ബുവലോയ് ചുഴലിക്കാറ്റ്: വിയറ്റ്നാമിൽ 19 മരണം

photo credit: X Vietnam News
ഹാനോയ് : ബുവലോയ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രകൃതി ദുരന്തങ്ങളിൽ വിയറ്റ്നാമിൽ 19 പേർ മരിച്ചു. നിരവധി പേരെ കാണാതായി. ചുഴലിക്കാറ്റ് കഴിഞ്ഞ ദിവസം കര തൊട്ടതിനെത്തുടർന്ന് വിയറ്റ്നാമിൽ മഴയും മണ്ണിടിച്ചിലും വ്യാപകമായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിയറ്റ്നാമിന്റെ പല ഭാഗങ്ങളിലും 30 സെന്റീമീറ്റർ മഴ പെയ്തുവെന്ന് ദേശീയ കാലാവസ്ഥ ഏജൻസി പറഞ്ഞു. മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മഴയെത്തുടർന്ന് മിന്നൽ പ്രളയവും മണ്ണിടിച്ചിലുമുണ്ടായതോടെ സോൺ ലാ, ലാവോ കായ് പ്രവിശ്യകളുടെ വടക്കൻ പർവതനിരകളിൽ നിന്ന് മധ്യ എൻഘെ ആൻ പ്രവിശ്യയിലേക്കുള്ള റോഡുകൾ തകർന്നു. ഇതോടെ വിവിധ പ്രദേശങ്ങൾ ഒറ്റപ്പെട്ടു.
നദികൾ കരകവിഞ്ഞൊഴുകിയത് വടക്കൻ പ്രദേശങ്ങളിൽ വ്യാപകമായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി. യെൻ ബായിയിലെ താവോ നദിയിൽ ഒറ്റരാത്രികൊണ്ട് അപകടകരമായ നിലയിലേക്ക് ജലനിരപ്പ് ഉയർന്നതിനാൽ വീടുകളിലേക്ക് ഒരു മീറ്റർ വരെ ഉയരത്തിൽ വെള്ളം കയറി. നിരവധി പേരെ ഒഴിപ്പിച്ചു. തലസ്ഥാനമായ ഹനോയിയിലെ പല തെരുവുകളും വെള്ളത്തിനടിയിലായി. നഗരത്തിലൂടെ കടന്നുപോകുന്ന റെഡ് റിവറിനു സമീപമുള്ള നിവാസികൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
എട്ട് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ കാണാതായ 13 പേർക്കായി അധികൃതർ ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്ന് സംസ്ഥാന മാധ്യമങ്ങൾ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച മുതൽ മധ്യ ഫിലിപ്പീൻസിൽ ബുവലോയി ചുഴലിക്കാറ്റിനെതുടർന്നുണ്ടായ കെടുതികളിൽ 20 മരണം റിപ്പോർട്ട് ചെയ്തു. ഭൂരിഭാഗവും മുങ്ങിമരണങ്ങളായിരുന്നു. മരങ്ങൾ കടപുഴകി വീണ് നിരവധിയിടങ്ങളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. ഏകദേശം 23,000 കുടുംബങ്ങളെ 1,400ലധികം അടിയന്തര ഷെൽട്ടറുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
തിങ്കളാഴ്ച പുലർച്ചെയാണ് ചുഴലിക്കാറ്റ് വിയറ്റ്നാമിൽ കരതൊട്ടത്. ബുവലോയ് ചുഴലിക്കാറ്റ് കര തൊട്ടതോടെ വിയറ്റ്നാമിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു. എട്ട് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചതായി ദേശീയ കാലാവസ്ഥാ ഏജൻസി അറിയിച്ചു. ചുഴലിക്കാറ്റ് ദുർബലമായി ഉഷ്ണമേഖലാ കൊടുങ്കാറ്റായി ലാവോസിലേക്ക് നീങ്ങി. മഴയിലും വെള്ളപ്പൊക്കത്തിലും പ്രവിശ്യയിലെ പാലങ്ങളും റോഡുകളും ഒലിച്ചുപോയി. ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. വാഹനങ്ങൾ വെള്ളക്കെട്ടിൽ മുങ്ങിപ്പോയി. 17 മത്സ്യത്തൊഴിലാളികളെ കാണാതായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു.
ശക്തമായ കാറ്റിൽ വിയറ്റ്നാമിലെ ദേശീയപാതകളിലെ ഇരുമ്പ് മേൽക്കൂരകളും കോൺക്രീറ്റ് തൂണുകളും തകർന്നു. ഡോങ് ഹോയിയിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ (28 മൈൽ) അകലെയുള്ള ഫോങ് നാ കമ്മ്യൂണിൽ കാറ്റും ശക്തമായ മഴയും അനുഭവപ്പെട്ടതായി താമസക്കാർ പറഞ്ഞു. വടക്കൻ, മധ്യ മേഖലകളിലെ മത്സ്യബന്ധനം നിർത്തിവയ്ക്കുകയും പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു. തീരദേശ നഗരമായ ഡാ നാങിൽ 210,000-ത്തിലധികം ആളുകളെയും വടക്കുള്ള ഹ്യൂവിൽ നിന്ന് 32,000-ത്തിലധികം തീരദേശ നിവാസികളെയും സുരക്ഷിത സ്ഥാനത്തേക് മാറ്റിപ്പാർപ്പിക്കും.
ഞായറാഴ്ച വിയറ്റ്നാമിന്റെ മധ്യ, വടക്കൻ പ്രവിശ്യകളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. വിമാനത്താവളങ്ങൾ എല്ലാം അടച്ചു. വടക്കൻ തീരദേശ പ്രവിശ്യയായ ഹാ ടിൻഹിലാണ് കൊടുങ്കാറ്റ് കര തൊട്ടത്. ഡാനാങ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ നാല് തീരദേശ വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ നിർത്തിവച്ചതായും നിരവധി വിമാന സർവീസുകൾ പുനഃക്രമീകരിച്ചതായും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ശനിയാഴ്ച രാത്രി മുതൽ വിയറ്റ്നാമിലെ മധ്യ പ്രവിശ്യകളിൽ കനത്ത മഴ പെയ്തു.
ഒരു ആഴ്ചയ്ക്കുള്ളിൽ ഏഷ്യയിൽ ആഞ്ഞടിക്കുന്ന രണ്ടാമാത്തെ വലിയ കൊടുങ്കാറ്റാണ് ബുവാലോയ്. വർഷങ്ങളായി ഉണ്ടായതിൽ വച്ച് ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിൽ ഒന്നായ റഗാസ, വടക്കൻ ഫിലിപ്പീൻസിലും തായ്‌വാനിലും 28 പേരുടെ മരണത്തിനിടയാക്കി. തുടർന്ന് ചൈനയിൽ കര തൊട്ട റഗാസ വ്യാഴാഴ്ച വിയറ്റ്നാമിലാണ് ദുർബലമായത്.










0 comments