കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന് നൽകിയത് കാലാവധി കഴിഞ്ഞ ഗുളിക; ഗർഭിണിക്ക് ആരോഗ്യപ്രശ്നം


സ്വന്തം ലേഖകൻ
Published on Oct 29, 2026, 09:55 AM | 1 min read
കൊല്ലം : സർക്കാർ ആശുപത്രിയിൽനിന്നു നൽകിയ കാലാവധി കഴിഞ്ഞ ഗുളിക കഴിച്ച് മൂന്നുമാസം ഗർഭിണിയായ യുവതിക്ക് ഛർദിയും വയർ വീക്കവും. പാലത്തറ സർക്കാർ ആശുപത്രിയുടെ ഭാഗമായ പള്ളിമുക്ക് ആരോഗ്യകേന്ദ്രത്തിൽനിന്ന് നൽകിയ ‘പോളി ആസിഡ്’ ഗുളിക കഴിച്ച അയത്തിൽ ഗാന്ധിനഗർ 225ൽ ആഷിന മൻസിലിൽ ബീമ ഹാരീഷിന് ആണ് ആരോഗ്യപ്രശ്നമുണ്ടായത്.
കഴിഞ്ഞ ജൂലൈയിൽ കാലാവധി അവസാനിച്ച ഗുളിക ഒക്ടോബർ മൂന്നിനാണ് ബീമ താമസിക്കുന്ന മാടൻനടയിലെ വീട്ടിൽ ആശാ പ്രവർത്തക എത്തിച്ചത്. തുടർച്ചയായി ഗുളിക കഴിച്ചതോടെ ഛർദിയും വയർവേദനയും വയർവീക്കവും ഉണ്ടായി. ഇതേത്തുടർന്ന് ബീമയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനകൾ എല്ലാം നടത്തിയെങ്കിലും രോഗകാരണം കണ്ടെത്താനായില്ല. ഒടുവിൽ കഴിച്ചുകൊണ്ടിരുന്ന ഗുളിക പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞതാണെന്ന് ബോധ്യമായത്. ഗുളിക കഴിക്കുന്നത് നിർത്തിയതോടെ അസുഖവും മാറി. ഇതേത്തുടർന്ന് ബീമ മേയർക്ക് പരാതി നൽകി. എന്നാൽ, അന്വേഷണമുണ്ടായില്ലെന്ന് ബീമ പറഞ്ഞു.
ഇതിനിടെ സർക്കാർ ആശുപത്രിയിലെ ജീവനക്കാർ ബീമയെ സമീപിച്ച് കാലാവധി കഴിഞ്ഞ ഗുളിക കഴിച്ചതുകൊണ്ട് പ്രശ്നമില്ലെന്ന് ബോധ്യപ്പെടുത്താനും ശ്രമിച്ചു. കുറ്റം ആശ പ്രവർത്തകയിൽ ചുമത്താനായി ആശുപത്രി അധികൃതരുടെ പിന്നീടുള്ള ശ്രമം. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകുമെന്ന് ബീമ പറഞ്ഞു. ഡിഎംഒയെ വ്യാഴാഴ്ച നേരിൽകണ്ട് പരാതിപ്പെടും.








0 comments