'സ്വതന്ത്രമായ അന്വേഷണം ഉറപ്പാക്കണം'; നീതിതേടി ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയിൽ

ജയബാലകൃഷ്ണന്റെ മക്കളായ ഭദ്രകീർത്തിയും ഭരത് ശങ്കറും
കൊച്ചി : ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മക്കൾ നീതിതേടി ഹൈക്കോടതിയിൽ. മകൾ ഭദ്രകീർത്തിയും ബന്ധുക്കളും അഭിഭാഷകനോടൊപ്പമെത്തിയാണ് രജിസ്ട്രാർ ജനറൽ ജി ഗോപകുമാറിന് പരാതി നൽകിയത്. അന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് രജിസ്ട്രാർ ജനറൽ ഇവരെ അറിയിച്ചു.
പരാതി ചീഫ് ജസ്റ്റിസിന് കൈമാറണമെന്ന് കുടുംബം അഭ്യർഥിച്ചു. സ്വതന്ത്രമായ അന്വേഷണം ഉറപ്പാക്കുക, ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ നഷ്ടമാകാതെ സൂക്ഷിക്കുക, പ്രധാന തെളിവായ അപകടത്തിനിടയാക്കിയ പതിനേഴുകാരന്റെ ഫോട്ടോ പൊലീസ് ഡിലീറ്റ് ചെയ്തത് അന്വേഷിക്കുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്. സ്വതന്ത്രമായ അന്വേഷണത്തിന് പൊലീസിനോട് നിർദേശിച്ചിട്ടുണ്ടെന്ന് രജിസ്ട്രാർ ജനറൽ അറിയിച്ചു.
പൊലീസ് അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷമെ, കാറോടിച്ച പതിനേഴുകാരന്റെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജിയെ സസ്‌പെൻഡ് ചെയ്യേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ ഹൈക്കോടതി തീരുമാനം ഉണ്ടാകുകയെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ഷൗമെൻ സെന്നിന്റെ അധ്യക്ഷതയിൽ അഞ്ചംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗം ചേർന്നിരുന്നു.








0 comments