരു ഹൃദയവും കണ്ടെത്തിയിട്ടുണ്ട്. ഇത് മനുഷ്യന്റേതാണോ അതോ മൃഗത്തിന്റേതാണോ എന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.


ചോദ്യം ചെയ്യലിൽ ശരീരഭാഗങ്ങൾ ശേഖരിച്ച കാര്യം സമ്മതിച്ച പ്രതി, തനിക്ക് മനുഷ്യശരീരഭാഗങ്ങളോട് പ്രത്യേക താല്പര്യമുണ്ടെന്നും ഇവ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത് കഴിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി. മനുഷ്യശരീരങ്ങൾ നിയമവിരുദ്ധമായി ഉപയോഗിച്ചെന്ന കുറ്റാരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ഇപ്പോൾ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.


ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്നും, സ്ലൊവാക്യയിലെയും ഹംഗറിയിലെയും ശ്മശാനങ്ങളിൽ നിന്ന് മൃതദേഹങ്ങൾ തോണ്ടിയെടുത്തുമാണ് ഇയാൾ ഈ ശരീരഭാഗങ്ങൾ സംഘടിപ്പിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.


യുവാവിന്റെ കമ്പ്യൂട്ടർ, ലാപ്ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, ഡാറ്റാ കാർഡുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. കണ്ടെടുത്ത ശരീരഭാഗങ്ങളെല്ലാം ഫോറൻസിക് വിദഗ്ധർ പരിശോധിക്കുമെന്നും, ഇവയുടെ കൃത്യമായ ഉറവിടം വ്യക്തമാകുന്നതോടെ ഇയാൾക്കെതിരെയുള്ള കുറ്റങ്ങളുടെ വ്യാപ്തി ഇനിയും വർധിച്ചേക്കാമെന്നും പൊലീസ് കൂട്ടിച്ചേർത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home