ചേരാനല്ലൂർ അപകടം; ജഡ്‌ജി മുൻകൂർ ജാമ്യം തേടി

അപകടമുണ്ടാക്കിയ കാർ, മരിച്ച ജയബാലകൃഷ്ണൻ
കൊച്ചി : ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് തട്ടുകടയുടമ ജയബാലകൃഷ്‌ണൻ മരിച്ച കേസിൽ കാറുടമയായ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ ജഡ്‌ജി മുൻകൂർ ജാമ്യം തേടി. ടി റിനോ ഫ്രാൻസിസ് സേവ്യറാണ് ഹൈക്കോടതിയെ സമീപിച്ചത്. അപേക്ഷ വ്യാഴാഴ്‌ച പരിഗണിക്കും. കേസിൽ ഇന്നലെ ജഡ്‌ജിയെ ജില്ലാ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. എറണാകുളം പൊലീസ് ക്ലബ്ബിൽ വച്ചായിരുന്ന ചോദ്യംചെയ്യൽ. മകൻ കാറോടിക്കുമെന്ന് അറിയില്ലായിരുന്നുവെന്നാണ് ജഡ്ജി പറഞ്ഞത്.
ചൊവ്വാഴ്ച രാവിലെ അന്വേഷകസംഘം ആലുവയിലെ ഫ്ലാറ്റിൽ എത്തി പ്രതിയുടെയും അമ്മയുടെയും മൊഴിയെടുത്തിരുന്നു. കാർ അമിതവേഗത്തിലല്ലായിരുന്നെന്നും മഴയുണ്ടായിരുന്നെന്നും സംഭവസ്ഥലത്ത് വെള്ളക്കെട്ടുണ്ടായെന്നുമാണ് പതിനേഴുകാരന്റെ മൊഴി. ജയബാലകൃഷ്‌ണൻ സഞ്ചരിച്ച സ്‌കൂട്ടർ കണ്ടില്ല. ആദ്യമായാണ് വാഹനം ഓടിക്കുന്നതെന്നും യൂട്യൂബ് നോക്കിയാണ് ഡ്രൈവിങ് പഠിച്ചതെന്നടക്കമുള്ള മൊഴികൾ ആവർത്തിച്ചു. മകൻ വാഹനം കൊണ്ടുപോയത് അറിഞ്ഞില്ലെന്നുമായിരുന്നു അമ്മയുടെ മൊഴി.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം. 17കാരൻ ഓടിച്ച ബെൻസ് ഇടിച്ച് തട്ടുകടയുടമ ജയബാലകൃഷ്‌ണനാണ് മരിച്ചത്. ചെരാനല്ലൂർ മാരാത്ത് ബസ് സ്‌റ്റോപ്പിനുസമീപം പുലർച്ചെ 2.20നായിരുന്നു അപകടം. റിനോയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. അമിതവേഗത്തിൽ ഓടിച്ച കാർ നിയന്ത്രണംവിട്ടതാണ് അപകടകാരണമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയിലെ കണ്ടെത്തൽ. വാഹനത്തിന് സാങ്കേതിക തകരാറുകൾ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം ജഡ്ജിയുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 17കാരൻ ഉപയോഗിച്ചിരുന്ന ആഡംഹര ബൈക്കും കണ്ടെത്തിയിരുന്നു.








0 comments