print edition ഹോർമുസ് തുറന്നു

തെഹ്റാൻ : ലെബനനിൽ വെടിനിർത്തൽ നിലവിൽവന്നതിന് തൊട്ടുപിന്നാലെ ലോകത്തെ ഏറ്റവും തിരക്കേറിയ എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് തുറന്ന് ഇറാൻ. വെടിനിർത്തൽ കാലയളവ് അവസാനിക്കുന്നതുവരെ എല്ലാ വാണിജ്യക്കപ്പലുകൾക്കും സുരക്ഷിതമായി കടന്നുപോകാമെന്ന് ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്‌ചി അറിയിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ കരാർ 22-ന് അവസാനിക്കും. അതുവരെയാണ് കടലിടുക്ക് പൂർണ്ണമായും തുറന്നിടുക. ഇസ്ലാമാബാദിൽ തുടർചർച്ചയിൽ ഇതിനുമുന്പ് വെടിനിർത്തൽ തുടരാൻ ധാരണയിലെത്തുമെന്നാണ് വിലയിരുത്തൽ.
അമേരിക്കയും ഇസ്രയേലും ചേർന്ന് ഏകപക്ഷീയമായി ഇറാനെ ആക്രമിച്ചതിനെ തുടർന്നാണ് ഹോർമുസ് കടലിടുക്ക് അടച്ചത്.
ഇതോടെ ലോകരാജ്യങ്ങൾ ഇന്ധനപ്രതിസന്ധിയിലേക്ക് നീങ്ങിയത് അമേരിക്കയെ വെട്ടിലാക്കി. നാറ്റോ സഖ്യരാജ്യങ്ങൾപോലും അമേരിക്കക്കെതിരെ നിലപാടെടുത്തു. ഭീഷണിക്ക് ഇറാൻ വഴങ്ങില്ലെന്നു വന്നതോടെ ഹോർമുസ് പിടിച്ചടക്കാൻ അമേരിക്ക നാവിക ഉപരോധം പ്രഖ്യാപിച്ചെങ്കിലും പൂർണമായും പൊളിഞ്ഞു. ഇതോടെയാണ് ലെബനനിൽ വെടിനിർത്തൽ വേണമെന്ന ഇറാന്റെ സുപ്രധാന ആവശ്യം അമേരിക്ക ഇടപെട്ട് പരിഹരിച്ചത്. വാക്കുപാലിച്ച് ഇറാൻ ഹോർമുസ് തുറക്കുകയുംചെയ്‌തു. ഇറാന്റെ പോർട്ട്സ് ആൻഡ് മാരിടൈം ഓർഗനൈസേഷൻ നിശ്ചയിച്ച പാതയിലൂടെ കപ്പലുകൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാം. ആഴ്ചകളായി ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ആഗോള എണ്ണവിപണിയെ സാരമായി ബാധിച്ചിരുന്നു.
ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കംചെയ്യാൻ അമേരിക്കയും ഇറാനും സംയുക്തമായി പ്രവർത്തിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇറാന്റെ ഭാഗത്തുനിന്നുണ്ടായ സുപ്രധാന ചുവടുവയ്‌പ്പാണിതെന്നും ട്രംപ് പറഞ്ഞു. ഹോർമുസിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽഗതാഗതത്തിന്റെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കാൻ ബ്രിട്ടനും ഫ്രാൻസും സംയുക്ത ദൗത്യത്തിന് തുടക്കം കുറിച്ചിരുന്നു.










0 comments