Deshabhimani

ലാറ്റിനമേരിക്കൻ 
ഇടതുപക്ഷത്തിന്‌ നവോന്മേഷം

lula brazil

photo credit: Lula Facebook

വെബ് ഡെസ്ക്

Published on Oct 29, 2026, 09:25 AM | 1 min read

റിയോ ഡി ജനീറോ : അമേരിക്കയുടെ നിരന്തരമായ ഇടപെടലിലൂടെയും അട്ടിമറികളിലൂടെയും ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഇടതുപക്ഷം നേരിട്ട തിരിച്ചടികൾക്കുള്ള ശക്തമായ മറുപടിയാണ് ബ്രസീലിൽ ലുലയുടെ മുന്നേറ്റം. ലാറ്റിനമേരിക്കയിൽ ‘ഇടതുതരംഗം' കൂടുതൽ ശക്തിയോടെ തിരിച്ചെത്തുമെന്നതിന്റെ സൂചനയാണിത്‌. യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ കടുത്ത അനുയായിയായിരുന്ന തീവ്രവലതുപക്ഷക്കാരൻ ജയ്ർ ബോൾസനാരോയുടെ മകനെ തള്ളിക്കളഞ്ഞത് ലാറ്റിനമേരിക്കയുടെ ആത്മാഭിമാനം ഉയർത്തിയ ജനവിധിയാണ്‌.


‘നമ്മൾ ഒരിക്കലും ആരുടെയും പിൻമുറ്റം ആയിരിക്കില്ല’ എന്നാണ്‌ വിജയറാലിക്കിടെ ലുല ജനങ്ങളോട്‌ പറഞ്ഞത്‌. അക്ഷരാർഥത്തിൽ ബ്രസീലിനെ വരുതിയിലാക്കാൻ കച്ചകെട്ടിനിന്ന ട്രംപിന്റെ കരണത്തേറ്റ അടിയായിരുന്നു ലുലയുടെ വാക്കുകൾ. ലുലയുടെ നേതൃത്വത്തിൽ ബ്രസീൽ തിരിച്ചെത്തുന്നതോടെ ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ പ്രാദേശിക കൂട്ടായ്മകൾ വീണ്ടും സജീവമാകും. വാഷിങ്‌ടൺ കേന്ദ്രീകൃതമായ കപട സംഘടനകളുടെ സ്വാധീനം മറികടക്കാൻ ഇത് സഹായിക്കും. സമീപകാലത്ത്‌ നിരവധി ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ അമേരിക്ക നേരിട്ട്‌ ഇടപെട്ട്‌ ജനവിധി അട്ടിമറിച്ചിരുന്നു. ലോകത്തെ ഏറ്റവും എണ്ണസന്പന്നമായ വെനസ്വേലയിൽ കുതന്ത്രങ്ങളൊന്നും നടക്കുന്നില്ലെന്നുവന്നപ്പോൾ പ്രസിഡന്റ്‌ നിക്കോളാസ്‌ മഡുറോയെ തട്ടിക്കൊണ്ടുപോയി തടവിലാക്കി. ഇതിന്റെയെല്ലാം തുടർച്ചയായി തെക്കേഅമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലിനെ ഫ്ലാവിയോ ബോൾസനാരോ എന്ന തീവ്രവലതുപക്ഷക്കാരനിലൂടെ വരുതിയിലാക്കാമെന്നാണ്‌ അമേരിക്ക കണക്കുകൂട്ടിയത്‌.


ഒക്‌ടോബർ നാലിന്‌ ആദ്യവട്ട വോട്ടെടുപ്പിൽ മുന്നിലെത്തിയതോടെ ട്രംപ്‌ ബ്രസീലിൽ വിജയം ഉറപ്പിച്ചിരുന്നു. മെറ്റ ഉൾപ്പെടെയുള്ള സമൂഹമാധ്യമ ഭീമന്മാരെ വിലയ്‌ക്കെടുത്ത്‌ അമേരിക്ക കളിച്ച കളിയാണ്‌ ജനകീയ ശക്തിയാൽ ബ്രസീലിലെ ഇടതുപക്ഷം തകർത്തത്‌. സാമ്രാജ്യത്വശക്തികളുടെ മേധാവിത്വമില്ലാതെ, സ്വന്തം വിഭവങ്ങളുടെമേൽ ലാറ്റിനമേരിക്കൻ ജനതയ്‌ക്കുള്ള പരമാധികാരം ഉറപ്പാക്കാൻ ലുലയുടെ വിജയം കരുത്തുപകരും.

ബ്രിക്‌സ്‌ കൂട്ടായ്‌മയിലൂടെ വികസ്വര രാജ്യങ്ങളുടെ ശബ്ദമായി ബ്രസീൽ വീണ്ടും മാറുന്നത് ആഗോളതലത്തിൽ അമേരിക്കൻ ഏകധ്രുവാധിപത്യത്തിന്‌ വെല്ലുവിളിയാകും. ബോൾസനാരോയുടെ കാലത്ത് കോർപറേറ്റുകൾക്കായി തുറന്നുകൊടുത്ത ആമസോൺ വനങ്ങളെ സംരക്ഷിക്കാനും, കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിൽ മേഖലയെ മുൻപന്തിയിൽ നിർത്താനും ലുലയുടെ നയങ്ങൾ വഴിയൊരുക്കും. മുമ്പ് ലുല നടപ്പിലാക്കിയ 'ബോൾസ ഫാമിലിയ' പോലുള്ള ജനക്ഷേമ പദ്ധതികൾ വീണ്ടും സജീവമാകുന്നത്‌ ഭൂഖണ്ഡത്തിലുടനീളമുള്ള ദരിദ്ര ജനവിഭാഗങ്ങൾക്ക് പ്രതീക്ഷ നൽകും. വലതുപക്ഷ ഫാസിസ്റ്റ് പ്രവണതകളെ എങ്ങനെ ജനകീയ ഐക്യത്തിലൂടെ നേരിടാം എന്നതിന്റെ ലോകോത്തര മാതൃകയാണ് ബ്രസീൽ കാട്ടിത്തന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home