തലച്ചോറും ശരീരഭാഗങ്ങളും വിറ്റു; ഹാർവാർഡിലെ മുൻ മോർച്ചറി മാനേജർക്ക് 8 വർഷം തടവ്

പെൻസിൽവാനിയ: മനുഷ്യന്റെ തലച്ചോറ്, ചർമ്മം, കൈകൾ, മുഖം മുതൽ നിരവധി അവയവങ്ങൾ മോഷ്ടിച്ച് കരിഞ്ചന്തയിൽ വിറ്റ ഹാർവാർഡ് മെഡിക്കൽ സ്കൂൾ മോർച്ചറിയിലെ മുൻ മാനേജർക്ക് എട്ടു വർഷം തടവുശിക്ഷ. 58കാരനായ സെഡ്രിക് ലോഡ്ജിനെയാണ് കോടതി ശിക്ഷിച്ചത്. കുറ്റകൃത്യത്തിൽ പങ്കാളിയായ ഇയാളുടെ ഭാര്യ സെഡ്രിക് ലോഡ്ജിന് ഒരു വർഷത്തെ തടവുശിക്ഷയും ലഭിച്ചു.
മെഡിക്കൽ ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമായി ഹാർവാർഡിലേക്ക് സംഭാവന ചെയ്ത മൃതദേഹങ്ങളിൽ നിന്നാണ് സെഡ്രിക് അവയവങ്ങൾ മോഷ്ടിച്ച വിൽപ്പന നടത്തിയത്. 2018 മുതൽ 2020 മാർച്ച് വരെ, അക്കാദമിക് ആവശ്യങ്ങൾക്കായി നൽകിയ മൃതദേഹങ്ങളിലെ മനുഷ്യ അവയവങ്ങളാണ് കടത്തിയത്.
പഠന ആവശ്യങ്ങൾക്ക് ഉപയോഗിച്ച ശേഷം ദഹിപ്പിക്കാനോ കുഴിച്ചുമൂടാനോ അല്ലെങ്കിൽ ദാനം ചെയ്യുമ്പോഴുള്ള കരാർ പ്രകാരം ബന്ധുക്കൾക്ക് തിരികെ നൽകാനോ വേണ്ടി സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളാണ് സെഡ്രിക് ദുരുപയോഗം ചെയ്തത്. ഹാർവാർഡ് അധികൃതരുടെയോ മൃതദേഹങ്ങൾ ദാനം ചെയ്തവരുടെ ബന്ധുക്കളുടെയോ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു മോർച്ചറി മാനേജറുടെ നീക്കങ്ങൾ.
മോർച്ചറിയിൽ നിന്ന് മോഷ്ടിച്ച അവശിഷ്ടങ്ങൾ ന്യൂ ഹാംഷെയറിലെ ഗോഫ്‌സ്‌ടൗണിലുള്ള വീട്ടിലേക്ക് കൊണ്ടുപോയ ശേഷമായിരുന്നു ഇയാൾ വില്പന നടത്തിയിരുന്നത്. വീട്ടിലെത്തിച്ച ഭാഗങ്ങൾ ലോഡ്ജും ഭാര്യ സെഡ്രികും ചേർന്നാണ് ആവശ്യക്കാർക്ക് നൽകിയിരുന്നത്. ലക്ഷങ്ങളുടെ കച്ചവടമാണ് ഇങ്ങനെ നടന്നതിയതെന്നാണ് കണ്ടെത്തൽ. കുറ്റസമ്മതം നടത്തിയതിനു പിന്നാലെ 2023 മേയിൽ ഇയാളെ ജോലിയിൽ നിന്നു പിരിച്ചുവിടുകയായിരുന്നു.










0 comments