print edition എച്ച്-1ബി വിസ 3 വർഷം വിലക്കാൻ യുഎസ് ബിൽ

വാഷിങ്‌ടൺ: ഇന്ത്യൻ ഐടി ജീവനക്കാരും ഇന്ത്യൻ ടെക് കമ്പനികളും വൻതോതിൽ പ്രയോജനപ്പെടുത്തുന്ന എച്ച്-1ബി വിസ മൂന്ന് വർഷത്തേക്ക് നിർത്തിവയ്ക്കാൻ നിർദേശിക്കുന്ന ബിൽ യുഎസ് കോൺഗ്രസിൽ അവതരിപ്പിച്ചു. അമേരിക്കൻ തൊഴിലാളികൾക്ക് പകരം കുറഞ്ഞ വേതനത്തിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ എച്ച്-1ബി വിസ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് റിപ്പബ്ലിക്കൻ പ്രതിനിധികളുടെ നീക്കം.
പ്രതിവർഷം അനുവദിക്കുന്ന വിസകളുടെ എണ്ണം 65,000ൽനിന്ന് 25,000 ആയി കുറയ്‌ക്കണമെന്നും എച്ച്-1ബി വിസക്കാർക്ക് കുറഞ്ഞത് രണ്ട് ലക്ഷം ഡോളർ വാർഷിക ശമ്പളം ഉറപ്പാക്കണമെന്നും ആശ്രിതരെ അമേരിക്കയിൽ കൊണ്ടുവരുന്നത് വിലക്കണമെന്നും ബില്ലിൽ നിർദേശിക്കുന്നു. ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ വിസ നൽകുന്ന രീതി നടപ്പാക്കണം, വിദേശ തൊഴിലാളികളെ നിയമിക്കുംമുമ്പ് യോഗ്യരായ അമേരിക്കാരില്ലെന്ന് കമ്പനികൾ സാക്ഷ്യപ്പെടുത്തണം, എച്ച്-1ബി വിസയിലുള്ളവർ ഒന്നിലധികം ജോലി ചെയ്യുന്നത് തടയണം തുടങ്ങിയ കർശന നിർദേശങ്ങളും ബില്ലിലുണ്ട്.
നിലവിൽ അമേരിക്കയിൽ അനുവദിക്കുന്ന എച്ച്-1ബി വിസകളിൽ 70 ശതമാനവും ലഭിക്കുന്നത് ഇന്ത്യക്കാരായ ഐടി ജീവനക്കാർക്കും ഡോക്‌ടർമാർക്കുമാണ്. ബിൽ പാസ്സായാൽ അമേരിക്കയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾ നേരിടുന്ന മത്സരം രൂക്ഷമാകും. വിസ ലഭിക്കാൻ സാധ്യത കുത്തനെ കുറയും.
പ്രതിവർഷം കുറഞ്ഞത് 2 ലക്ഷം ഡോളർ (ഏകദേശം 1.6 കോടി രൂപ) ശമ്പളം നൽകണമെന്ന വ്യവസ്ഥ ഇന്ത്യൻ കമ്പനികൾക്ക് വലിയ ബാധ്യതയുണ്ടാക്കും. വിദേശ വിദ്യാർഥികൾക്ക് പഠനശേഷം അമേരിക്കയിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന ഓപ്ഷണൽ പ്രാക്‌ടിക്കൽ ട്രെയിനിങ് അവസാനിപ്പിക്കണമെന്നും ബില്ലിൽ നിർദേശമുണ്ട്. റിപ്പബ്ലിക്കൻ പാർടി അംഗമായ എലി ക്രെയിൻ ആണ് എൻഡ് എച്ച്-1ബി വിസ അബ്യൂസ് ആക്ട് 2026 അവതരിപ്പിച്ചത്.










0 comments