ഏറ്റവും പ്രായം കുറഞ്ഞ ബന്ദിയുടെ അച്ഛൻ ഉൾപ്പെടെ മൂന്ന് പേരെ ഹമാസ് മോചിപ്പിച്ചു

Photo credit: X
ടെൽ അവീവ്: ഗാസ വെടി നിർത്തലിന്റെ ഭാഗമായുള്ള നാലാം ഘട്ട ബന്ദി കൈമാറ്റം നടന്നു. ഹമാസ് ബന്ദിയാക്കിയ ഏറ്റവും പ്രായംകുറഞ്ഞ കുഞ്ഞിന്റെ അച്ഛൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇന്ന് നടന്ന ബന്ദി കൈമാറ്റത്തിൽ ഹമാസ് മോചിപ്പിച്ചത്. ഒമ്പത് മാസം പ്രായമുള്ളപ്പോൾ ഇസ്രയേലിൽ നിന്ന് ഹമാസ് ബന്ദിയാക്കിയ കിഫിറിന്റെ അച്ഛൻ യാർഡൻ ബിബാസി (34)നെയും രണ്ട് അമേരിക്കൻ പൗരന്മാരെയുമാണ് മോചിപ്പിച്ചത്. കാൽഡെറോൺ (53), കീത്ത് സീഗൽ (65) എന്നിവരാണ് യാർഡൻ ബിബാസിനൊപ്പം വിട്ടയച്ച മറ്റ് രണ്ട് പേർ. 2023 ഒക്ടോബർ 7നാണ് ഇവർ ഹമാസിന്റെ പിടിയിലാകുന്നത്. യാർഡനൊപ്പം ഒമ്പത് മാസം പ്രായമുള്ള കിഫിറിനെയും നാല് വയസ്സുള്ള സഹോദരി ഏരിയലിനെയും അമ്മ ഷിമരിയെയും ബന്ദികളാക്കിയിരുന്നു. എന്നാൽ ഇവരെക്കുറിച്ച് ഒരു വിവരവും ഹമാസ് പുറത്ത് വിട്ടിട്ടില്ല.
കാൽഡെറോണിനെയും യാർഡൻ ബിബാസിയെയുമാണ് ആദ്യം റെഡ് ക്രോസിന് കൈമറിയത്. പിന്നീട് കീത്ത് സീഗലിനെയും വിട്ടയക്കുകയായിരുന്നു. ഇവരെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇസ്രയേലിൽ എത്തിക്കും. ഇന്ന് മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഇസ്രയേലിന് ലഭിച്ചതായി നേരത്തെ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. ബന്ദി കൈമാറ്റത്തിന്റെ ഭാഗമായി 183 പലസ്തീൻ തടവകാരെ ഇസ്രയേലും മോചിപ്പിക്കും. ഇതിൽ 25 പേരെ വെസ്റ്റ് ബാങ്കിൽ എത്തിച്ചതായി ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തു. റഫ അതിർത്തി ക്രോസിംഗ് വീണ്ടും തുറന്നതിന് ശേഷം വൈദ്യചികിത്സ ആവശ്യമുള്ള പലസ്തീൻകാരെ ഗാസയിൽ നിന്ന് ഈജിപ്തിലേക്ക് മാറ്റിയതായാണ് വിവരം.
ജനുവരി 19നാണ് ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നത്. 15 മാസം നീണ്ടുനിന്ന യുദ്ധത്തിനാണ് ഇതോടെ അറുതി വന്നത്. കരാർ നിലവിൽ വന്നതിന് ശേഷമുള്ള ആദ്യ ഘട്ട ബന്ദി കൈമാറ്റത്തൽ മൂന്ന് പേരെയാണ് ഹമാസ് വിട്ടയച്ചത്. ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാറിന്റെ ഏഴാം ദിവസത്തിൽ നാല് ബന്ദികളെയും മൂന്നാം ഘട്ടത്തിൽ എട്ട് പേരെയും ഹമാസ് വിട്ടയച്ചിരുന്നു. ഹമാസ് ബന്ദികളാക്കിയ 250 പേരിൽ ജീവിച്ചിരിക്കുന്ന 100 പേരെയാണ് വെടിനിർത്തലിന്റെ ഭാഗമായി പല ഘട്ടങ്ങളായി വിട്ടയക്കുന്നത്.








0 comments