ഷെയ്ഖ് ഹസീന ഇന്ത്യ–ബംഗ്ലാദേശ് ബന്ധത്തിലെ കരട്; ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി

ധാക്ക : മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യ–ബംഗ്ലാദേശ് ബന്ധത്തിൽ കരടായി മാറിയിരിക്കുകയാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ. ഹസീനയെ തിരിച്ചയക്കാനും അവഗണിക്കാനും കഴിയാതെ ഇന്ത്യ പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ 16ന് ബംഗ്ലാദേശിലേക്ക് മടങ്ങാനാണ് ഹസീനയുടെ പദ്ധതി. എന്നാൽ, 2024ലെ പ്രക്ഷോഭ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട ഹസീന കുറ്റവാളിയാണെന്നും, കുറ്റവാളികളെ കൈമാറുന്ന കരാർ പ്രകാരം വിലങ്ങണിയിച്ചോ കർശന നിരീക്ഷണത്തിലോ മാത്രമേ അവരെ തിരിച്ചെത്തിക്കുകയുള്ളൂവെന്നും കബീർ വ്യക്തമാക്കി. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം മാത്രമേ ഹസീനയ്ക്ക് മടങ്ങാൻ കഴിയൂ എന്ന് കബിർ പറഞ്ഞു.
"അവർ ഒരു കുറ്റവാളിയാണ്. കുറ്റവാളികൾക്ക് ഒരു നയവും സാധാരണ പൗരന്മാർക്ക് മറ്റൊരു നയവുമാണ്. അവർ ക്രിമിനൽ വിഭാഗത്തിൽ പെടുന്നു. കൈമാറൽ ഉടമ്പടിയിലൂടെ മാത്രമേ അവരെ രാജ്യത്തേക്ക് കടക്കാൻ അനുവദിക്കുകയുള്ളൂ." കബീർ വ്യക്തമാക്കി.
ഹസീനയുടെ മടക്കവും അവരെ വിട്ടുകിട്ടണമെന്ന ബംഗ്ലാദേശിന്റെ ആവശ്യവും വെവ്വേറെയായി കാണണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഹസീന പുറത്താക്കപ്പെട്ടതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. പുതിയ പ്രധാനമന്ത്രി താരിഖ് റഹ്‌മാൻ ഇതുവരെ ഇന്ത്യ സന്ദർശിച്ചിട്ടില്ല.









0 comments