Deshabhimani

സ്പെയ്നിലെ ട്രെയിൻ അപകടം; മരണം 68 ആയി, 58 പേർ ചികിത്സയിൽ

spain train accident
വെബ് ഡെസ്ക്

Published on Oct 29, 2026, 07:19 AM | 1 min read

മാഡ്രിഡ് : സ്പെയ്നിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 68 പേർ മരിച്ചതായി സ്ഥിരീകരിച്ചു. 58 പേർ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ ടോളിഡോ പ്രവിശ്യയിലെ ഉർദ, ലൊസ് യെബെനെസ് നഗരങ്ങൾക്കിടയിലുള്ള ഒലിവ് തോട്ടങ്ങൾ നിറഞ്ഞ സമതല പ്രദേശത്തുവച്ചാണ് അപകടമുണ്ടായത്.


മാഡ്രിഡിൽനിന്ന് തെക്കുപടിഞ്ഞാറൻ സ്പെയ്നിലെ സെവില്ലിലേക്ക് ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. സിഗ്നൽ തകരാറിനെത്തുടർന്ന് ട്രാക്കിൽ നിർത്തിയിട്ടിരുന്ന കമ്പനിയായ ഐറിയോയുടെ (IRYO) ട്രെയിനിന്റെ പിന്നിലേക്ക് പൊതുമേഖലാ റെയിൽവേയായ റെൻഫെ (RENFE) കമ്പനിയുടെ ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു ട്രെയിനുകളിലെയും രണ്ട് ബോഗികൾ പാളംതെറ്റി തകർന്നു. ​


റെൻഫെ ട്രെയിനിൽ 397 പേരും ഐറിയോ ട്രെയിനിൽ 147 പേരുമാണ് ഉണ്ടായിരുന്നത്. സുരക്ഷാ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നുള്ള തെറ്റായ നിയന്ത്രണ നിർദേശമാണ് അപകടത്തിന് കാരണമായതെന്ന് സ്പെയിൻ ഗതാഗതമന്ത്രി ഓസ്കാർ പുവെന്റെ പറഞ്ഞു. അപകടദിവസം രാവിലെ റെയിൽ സുരക്ഷാ സംവിധാനം പ്രവർത്തനരഹിതമായതോടെ ട്രെയിൻ സർവീസുകൾ നിർത്തിയിരുന്നു. എന്നാൽ സുരക്ഷാ സംവിധാനം പുനഃസ്ഥാപിക്കുന്നതിനുമുമ്പ് റെൻഫെ ട്രെയിനിന് യാത്ര തുടരാൻ കൺട്രോൾ സെന്റർ നിർദേശം നൽകി. പിന്നാലെയാണ് അപകടമുണ്ടായത്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അപകടസ്ഥലം സന്ദർശിച്ചു. രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.


ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അതിവേഗ റെയിൽ ശൃംഖലയുള്ള സ്പെയ്നിൽ ഈ വർഷം ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ട്രെയിൻ ദുരന്തമാണിത്. ജനുവരിയിൽ തെക്കൻ സ്പെയ്നിലുണ്ടായ മറ്റൊരു അതിവേഗ ട്രെയിൻ അപകടത്തിൽ 46 പേർ മരിച്ചിരുന്നു. ഇതേ കമ്പനികളുടെ ട്രെയിനുകളാണ് അന്നും കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്ന് മാഡ്രിഡ്, സിയുഡാഡ് റിയൽ, അൻഡലൂസിയ എന്നിവിടങ്ങൾക്കിടയിലെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home