തുരങ്കപാതയെന്ന സ്വപ്‌നത്തിന് ദൂരം കൂടും; ടണൽമാന്റെ സേവനം മതിയാക്കി

ടണല്‍മാന്‍ കെ പി പുരുഷോത്തമന്
ഒ വി സുരേഷ്
Published on Oct 29, 2026, 08:06 AM | 1 min read
തിരുവനന്തപുരം: വയനാട് തുരങ്കപാത നിർമാണത്തിന് മേൽനോട്ടം വഹിച്ചിരുന്ന കിഫ്ബി പ്രോജക്ട് അപ്രെയ്‌സൽ ഡിവിഷൻ എസ്‌കിക്യുട്ടിവ് ഡയറക്ടർ കെ പി പുരുഷോത്തമന്റെ കരാർ പുതുക്കാൻ സർക്കാർ തയ്യാറാകാത്തതോടെ തുരങ്കപാത നിർമാണം പ്രതിസന്ധിയിലാകും. റോഡുകൾ, പാലങ്ങൾ എന്നിവയുടെ നിർമാണത്തിലും പരിപാലനത്തിലും അപാരമായ അനുഭവപരിചയമുള്ള രാജ്യം ആദരിച്ച ടണൽമാന്റെ സേവനമാണ് സർക്കാർ വേണ്ടെന്നുവച്ചത്.
ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ മുൻ അഡീഷനൽ ഡയറക്ടർ ജനറൽ കെ പി പുരുഷോത്തമനെ 2021ൽ കിഫ്ബിയിലേക്ക് കൊണ്ടുവരുന്നത് കഴിവുകൾ കേരളത്തിനായി ഉപയോഗപ്പെടുത്താനായിരുന്നു. വയനാട് തുരങ്കപാത എന്ന സ്വപ്‌നം സാക്ഷാൽകരിക്കാൻ ടണൽമാനെ ഉപയോഗപ്പെടുത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. റോഡ്, പാലം, ടണൽ നിർമാണ മേഖലയിൽ മാത്രം 33 വർഷത്തെ പ്രവൃത്തിപരിചയമുണ്ട്. 5000 കിലോമീറ്ററിലേറെ റോഡുകളുടെ നിർമാണത്തിൽ പങ്കാളിത്തവും നേതൃത്വവും വഹിച്ചു. 2020ൽ ഉദ്ഘാടനം ചെയ്ത ഹിമാചൽപ്രദേശ് റോത്തങ്ങിലെ 9.02 കിലോമീറ്റർ നീളമുള്ള അടൽ ടണലിന്റെ നിർമാണത്തിനും നേതൃത്വം കൊടുത്തു. പതിനായിരം അടിക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും നീളംകൂടിയ ടണൽ ആണിത്. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പരം വിശിഷ്ട് സേവാ മെഡൽ, വിശിഷ്ട് സേവാ മെഡൽ എന്നിങ്ങനെ നൽകി രാജ്യം ആദരിച്ചിട്ടുമുണ്ട്.
പദ്ധതി മൂല്യനിർണയം, നിർവഹണം എന്നിവയിൽ സീനിയർ മാനേജ്‌മെന്റിനെ സഹായിക്കാനാണ് അദ്ദേഹത്തെ കിഫ്‌ബിയിൽ നിയമിച്ചത്. ആനക്കാംപൊയിൽ–കള്ളാടി തുരങ്കപാതയുടെ നിർമാണമേൽനോട്ടമായിരുന്നു പ്രധാനചുമതല. പദ്ധതി നിർത്തിവയ്‌ക്കപ്പെട്ട സാഹചര്യത്തിൽ അദ്ദേഹത്തിന്റെ കരാർ പുതുക്കാൻ സർക്കാർ തയ്യാറാകാതിരിക്കുകയായിരുന്നു. കിഫ്‌ബിയോടുള്ള സർക്കാരിന്റെ പൊതുസമീപനത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. കഴിഞ്ഞദിവസം അദ്ദേഹത്തിന് കിഫ്‌ബി യാത്രയയപ്പുനൽകി.








0 comments