Deshabhimani

നോർക്ക കെയർ പ്രീമിയം വർധന: പ്രവാസലോകത്ത്‌ കടുത്ത പ്രതിഷേധം

norka care
വെബ് ഡെസ്ക്

Published on Oct 29, 2026, 08:32 AM | 4 min read

മനാമ: പ്രവാസികൾക്ക് ചികിത്സാ പരിരക്ഷ ഉറപ്പാക്കാൻ ഏർപ്പെടുത്തിയ നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം നിരക്കുകൾ കുത്തനെ വർധിപ്പിച്ച സർക്കാർ നടപടിയിൽ കടുത്ത പ്രതിഷേധവുമായി പ്രവാസി സംഘടനകൾ. എൽഡിഎഫ്‌ കൊണ്ടുവന്ന പ്രവാസിക്ഷേമ പദ്ധതി അട്ടിമറിക്കാനുള്ള നീക്കമാണ് യുഡിഎഫ് സർക്കാർ നടപ്പാക്കുന്നതെന്ന്‌ ബഹ്‌റൈൻ പ്രതിഭ ഭാരവാഹികൾ പറഞ്ഞു.


​പ്രവാസി ക്ഷേമം സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന കാഴ്‌ചപ്പാടിന്റെ ഭാഗമായിരുന്നു പദ്ധതി. സ്വകാര്യ ഇൻഷുറൻസ് പരിരക്ഷ ഉപേക്ഷിച്ച് നോർക്ക ഇൻഷുറൻസിൽ അംഗങ്ങളായവർക്ക്‌ ഇരട്ടപ്രഹരമാണ് ഇപ്പോഴത്തെ നിരക്കുവർധന. നോർക്കയുടെ ഉയർന്ന പ്രീമിയം താങ്ങാനാകാതെയും പഴയ സ്വകാര്യ പോളിസിയിലേക്ക് മുൻ വ്യവസ്ഥകളിൽ തിരിച്ചുപോകാനാകുമെന്ന ഉറപ്പില്ലാതെയും പ്രവാസികൾ പ്രതിസന്ധിയിലാണ്. കുറഞ്ഞ വരുമാനക്കാരെയും വിരമിച്ച പ്രവാസികളെയും സംബന്ധിച്ചിടത്തോളം ഇത് താങ്ങാനാകാത്ത ബാധ്യതയാണ്.


​ചികിത്സാപരിരക്ഷ ഏറ്റവും ആവശ്യമായ പ്രായത്തിൽ പ്രീമിയം കുത്തനെ ഉയർത്തുന്നത് മുതിർന്ന പ്രവാസികളെ പദ്ധതിയിൽനിന്ന് പുറത്തേക്കുതള്ളുന്നതിന് തുല്യമാണ്. ​അന്യായ പ്രീമിയം വർധന പിൻവലിക്കുക, പദ്ധതിയുടെ പ്രവാസിക്ഷേമ സ്വഭാവം സംരക്ഷിക്കുക, മുതിർന്നവർക്കും കുറഞ്ഞ വരുമാനക്കാർക്കും സർക്കാർ സഹായത്തോടെ താങ്ങാവുന്ന നിരക്ക് ഉറപ്പാക്കുന്നതിനൊപ്പം നിലവിലെ അംഗങ്ങളുടെ പരിരക്ഷ മുടങ്ങാതെ പോളിസി പുതുക്കാനുള്ള അവസരമൊരുക്കണമെന്നും ബഹ്‌റൈൻ പ്രതിഭ ജനറൽ സെക്രട്ടറി വി കെ സുലേഷ്, പ്രസിഡന്റ് കെ വി മഹേഷ് എന്നിവർ പ്രസ്‌താവനയിൽ വ്യക്തമാക്കി.


മസ്‌കത്ത്‌


പ്രീമിയം നിരക്കുകളിലെ കുത്തനെയുള്ള വർധന സാധാരണക്കാരായ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ-്‌ടിക്കുമെന്ന്‌ കൈരളി ഒമാൻ. വിദേശരാജ്യങ്ങളിൽ വർഷങ്ങളോളം അധ്വാനിച്ച് കുടുംബത്തിന്റെയും നാടിന്റെയും പുരോഗതിക്കായി സംഭാവന നൽകിയ പ്രവാസികൾക്ക് വാർധക്യത്തിലും ആരോഗ്യ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. നിലവിലെ യുഡിഎഫ് സർക്കാർ ഈ പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടപ്പാക്കുന്നത്.


സ്വകാര്യ ഇൻഷുറൻസ് പോളിസി ഉപേക്ഷിച്ച് അംഗങ്ങളായ പ്രവാസികൾക്ക് നിലവിലെ നിരക്കുവർധന താങ്ങാനാകില്ല. സർക്കാർ പിന്തുണയുള്ള ക്ഷേമപദ്ധതിയിൽ വിശ്വാസമർപ്പിച്ചവരെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സാഹചര്യം ഒഴിവാക്കണം. ​ചികിത്സാ പരിരക്ഷ ഏറ്റവും കൂടുതൽ ആവശ്യമായ പ്രായത്തിൽ പ്രീമിയം കുത്തനെ ഉയരുന്നത് മുതിർന്ന പ്രവാസികളെ പദ്ധതിയിൽനിന്ന് പുറത്താക്കുന്ന സാഹചര്യത്തിലേക്ക് നയിക്കരുത്. പ്രീമിയം വർധന പുനപരിശോധിക്കാനും നിലവിലുള്ള അംഗങ്ങൾക്ക് പരിരക്ഷ മുടങ്ങാതെ പോളിസി പുതുക്കാൻ അവസരമൊരുക്കാനും അടിയന്തര നടപടി സ്വീകരിക്കണം. എല്ലാവർക്കും പ്രാപ്യമായ ചികിത്സാ പരിരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് കൈരളി ഒമാൻ അറിയിച്ചു.


ദമ്മാം


ജീവിതച്ചെലവുകളും കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളും നിറവേറ്റാൻ പ്രയാസപ്പെടുന്ന സാധാരണ പ്രവാസികൾക്ക് ഇൻഷുറൻസ് പ്രീമിയം വർധന ഇരുട്ടടിയാണെന്ന്‌ നവോദയ സാംസ-്‌കാരിക വേദി. എൽഡിഎഫ്‌ നടപ്പാക്കിയ ഇൻഷുറൻസ്‌ പദ്ധതി പ്രവാസികളുടെ ക്ഷേമവും ഭാവിസുരക്ഷയും മുൻനിർത്തിയുള്ള നടപടിയായിരുന്നു. പദ്ധതിയിൽ പ്രീമിയമായി വൻതുക ഈടാക്കുന്നത് ഇൻഷുറൻസ് കമ്പനികളുടെ താൽപ്പര്യം സംരക്ഷിക്കാനാണ്‌. സാധാരണ പ്രവാസികളെ പദ്ധതിയിൽനിന്ന് അകറ്റുന്ന പ്രീമിയം വർധന, ഫലത്തിൽ പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമമായി വേണം കരുതാൻ. സാധാരണ പ്രവാസികൾക്കും കുടുംബങ്ങൾക്കും താങ്ങാനാകുന്ന നിരക്കിൽ ഇൻഷുറൻസ് ലഭ്യമാക്കണം. പ്രീമിയം വർധനയുടെ കാരണങ്ങളും പുതുക്കിയ ആനുകൂല്യങ്ങളും വ്യവസ്ഥകളും സുതാര്യമായി വിശദീകരിക്കണം. പ്രവാസികളുടെ ആശങ്ക ഗൗരവത്തോടെ പരിഗണിച്ച് നിരക്ക്‌ വർധന പുനപരിശോധിക്കണമെന്ന് നവോദയ സാംസ-്‌കാരിക വേദി കിഴക്കൻ പ്രവിശ്യ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.


​റിയാദ്


എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ഇൻഷുറൻസ്‌ പദ്ധതിയിൽ പ്രീമിയം കുത്തനെ ഉയർത്തിയതോടെ ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ ആരോഗ്യസുരക്ഷ ആശങ്കയിലാണെന്ന്‌ റിയാദ്‌ കേളി കലാസാംസ്‌കാരിക വേദി. പദ്ധതി പുതുക്കാനുള്ള നടപടികൾ അവസാന നിമിഷംവരെ വൈകിപ്പിച്ചത് വൻനിരക്ക് വർധന നടപ്പാക്കാനായിരുന്നോ എന്ന ചോദ്യം ഉയരുന്നുണ്ട്‌. സാധാരണ പ്രവാസികൾക്ക് താങ്ങാനാകാത്ത നിരക്കുകൾ പദ്ധതിയുടെ അടിസ്ഥാനലക്ഷ്യത്തെ ചോദ്യം ചെയ്യുന്നതാണ്. ​പ്രായപരിധി എടുത്തുകളഞ്ഞുവെന്ന പ്രഖ്യാപനം ഉയർത്തിക്കാട്ടുമ്പോഴും ഉയർന്ന പ്രായത്തിലുള്ളവർക്ക് ഈടാക്കുന്ന പ്രീമിയത്തെക്കുറിച്ച് സർക്കാർ മറുപടി പറയണം. പ്രായം കൂടുന്തോറും രോഗസാധ്യതയും ചികിത്സാചെലവും വർധിക്കുന്ന സാഹചര്യത്തിൽ മുതിർന്ന പ്രവാസികൾക്ക് ഉയർന്ന പ്രീമിയം ചുമത്തുന്നത് അവരെ ആരോഗ്യപരിരക്ഷയിൽനിന്ന് അകറ്റും. പ്രായപരിധി നീക്കിയെന്ന പ്രചാരണത്തിന്റെ മറവിൽ നിരക്കുകൾ കുത്തനെ ഉയർത്തുന്നത് പ്രവാസികളോടുള്ള നീതിയല്ല.


പുതുക്കലിനായി കാത്തിരുന്നവർക്ക് സാമ്പത്തിക ആസൂത്രണം നടത്താനോ മറ്റ് പരിരക്ഷാ മാർഗങ്ങൾ കണ്ടെത്താനോ അവസരം ലഭിച്ചില്ല. തുടർചികിത്സ ആവശ്യമുള്ളവരും കുടുംബാംഗങ്ങളുടെ ആരോഗ്യസുരക്ഷയ-്‌ക്കായി നോർക്ക കെയറിനെ ആശ്രയിച്ചവരും ഇതോടെ ആശങ്കയിലായി. ​സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ ഉയർന്ന നിരക്കുകളിൽനിന്ന് ആശ്വാസം തേടിയ പ്രവാസികൾക്ക് ഇപ്പോഴത്തെ നിരക്കുകൾ ആ പ്രതീക്ഷയ്ക്ക്‌ തിരിച്ചടിയാകുകയാണ്.


ലോക കേരള സഭയുടെ പ്രവർത്തനം അവസാനിപ്പിച്ചതോടെ പ്രവാസികളുടെ ശബ-്‌ദം ഉയർത്താനുള്ള പ്രധാന വേദിയും ഇല്ലാതായി. പ്രവാസികളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും കേട്ട് നയങ്ങൾ രൂപപ്പെടുത്തേണ്ടതിന് പകരം അവരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന തീരുമാനങ്ങളിൽ വ്യക്തതയില്ലാത്ത സമീപനം സ്വീകരിക്കുന്നത് അംഗീകരിക്കാനാകില്ല. പദ്ധതിയുടെ പഴയ നിരക്കുകളും പുതിയ നിരക്കുകളും തമ്മിലുള്ള താരതമ്യം പരസ്യപ്പെടുത്തണം. പ്രീമിയം വർധനയുടെ കാരണം വ്യക്തമാക്കണം. നിലവിലുള്ള അംഗങ്ങൾക്ക് പരിരക്ഷ മുടങ്ങാതിരിക്കാനുള്ള സംവിധാനം ഉറപ്പാക്കുകയും നിരക്കുകൾ താങ്ങാനാവുന്ന രീതിയിൽ പുനക്രമീകരിക്കുകയും വേണമെന്നും കേളി ഭാരവാഹികൾ ആവശ്യപ്പെട്ടു.


ദുബായ്


​നോർക്ക ഇൻഷുറൻസ് പദ്ധതിയിൽ വരുത്തിയ അന്യായ പ്രീമിയം വർധന ഉടൻ പിൻവലിക്കണമെന്ന് ഓർമ ദുബായ്. പ്രവാസി ക്ഷേമപദ്ധതിയെ അട്ടിമറിക്കാനുള്ള നീക്കങ്ങളിൽനിന്നും സർക്കാർ പിന്മാറണം. എൽഡിഎഫ്‌ സർക്കാർ പ്രവാസികൾക്കായി കൊണ്ടുവന്ന ആരോഗ്യ സുരക്ഷാ പദ്ധതി സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാകുന്ന നിരക്കിൽത്തന്നെ നിലനിർത്തേണ്ടതാണ്. എന്നാൽ, നിലവിലെ അനിയന്ത്രിതമായ നിരക്കുവർധന പ്രവാസികളെ കടുത്ത പ്രതിസന്ധിയിലാക്കി.


​സ്വകാര്യ ഇൻഷുറൻസ് ഉപേക്ഷിച്ച് നോർക്കയെ വിശ്വസിച്ച് ചേർന്നവർക്ക് ഈ നിരക്ക് വർധന താങ്ങാനാകില്ല. സ്വകാര്യ കമ്പനികൾക്ക് വേണ്ടി പ്രവാസി ക്ഷേമപദ്ധതിയെ അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കങ്ങളെ ശക്തമായി അപലപിക്കുന്നു. പ്രവാസികൾക്ക്‌ ദുരിതംനൽകുന്ന നടപടികളുമായാണ് യുഡിഎഫ്‌ സർക്കാർ മുന്നോട്ടുപോകുന്നത്. സാധാരണക്കാരായ പ്രവാസികളുടെ ജീവിതവും ആരോഗ്യവും ദുരിതത്തിലാക്കുന്ന നയം ഉടൻ തിരുത്തണം. തീരുമാനം പിൻവലിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഓർമ ദുബായ് പ്രസിഡന്റ്‌ അംബുജക്ഷൻ ജനറൽ സെക്രട്ടറി ഷിജു ബഷീർ എന്നിവർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.


കുവൈത്ത് സിറ്റി


പ്രവാസികൾക്ക്‌ താങ്ങാനാകാത്ത പ്രീമിയം വർധന പിൻവലിച്ച് ചികിത്സാ പരിരക്ഷ ഉറപ്പാക്കണമെന്ന് കല കുവൈത്ത്. ഇടതുപക്ഷ സർക്കാർ നടപ്പാക്കിയ ക്ഷേമപദ്ധതിയെ സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ താൽപര്യങ്ങൾക്കായി അട്ടിമറിക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നത്‌. ​സ്വകാര്യ ഇൻഷുറൻസ് പോളിസികൾ ഉപേക്ഷിച്ച് നോർക്ക കെയറിൽ ചേർന്ന പ്രവാസികളെ നിരക്കുവർധന വലിയ പ്രതിസന്ധിയിലാക്കും. ചികിത്സാ പരിരക്ഷ ഏറ്റവും ആവശ്യമായ പ്രായത്തിൽ മുതിർന്ന പ്രവാസികളെ പദ്ധതിയിൽനിന്ന് അകറ്റുന്ന സാഹചര്യമാണ് സൃഷ-്‌ടിക്കുന്നത്‌. ​ക്ഷേമപദ്ധതികളുടെ ലക്ഷ്യം സാമ്പത്തിക ലാഭമല്ല, സാധാരണക്കാർക്ക് സുരക്ഷയും ആശ്വാസവും നൽകലാണ്‌. ​പ്രീമിയം വർധന പിൻവലിച്ച് മുതിർന്ന പ്രവാസികൾക്കും കുറഞ്ഞ വരുമാനക്കാർക്കും സർക്കാർ സഹായത്തോടെ താങ്ങാവുന്ന നിരക്ക് ഉറപ്പാക്കണം. നിലവിലെ അംഗങ്ങൾക്ക് ചികിത്സാ പരിരക്ഷ മുടങ്ങാതെ പോളിസി പുതുക്കാൻ അവസരമൊരുക്കണം. പ്രവാസി സംഘടനകളുമായി ചർച്ച നടത്തി നോർക്ക കെയറിന്റെ ക്ഷേമസ്വഭാവം സംരക്ഷിക്കണമെന്നും കല കുവൈത്ത് ഭാരവാഹികൾ ആവശ്യപ്പെട്ടു.


പ്രീമിയം വൻതോതിൽ വർധിപ്പിച്ചത് പ്രവാസികളോടുള്ള വെല്ലുവിളിയാണെന്ന് കേരള അസോസിയേഷൻ കുവൈത്ത്. മറുനാട്ടിൽ അധ്വാനിക്കുന്ന സാധാരണക്കാരുടെ മേൽ അടിച്ചേൽപ്പിച്ച അധികബാധ്യത, അവരെ ചികിത്സാ സൗകര്യങ്ങളിൽനിന്ന് അകറ്റും. വർധിപ്പിച്ച പ്രീമിയം പിൻവലിച്ച് സാധാരണക്കാർക്കും ചികിത്സാ പരിരക്ഷ ഉറപ്പാക്കണമെന്നും കേരള അസോസിയേഷൻ പ്രസിഡന്റ് ബിവിൻ തോമസും ജനറൽ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തിലും ആവശ്യപ്പെട്ടു.


നോർക്ക കെയർ നടത്തിപ്പിലെ അനിശ്ചിതത്വം പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന്‌ ഐഎംസിസി കുവൈത്ത്. ​പദ്ധതി തടസ്സമില്ലാതെ തുടരാൻ സർക്കാരും മുഖ്യമന്ത്രിയും ഇടപെടണമെന്നും ഐഎംസിസി ഭാരവാഹികളായ സത്താർ കുന്നിൽ, ഹമീദ് മധൂർ, ഷെരീഫ് താമരശേരി, ഉമ്മർ കൂളിയങ്കാൽ എന്നിവർ ആവശ്യപ്പെട്ടു.


നോർക്ക കെയർ പ്രീമിയത്തിലെ വൻ വർധന പിൻവലിക്കണമെന്ന് പ്രവാസി വെൽഫെയർ കുവൈത്ത്. പ്രായഭേദമന്യേ ഒരേ പ്രീമിയം എന്ന പ്രത്യേകത മാറ്റി പ്രായത്തിനനുസരിച്ച് ഉയർന്ന നിരക്ക് ഈടാക്കുന്നത് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യത്തിന് വിരുദ്ധമാണ്. പോളിസികൾ പഴയ നിരക്കിൽ പുതുക്കാൻ അവസരവും സമയവും അനുവദിക്കണം. നിരക്ക്‌ വർധനയ്‌ക്കെതിരെ പ്രവാസി സംഘടനകൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home