അഗ്നിപർവത സ്ഫോടനം: പുകപടലങ്ങൾ ഇന്ത്യയിലും; വിമാനസർവീസുകൾക്ക് നിയന്ത്രണം

ന്യൂഡൽഹി : കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഇത്യോപ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെത്തുടർന്നുണ്ടായ കനത്ത പുകപടലം ഇന്ത്യയിലും പടർന്നു. തുടർന്ന് വിമാനസർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. 12,000 വർഷങ്ങൾക്ക് ശേഷം പൊട്ടിത്തെറിച്ച ഹെയ്‌ലി ഗുബ്ബി അഗ്നിപർവതത്തിൽനിന്നും ഞായർ രാവിലെയാണ് അന്തരീക്ഷത്തിലേക്ക് ചാരത്തിന്റെയും സൾഫർ ഡൈ ഓക്സൈഡിന്റെയും അവശിഷ്ടങ്ങൾ പടർന്നത്. പുകയും ചാരവും യമൻ, വടക്കൻ പാകിസ്ഥാൻ, ഒമാൻ, ഇന്ത്യ എന്നിവിടങ്ങളിലേക്ക് പടരുകയാണ്. ഇതോടെയാണ് വിമാനസർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
തിങ്കളാഴ്ച കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ജിദ്ദയിലേക്കും ദുബായിലേക്കും ഉള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. ഇൻഡിഗോ സർവീസ് 6E1475 (കൊച്ചി ദുബായ്), ആകാശ എയർ ഫ്ലൈറ്റ് QP550 (കൊച്ചി ജിദ്ദ) എന്നിവയാണ് റദ്ദാക്കിയ വിമാനങ്ങൾ.
സാറ്റലൈറ്റ് ദൃശ്യം
അന്തരീക്ഷത്തിൽ ചാരമേഘങ്ങൾ വ്യാപകമായതോടെ, കണ്ണൂരിൽനിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു. 6ഇ 1433 എന്ന വിമാനമാണ് അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടത്. വിമാനം അഹമ്മദാബാദിൽ സുരക്ഷിതമായി ഇറക്കി. ഡൽഹി, ജയ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള കൂടുതൽ വിമാന സർവീസുകൾക്ക് നിയന്ത്രണത്തിന് സാധ്യതയുണ്ട്. സുരക്ഷ മുൻനിർത്തിയാണ് നിയന്ത്രണങ്ങൾ. ഇന്ത്യയുടെ പടിഞ്ഞാറൻ മേഖലകളിലേക്കും പുക വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അന്തരീക്ഷത്തിൽ ചാരം കലർന്ന മേഖലകൾ ഒഴിവാക്കാൻ ഡിജിസിഎ വിമാനക്കമ്പനികളോട് നിർദേശിച്ചു. സംശയാസ്പദമായ സാഹചര്യങ്ങളുണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും നിർദേശമുണ്ട്.










0 comments