ആശ്വാസം, ഹോര്‍മുസ് തുറന്നു, എണ്ണ വില കുത്തനെ ഇടിഞ്ഞു

ലണ്ടൻ: ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്കായി പൂർണ്ണമായും തുറന്നുകൊടുത്തതോടെ ആഗോള എണ്ണ വിപണിയിൽ വൻ ആശ്വാസം. അസംസ്കൃത എണ്ണയുടെ വിലയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തി. മേഖലയിൽ നിലനിന്നിരുന്ന യുദ്ധഭീതിയും വിതരണ തടസ്സങ്ങളും നീങ്ങിയതാണ് വിപണിയിൽ പ്രതിഫലിച്ചത്.
അന്താരാഷ്ട്ര വ്യാപാര കേന്ദ്രങ്ങളിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം അസംസ്കൃത എണ്ണവിലയിൽ ശരാശരി 9 മുതൽ 11 ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 90 ശതമാനവും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് ഇത് വലിയ ആശ്വാസം പകരുന്നതാണ്.
പുതിയ കണക്കുകൾ പ്രകാരം ബ്രെന്റ് ക്രൂഡ് (Brent Crude) ബാരലിന് 90.83 ഡോളറായി. 9.07% ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഡബ്ല്യു.ടി.ഐ ക്രൂഡ് (WTI Crude) ബാരലിന് 83.85 ഡോളറായും കുറഞ്ഞു. 11.45% വിലയിടിവാണ് ഈ ഇനത്തിൽ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ വ്യാപാര സെഷനിൽ ബ്രെന്റ് ക്രൂഡ് 99.39 ഡോളറിലും ഡബ്ല്യു.ടി.ഐ 94.69 ഡോളറിലുമാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്. പത്ത് ദിവസത്തിനിടെ വിപണിയിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണ് ഇന്നത്തേത്. മാത്രമല്ല അസംസ്കൃത എണ്ണ വില 119 ഡോളര്‍ വരെ എത്തിയിടത്തു നിന്നാണ് ഈ പിൻമാറ്റം എന്നത് ആശ്വസം പകരുന്ന വലിയ പിൻമാറ്റത്തെ കാണിക്കുന്നു. ലോകം വിലക്കയറ്റ ഭീതിയിൽ നിന്ന് ആശ്വാസത്തിലേക്ക് എത്തുകയാണ്.
20 കപ്പലുകൾ ഹോര്‍മുസ് കടന്നു
ഇറാൻ ഭരണകൂടത്തിന്റെ ഏകോപനത്തിനും മേൽനോട്ടത്തിനും കീഴിൽ പേർഷ്യൻ ഗൾഫിൽ നിന്നുള്ള എണ്ണക്കപ്പലുകൾക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ അനുമതി നൽകി. ഇതിനോടകം 20-ഓളം എണ്ണക്കപ്പലുകൾ പാതയിലൂടെ നീങ്ങിത്തുടങ്ങിയതായി ട്രാക്കിംഗ് വിവരങ്ങൾ സൂചിപ്പിക്കുന്നു. സമാധാന ചര്‍ച്ചാ ഇടവേളയുടെ പത്ത് ദിവസങ്ങളാണ് കപ്പലുകൾക്ക് കടന്ന് പോകാൻ ലഭിച്ചിരിക്കുന്നത്.
ഇസ്രായേൽ-ലബനൻ വെടിനിർത്തൽ കരാറിന് പിന്നാലെ ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായി. ഇത് വിപണിയിലെ 'റിസ്ക് പ്രീമിയം' കുറയ്ക്കാൻ സഹായിച്ചു. വിതരണ ശൃംഖല പൂർണ്ണതോതിലാകാൻ ഇനിയും മൂന്നാഴ്ചയോളം സമയമെടുക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എങ്കിലും പാത തുറന്നത് വില കുത്തനെ കുറയാൻ അവസരം ഒരുക്കി തന്നു.
Related News
അന്താരാഷ്ട്ര വിപണിയിലെ ഈ മാറ്റം ഇന്ത്യയിലെ ഇന്ധനവിലയിലും അനുകൂലമായ മാറ്റമുണ്ടാക്കാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ആഭ്യന്തര വിപണിയിലെ പെട്രോൾ, ഡീസൽ നിരക്കുകളിൽ എണ്ണക്കമ്പനികൾ ഇളവ് നൽകിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കൂടുമ്പോൾ ചില്ലറവിപണിയിലും അതിന് അനുസൃതമായി വര്‍ധന വരുത്തകയും, എന്നാൽ കുറയുമ്പോൾ അത് ഉപഭോക്താക്കളിലേക്ക് കൈമാറാതിരിക്കയും ചെയ്യുന്ന വിപണി തന്ത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ടിരുന്നത്.










0 comments