Deshabhimani

ചേരാനല്ലൂർ നരഹത്യ: ഹർജികൾ 30ന്‌ പരിഗണിക്കും; പ്രതിയുടെ കുടുംബത്തിന്‌ നോട്ടീസ്‌

Cheranallur.jpg
വെബ് ഡെസ്ക്

Published on Oct 29, 2026, 09:11 AM | 1 min read

കൊച്ചി : ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജികൾ എറണാകുളത്തെ സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക കോടതി വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കും. പ്രോസിക്യൂഷന്റെയും മരിച്ച ജയബാലകൃഷ്‌ണന്റെ കുടുംബത്തിന്റെയും ഹർജികൾ വെള്ളിയാഴ്‌ച പരിഗണിക്കാൻ മാറ്റുകയായിരുന്നു.


പ്രതിക്ക് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ജാമ്യം നല്‍കിയിരുന്നു. നരഹത്യകൂടി ചുമത്തി കസ്റ്റഡിയിലെടുത്തശേഷമായിരുന്നിത്‌. മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനുമുന്പ്‌ പ്രതിക്ക് ജാമ്യം നല്‍കിയത് അന്വേഷണം ദുര്‍ഘടമാക്കിയെന്നും ഡ്രൈവിങ് പഠിക്കാന്‍ അനുമതിയില്ലാത്ത 17കാരന്‍ എങ്ങനെയാണ് 102 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ചതെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു. പ്രതി സ്ഥിരമായി സമാന കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെടുന്ന വ്യക്തിയാണെന്ന്‌ അറിയാനായെന്നും ഇതുവരെ അന്വേഷണങ്ങളൊന്നും ഉണ്ടായില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.


ഇത്തരം കുറ്റകൃത്യങ്ങളുടെ നിരവധി ദൃശ്യങ്ങള്‍ പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലുണ്ട്‌. കുറ്റകൃത്യത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ചെന്നും വാദിച്ചു. പ്രതിയെ മജിസ്‌ട്രേട്ടിനുമുന്നില്‍ ഹാജരാക്കിയത് മാധ്യമശ്രദ്ധ വന്നശേഷംമാത്രമാണ്‌. ഇത് സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണെന്നും പ്രോസിക്യൂഷൻ ചോദിച്ചു. പ്രതിയുടെ കുടുംബത്തിന് കോടതി നോട്ടീസ് അയച്ചു.


ജഡ്ജിക്ക് എംവിഡിയുടെ നോട്ടീസ്


അപകടത്തിനിടയാക്കിയ ബെൻസ്‌ കാറിന്റെ ഉടമയായ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ ജഡ്‌ജി ടി റിനോ ഫ്രാൻസിസ്‌ സേവ്യറിന്‌ മോട്ടോർ വാഹനവകുപ്പ് നോട്ടീസ് അയച്ചു. രജിസ്‌റ്റേർഡ്‌ തപാലിലൂടെ അയച്ച നോട്ടീസിന് ഏഴ് ദിവസത്തിനകം നേരിട്ടോ ദൂതൻ വഴിയോ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.


ജഡ്‌ജിയുടെ വിശദീകരണം ലഭിച്ചശേഷമായിരിക്കും കാറിന്റെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള തുടർനടപടികളിലേക്ക് മോട്ടോർ വാഹനവകുപ്പ് കടക്കുക. പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് വാഹനം ഓടിക്കാൻ നൽകിയതിന്‌ കാറിന്റെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാൻ നടപടി സ്വീകരിക്കും. അപകടമുണ്ടാക്കിയ പതിനേഴുകാരന് 25 വയസ്സ് തികയുന്നതുവരെ ഡ്രൈവിങ് ലൈസൻസ് അനുവദിക്കില്ലെന്നും മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കിയിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home