print edition ഹജ്ജ് കർമങ്ങൾക്ക് തുടക്കം; അറഫ സംഗമം ഇന്ന്

ഹജ്ജ് തീർഥാടനത്തിന് മുന്നോടിയായി കഅബയ്ക്ക് ചുറ്റും ലക്ഷക്കണക്കിന് വിശ്വാസികൾ പ്രാര്‍ഥനയില്‍
മക്ക: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിന് തീർഥാടകർ മിനായിലേക്ക് ഒഴുകിയെത്തിയതോടെ ഹജ്ജ് കർമങ്ങൾക്ക് ഔദ്യോഗിക തുടക്കം. ചൊവ്വാഴ്‌ചയാണ് അറഫ സംഗമം.
182 രാജ്യങ്ങളിൽ നിന്നായി 18 ലക്ഷത്തോളം തീർഥാടകർ അറഫാ മൈതാനിയിൽ സംഗമിക്കും. തിങ്കളാഴ്ച പുലർച്ചെ മുതൽ തീർഥാടകർ തമ്പുകളുടെ നഗരിയായ മിനായിലേക്ക് പ്രവാഹം തുടങ്ങിയിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മിനായിൽനിന്ന് അറഫയിലേക്ക് നീങ്ങും.
ഉച്ചയ്‌ക്ക് നമിറാ പള്ളിയിൽ അറഫാ പ്രഭാഷണം. സൗദിയിലെ പ്രമുഖ പണ്ഡിതനും മദീനയിലെ മസ്ജിദുന്നബവിയിലെ ഇമാമുമായ ഷെയ്ഖ് അബ്ദുറഹ്‌മാൻ അൽ ഹുദൈഫി ഖുതുബ (പ്രഭാഷണം) നിർവ്വഹിക്കും.
തീർഥാടകർ അസ്‌തമയത്തോടെ മുസ്ദലിഫയിലേക്ക് നീങ്ങും. ബുധനാഴ്ച രാവിലെ വീണ്ടും മിനായിൽ തിരിച്ചെത്തും. അവിടെ മൂന്ന് ദിവസത്തെ രാപ്പാർപ്പും ബലി കർമവും ജംറകളിലെ കല്ലേറും പൂർത്തിയാക്കുന്നതോടെ ഹജ്ജ് കർമങ്ങൾക്ക് സമാപനമാകും. ബുധനാഴ്ച സൗദിയുൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ ആഘോഷിക്കും.








0 comments