ഐക്യകേരളം: ജനാധിപത്യത്തിന്റെ ഭൂമിക

ഡോ. എം എ സിദ്ദീഖ്
Published on Oct 29, 2026, 08:24 AM | 2 min read
നവംബർ ഒന്നിന് കേരളത്തിന്റെ 70ാം പിറന്നാളാണ്. കേരളപ്പിറവി എന്നത് ഒരേ ഭാഷസംസാരിക്കുന്ന ജനതയുടെ സ്വാഭാവികമായ ഒരുമിച്ചുചേരൽ മാത്രമായിരുന്നില്ല; അത് ജനാധിപത്യവും സ്വാതന്ത്ര്യവും സ്ഥാപിച്ചുകിട്ടുന്നതിന് ഒരു ജനത നടത്തിയ പോരാട്ടങ്ങളുടെയും ഫലമാണ്
1947 ആഗസ്ത് 15ന് ഇന്ത്യ ബ്രിട്ടീഷ് അടിമത്തത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയെങ്കിലും 1956 നവംബർ ഒന്നിനാണ് കേരളസംസ്ഥാനം രൂപീകൃതമായത്. പാർലമെന്റ് പാസാക്കിയ സംസ്ഥാനപുനഃസംഘടനാനിയമത്തിന്റെ ഫലമായിരുന്നു കേരളസംസ്ഥാനത്തിന്റെയും രൂപീകരണം. ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കാനുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ,സർക്കാർ രൂപീകരിച്ച കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാർലമെന്റ് ആ നിയമം പാസാക്കിയത്. ആന്ധ്രയിൽ പോറ്റി ശ്രീരാമലു ഈ പ്രക്ഷോഭങ്ങളുടെ ഭാഗമായി നിരാഹാരം അനുഷ്ഠിച്ച് രക്തസാക്ഷിയായത് ലോകശ്രദ്ധ നേടി.1956ലെ ആ നിയമത്തിന്റെ ഭാഗമായി തിരു-കൊച്ചിയിൽ നിന്ന് കൽക്കുളം,വിളവങ്കോട്,തോവാള,അഗസ്തീശ്വരം താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും മദ്രാസ് സംസ്ഥാനത്തിന് വിട്ടുകൊടുത്തുകൊണ്ടും മദ്രാസിന്റെ ഭാഗമായിരുന്ന മലബാറും ദക്ഷിണ കർണാടകത്തിലെ കാസർകോട് താലൂക്കും ചേർത്താണ് കേരളം എന്ന സംസ്ഥാനം രൂപംകൊണ്ടത്. ഇതാണ് ഒറ്റനോട്ടത്തിൽ ‘കേരളപ്പിറവി’യുടെ ചരിത്രമെങ്കിലും ഇതുമാത്രമല്ല അതിന്റെ സവിശേഷത. ‘ഐക്യകേരളപ്പിറവി’ എന്നു പറഞ്ഞാലാണ് ആ ചരിത്രം പൂർണമാവുക.
ഐക്യകേരളപ്പിറവി
ഭാഷയുടെ പേരിലാണ് കേരളം ഒന്നായി മാറിയതെങ്കിലും എണ്ണമറ്റ സമരങ്ങളുടെ കഥകളുണ്ട് ഐക്യകേരളപ്പിറവിയുടെ പിന്നിൽ.രാജാധിപത്യവും ബ്രിട്ടീഷ് കൊളോണിയലിസവും അവസാനിപ്പിച്ച് നാടിനെ ജനാധിപത്യപാതയിലേക്ക് കൊണ്ടുവരുന്നതിനുള്ള സമരങ്ങളായിരുന്നു അവ.
തിരുവിതാംകൂർ ,കൊച്ചി ,മലബാർ എന്ന് മൂന്നായി മുറിഞ്ഞുകിടക്കുകയായിരുന്നു കേരളം. ഇതിൽ മലബാർ നേരിട്ട് ബ്രിട്ടീഷ് ഭരണത്തിലും തിരുവിതാംകൂറും കൊച്ചിയും രാജഭരണത്തിലുമായിരുന്നു. 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും ഒന്നായിച്ചേർന്ന് തിരു-കൊച്ചിസംസ്ഥാനം രൂപം കൊണ്ടെങ്കിലും മലബാർ കൂടിച്ചേർന്ന് കേരളം എന്ന ഒറ്റ സംസ്ഥാനം രൂപപ്പെടാൻ പിന്നെയും കാത്തിരിക്കേണ്ടിവന്നു.
ഐക്യത്തിനായി ആഹ്വാനങ്ങൾ
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ദേശീയസ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് ഐക്യകേരളത്തിനായുള്ള ആഹ്വാനങ്ങൾ ഉയർന്നുതുടങ്ങിയത്. കേരളജനതയെ ഒറ്റ ജനതയായും കേരളത്തെ മുഴുവൻ ഒറ്റ ഭൂമിശാസ്ത്രമേഖലയായും അണിനിരത്താൻ കഴിഞ്ഞാൽ അത് സ്വാതന്ത്ര്യസമരപ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയായിത്തീരും എന്നു മനസിലാക്കിയ നേതാക്കന്മാരാണ് ഈ ആഹ്വാനം ഉയർത്തിയവർ. പതിയെപ്പതിയെ ഈ ആവശ്യം കേരളം മുഴുവൻ പടർന്നു.1928ൽ എറണാകുളത്തു കൂടിയ നാട്ടുരാജ്യപ്രജാസമ്മേളനത്തിലും അതേകൊല്ലം നടന്ന പയ്യന്നൂർ കോൺഗ്രസ് സമ്മേളനത്തിലും ഐക്യകേരളപ്രമേയം അവതരിപ്പിച്ചു. രണ്ടിടത്തും ജവഹർലാൽ നെഹ്റുവായിരുന്നു അധ്യക്ഷൻ. ഐക്യകേരളത്തിനുവേണ്ടി ആഹ്വാനം മുഴക്കിക്കൊണ്ടുള്ള വലിയസമ്മേളങ്ങൾ 1947 ഏപ്രിലിൽ തൃശ്ശൂരും 1949 ഫെബ്രുവരിയിൽ ആലുവായിലും നടന്നു.
കേരളം: മലയാളികളുടെ മാതൃഭൂമി
ഈ ആഹ്വാനങ്ങളെ ജനകീയമാക്കിമാറ്റിയത് പുരോഗമനസാമൂഹിക പ്രസ്ഥാനങ്ങളും അവയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളുമാണെന്ന് കാണാൻ കഴിയും.ഐക്യകേരള സംവാദത്തെ സജീവമാക്കിയതിൽ വലിയ പങ്കുവഹിച്ച പുസ്തകമാണ് 1948-ൽ ഇ എം എസ് എഴുതിയ ‘കേരളം:മലയാളികളുടെ മാതൃഭൂമി’. ഐക്യകേരളപ്രസ്ഥാനം ശക്തമാക്കുന്നതിനും കേരളീയതയെക്കുറിച്ച് പുതിയ അവബോധം ഉളവാക്കുന്നതിനും പുസ്തകത്തിനു കഴിഞ്ഞു.ആ പേരു തന്നെ അതിന്റെ രാഷ്ട്രീയം വിളിച്ചുപറയുന്നതാണ്. ജാതി-മതാതീതമായി ജനതയെ അണിനിരത്തുന്ന ഒരു മുദ്രാവാക്യം തലക്കെട്ടിൽ കാണാം. കേരളം എങ്ങനെയാണ് ഐക്യകേരളത്തിലേയ്ക്ക് നടന്നടുത്തതെന്ന് കൃതിയിലൊരിടത്ത് ഇ എം എസ് സൂചിപ്പിക്കുന്നുണ്ട്.
“ഔപചാരികമായിട്ടെങ്കിലും സ്വാതന്ത്ര്യവും ജനാധിപത്യവുമനുവദിക്കാൻ ബ്രിട്ടീഷ് സാമ്രാജ്യാധികാരികളെയും നാട്ടുരാജാക്കന്മാരെയും നിർബന്ധിച്ച ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിൽ അഭിമാനാവഹമായ ഒരു പങ്കാണ് കേരളം വഹിച്ചിട്ടുള്ളത്. അവസാനം സമുദായ ലഹളയായി മാറിയെങ്കിലും ബ്രിട്ടീഷ് ഭരണത്തിനെതിരായ സായുധസമരമെന്ന നിലയ്ക്കു തുടങ്ങിയ 1921 ലെ മലബാർ ലഹള; 1930–-32 ലും 1940–-42 ലും നടന്ന കോൺഗ്രസ് സമരങ്ങൾ; 1940 സെപ്തംബർ 15ന്റെ ചെറുത്തുനിൽപ്പും കയ്യൂർ സംഭവവും; 1938 ലെ തിരുവിതാംകൂർ സമരം; 1946 ലെ പുന്നപ്ര-വയലാർ സമരം; വടക്കേ മലബാറിലെയും അന്തിക്കാട്ടെയും മറ്റും തൊഴിലാളി-കർഷകസമരങ്ങൾ- ഇവ ഓരോന്നും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ പ്രാധാന്യമർഹിക്കുന്ന സംഭവങ്ങളാണ്. മറ്റു ജനവിഭാഗങ്ങളെപ്പോലെ മലയാളികളും സ്വതന്ത്രവും ജനാധിപത്യപരവുമായ ഒരു പുതിയ ഇന്ത്യയ്ക്കു വേണ്ടിയുള്ള സമരത്തിൽ അങ്ങേയറ്റം വിപ്ലവപരമായും ത്യാഗമനോഭാവത്തോടുകൂടിയും പ്രവർത്തിക്കാൻ തയ്യാറുണ്ടെന്നു തെളിയിക്കുന്ന സംഭവങ്ങളാണിവ.”
ജനതയുടെ പോരാട്ടം
ഐക്യകേരളത്തിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായതും ഇ എം എസായിരുന്നു. ഒട്ടും യാദൃഛ്ചികമായിരുന്നില്ല ജനങ്ങളുടെ ആ തെരഞ്ഞെടുപ്പ് എന്നാണ് ഈ പുസ്തകവും അതിലെ ഈ വിലയിരുത്തലും നമുക്ക് മനസിലാക്കിത്തരുന്നത്. അതുകൊണ്ടാണ് തുടക്കത്തിൽ പറഞ്ഞത് , കേരളപ്പിറവി എന്നത് ഒരേ ഭാഷ സംസാരിക്കുന്ന ജനതയുടെ സ്വാഭാവികമായ ഒരുമിച്ചുചേരൽ മാത്രമായിരുന്നില്ല; അത് ജനാധിപത്യവും സ്വാതന്ത്ര്യവും സ്ഥാപിച്ചുകിട്ടുന്നതിന് ഒരു ജനത നടത്തിയ പോരാട്ടങ്ങളുടെ കൂടി ഫലമാണെന്ന്.









0 comments