print edition സൈനിക കമാൻഡറുടെ വധം ; തിരിച്ചടിയുണ്ടാകുമെന്ന് ഹിസ്‌ബുള്ള

ഹത്യാം അലി തബ്തായിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര
ബെയ്‌റൂട്ട്
തങ്ങളുടെ രാജ്യത്ത് അതിക്രമിച്ചുകയറി സൈനിക കമാൻഡറെ കൊലപ്പെടുത്തിയ ഇസ്രയേലിന് തിരിച്ചടി നല്‍കുമെന്ന് ലബനനിലെ സായുധസംഘമായ ഹിസ്‌ബുള്ള. വെടിനിർത്തൽ കരാർ നിലനിൽക്കെയുള്ള ഇസ്രയേലിന്റെ നടപടി സർവസീമകളും ലംഘിക്കുന്നതാണെന്നും ഹിസ്‌ബുള്ള വക്താവ് മഹ്‌മൂദ് ഖമേതി അൽ ജസീറയോട് പ്രതികരിച്ചു.
ഞായറാഴ്ച ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ള ചീഫ് ഓഫ് സ്റ്റാഫ് ഹത്യാം അലി തബ്തായി ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടത്. ബഹുനില കെട്ടിടത്തിനുനേരെ നടന്ന ആക്രമണത്തിൽ 28 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണം നടത്തിയ വിവരം ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിക്കുകയും ചെയ്‌തു. കൊല്ലപ്പെട്ട ഹത്യാം അലി തബ്തായിയുടെ ഖബറടക്കം തിങ്കളാഴ്‌ച തെക്കൻ ബെയ്‌റൂട്ടിൽ നടന്നു. 2016ൽ അമേരിക്ക ഹത്യാം അലി തബ്തായിക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 50 ലക്ഷം ഡോളർ വരെ പാരിതോഷികവും വാഗ്‍ദാനം ചെയ്തിരുന്നു.
ഗാസയിൽ 4 പേർകൂടി കൊല്ലപ്പെട്ടു
വെടിനിർത്തൽ കരാർ തുടരുന്പോഴും ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു. തിങ്കളാഴ്‌ച ഗാസയിൽ നാല് പേർ കൊല്ലപ്പെട്ടു. അധിനിവേശ വെസ്‌റ്റ്‌ബാങ്കിൽ നടന്ന ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഗാസയിൽ 24 പേർ കൊല്ലപ്പെട്ടിരുന്നു.









0 comments