ന്യൂയോർക്കിൽ വിനോദസഞ്ചാരികളുമായി പോയ ഹെലികോപ്റ്റർ തകർന്നുവീണു; 6 മരണം

ന്യൂയോർക്ക്: ന്യൂയോർക്കിൽ വിനോദസഞ്ചാരികളുമായി പോയ ഹെലികോപ്റ്റർ ഹഡ്‌സൺ നദിയിൽ തകർന്നുവീണു. ഒരു കുടുംബത്തിലെ അഞ്ച് പേരും പൈലറ്റും അപകടത്തിൽ മരിച്ചു. മരിച്ചവരിൽ മൂന്ന് പേർ കുട്ടികളാണ്. സ്പാനിഷ് വിനോദസഞ്ചാരികൾ യാത്ര ചെയ്ത ഹെലികോപ്റ്ററാണ് തകർന്ന് വീണത്.
ഹെലികോപ്റ്ററിന്റെ പൈലറ്റ്, സീമെൻസ് എക്സിക്യൂട്ടീവ് അഗസ്റ്റിൻ എസ്കോബാർ, ഭാര്യ മെഴ്‌സ് കാംപ്രൂബി മൊണ്ടൽ ഇവരുടെ മൂന്ന് മക്കൾ എന്നിവരാണ് കൊല്ലപ്പെട്ടത്. നാല് പേർ തൽക്ഷണം മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി പ്രാദേശിക ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ന്യൂജേഴ്‌സിയിലെ ജേഴ്‌സി സിറ്റിയുടെ തീരത്തിനടുത്താണ് അപകടമുണ്ടായത്. ബെൽ 206 എന്ന ഹെലികോപ്റ്ററാണ് വിനോദ സഞ്ചാരികളുമായി യാത്ര ചെയ്യുമ്പോൾ നദിയിലേക്ക് വീണത്. വിമാനം ഹഡ്‌സൺ നദിയിൽ പതിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഡൗണ്ടൗൺ സ്കൈപോർട്ടിൽ നിന്ന് ഉച്ചകഴിഞ്ഞ് 3 ഓടെയാണ് ഹെലികോപ്റ്റർ ടേക്ക് ഓഫ് ചെയ്തത്. തുടർന്ന് മാൻഹട്ടൻ തീരത്തേക്ക് പറക്കുകയും അവിടെ നിന്ന് വാഷിംഗ്ടൺ പാലത്തിലേക്ക് പോയതായും ന്യൂയോർക്ക് സിറ്റി പൊലീസ് കമ്മീഷണർ ജെസീക്ക ടിഷ് പറഞ്ഞു. പിന്നീട് ഹെലികോപ്റ്റർ ഡൗണ്ടൗൺ മാൻഹട്ടൻ ഹെലിപോർട്ടിലേക്ക് തിരികെ വരുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് ഹോബോക്കെൻ പിയറിന് സമീപം നദിയിലേക്ക് പതിക്കുകയായിരുന്നു.









0 comments