"തെറ്റുപറ്റി; ക്ഷമിക്കൂ'; പക്ഷപാതപരമായ വാർത്താവിതരണത്തിൽ മാപ്പുപറഞ്ഞ് സെർബിയൻ ചാനൽ

ബെൽഗ്രേഡ് : സെർബിയയിൽ വർഷങ്ങളായി തുടർന്ന സർക്കാർ അനുകൂല നിലപാടിലും പക്ഷപാതപരമായ വാർത്താവിതരണത്തിലും മാപ്പുപറഞ്ഞ് പൊതുമേഖലാ ചാനലായ ‘റേഡിയോ ടെലിവിഷൻ ഓഫ് വോജ്വോഡിന'(ആർടിവി). പൊതുതെരഞ്ഞെടുപ്പിൽ വലതുപക്ഷ പ്രസിഡന്റ് അലക്സാണ്ടർ വുസിചിന്റെ ഭരണസഖ്യം പരാജയപ്പെട്ടതിന് പിന്നാലെയാണ് വൈകിട്ട് പ്രധാന വാർത്താ ബുള്ളറ്റിന്റെ തുടക്കത്തിൽ അവതാരകൻ പ്രേക്ഷകരോട് മാപ്പപേക്ഷ നടത്തിയത്.
വർഷങ്ങളായി സർക്കാരിനുവേണ്ടി വാർത്തകൾ ഏകപക്ഷീയമായി വളച്ചൊടിക്കുകയായിരുന്നുവെന്നും കൃത്യമായ ചോദ്യങ്ങൾ ചോദിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ചാനൽ സമ്മതിച്ചു. "പൊതുമാധ്യമം എന്ന നിലയിൽ ചുമതല നിർവഹിക്കുന്നതിൽ പരാജയപ്പെട്ടു. പല സുപ്രധാന വിഷയങ്ങളിലും മൗനം പാലിച്ചു. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾക്കുനേരെ കണ്ണടച്ചു. വിമർശനങ്ങളില്ലാതെ ഏകപക്ഷീയ വിവരങ്ങൾമാത്രം നൽകി. ഇതിനെല്ലാം പ്രേക്ഷകരോട് ക്ഷമ ചോദിക്കുന്നു‘– അവതാരകനായ ഗോരാൻ എറോർ പറഞ്ഞു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനായി തങ്ങളിൽ ചിലർ പോരാടിയെങ്കിലും വിജയിപ്പിക്കാൻ കഴിഞ്ഞില്ലെന്നും കൂട്ടിച്ചേർത്തു.
ഞായറാഴ്‌ച പൊതുതെരഞ്ഞെടുപ്പിൽ അലക്സാണ്ടർ വുസിചിന്റെ സഖ്യത്തെ അട്ടിമറിച്ച് വിദ്യാർഥി കൂട്ടായ്‌മയായ ‘സ്റ്റുഡന്റ് ലിസ്റ്റ്' വൻ വിജയം നേടിയിരുന്നു. ആകെയുള്ള 250 സീറ്റിൽ 140 സീറ്റും നേടിയാണ് പ്രതിപക്ഷസഖ്യം അധികാരം പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ചാനലിലെ ഭരണപക്ഷ അനുകൂല നിലപാടുകാരനായ ആക്ടിങ് എഡിറ്റർ ഇൻ ചീഫ് നെനാദ് ചാചിച്ച് രാജിവച്ചു. വുസിച് സർക്കാരിന്റെ നാവായി പ്രവർത്തിച്ചിരുന്ന മറ്റൊരു സ്വകാര്യ ചാനലായ 'ഇൻഫോർമർ ടിവി'യുടെ ഓഫീസിലേക്കും ജനങ്ങൾ ഇരച്ചുകയറി. തത്സമയ സംപ്രേഷണം തടസ്സപ്പെടുത്തിയ പ്രതിഷേധക്കാർ ചാനൽ ഉടമയും എഡിറ്ററുമായ ദ്രാഗൻ വൂച്ചിചേവിച്ചിനെ വളഞ്ഞുവച്ചു.








0 comments