ലാറ്റിനമേരിക്ക ആരുടെയും 
പിൻമുറ്റമല്ല : ചൈന

guo jiakun
വെബ് ഡെസ്ക്

Published on Aug 27, 2025, 03:12 AM | 1 min read


ബീജിങ്‌

ലാറ്റിനമേരിക്കയും കരീബിയൻ ദ്വീപുകളും ആരുടെയും പിൻമുറ്റമല്ലെന്ന്‌ ചൈന. മേഖലയിലെ രാജ്യങ്ങളുടെ പരമാധികാരത്തെയും തീരുമാനങ്ങളെയും മാനിക്കാൻ അമേരിക്ക തയ്യാറാകണമെന്നും ചൈനീസ് വിദേശമന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ ആവശ്യപ്പെട്ടു. ലാറ്റിനമേരിക്കയിലും കരീബിയനിലും ചൈന ‘നുഴഞ്ഞുകയറി വിഭവങ്ങൾ കൊള്ളയടിക്കുന്നു’ എന്ന യുഎസ് സതേൺ കമാൻഡ്‌ മേധാവിയുടെ ആരോപണത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


ഇ‍ൗ രാജ്യങ്ങൾക്ക് സ്വന്തം വികസനപങ്കാളികളെയും മാർഗങ്ങളെയും സ്വതന്ത്രമായി തെരഞ്ഞെടുക്കാൻ അവകാശമുണ്ട്. അമേരിക്കയുടെ ആരോപണങ്ങൾ വസ്‌തുതാവിരുദ്ധവും കാലഹരണപ്പെട്ടതുമായ വാചകമടിയാണ്‌. ചില യുഎസ് ഉദ്യോഗസ്ഥർ ഇപ്പോഴും സംഘർഷത്തിൽ വേരൂന്നിയ ശീതയുദ്ധ മനോഭാവത്തിൽ പറ്റിനിൽക്കുകയാണ്‌. അമേരിക്കയുടെ ആധിപത്യ സ്വഭാവത്തിൽനിന്ന്‌ വ്യത്യസ്‌തമായി പരസ്‌പര ബഹുമാനം, സമത്വം, തുറന്ന മനസ്സ്, വിജയ-ത്തിനായുള്ള സഹകരണം എന്നിവയാണ്‌ ചൈനയുടെ ദീർഘകാല തത്വങ്ങൾ. ചൈന–-ലാറ്റിനമേരിക്ക പങ്കാളിത്തം ഇരുവിഭാഗങ്ങളുടെയും ആവശ്യങ്ങളും പൊതുതാൽപ്പര്യങ്ങളും നിറവേറ്റുകയും പ്രാദേശിക സാമ്പത്തിക–സാമൂഹിക വികസനം ഫലപ്രദമായി പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. ഇത് മേഖലയിലുടനീളമുള്ള സർക്കാരുകളും ജനങ്ങളും അംഗീകരിച്ചുവെന്ന്‌ ഗുവോ പറഞ്ഞു.


​കരീബിയനിലെ അമേരിക്കൻ സൈനിക ഇടപെടലിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ്‌ ചൈനയും നിലപാട്‌ വ്യക്തമാക്കിയത്‌. റഷ്യ, ഇറാൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളും അന്താരാഷ്‌ട്ര സാമൂഹ്യ സംഘടനകളും വെനസ്വേലക്ക്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home