ad
Deshabhimani

പരസ്പരം വെല്ലുവിളിച്ച് ട്രംപും ഇറാനും; സമാധാന ചർച്ചകൾ പ്രതിസന്ധിയിൽ, ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി

Trump

ഡോണാൾഡ്‌ ട്രംപ് |Photo: Getty Images

വെബ് ഡെസ്ക്

Published on Jun 10, 2026, 06:38 PM | 2 min read

വാഷിംഗ്ടൺ/ടെഹ്‌റാൻ : ഗൾഫ് മേഖലയിൽ യുഎസ്-ഇറാൻ സൈനികാക്രമണങ്ങൾ ശക്തമായതിന് പിന്നാലെ പരസ്പരം പുതിയ ഭീഷണികളുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപും ഇറാന്റെ ഉന്നത ഉദ്യോഗസ്ഥരും രംഗത്ത്. ഒരു കരാറിലെത്താൻ ഇറാൻ വളരെയധികം സമയമെടുത്തു, ഇനി അവർ ഇതിന്റെ വില നൽകേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ പൂർണമായും പരാജയപ്പെട്ടുവെന്നും അവർ വെറും വാക്കുകളിൽ മാത്രമാണുള്ളതെന്നും ട്രംപ് പരിഹസിച്ചു.


എന്നാൽ, തങ്ങൾക്കെതിരെയുള്ള ഒരു ആക്രമണവും ഭീഷണിയും മറുപടിയില്ലാതെ പോകില്ലെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. അമേരിക്ക യുദ്ധക്കളത്തിൽ പരാജയം ഏറ്റുവാങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


വ്യോമാക്രമണവുമായി യുഎസും തിരിച്ചടിച്ച് ഇറാനും


ഗൾഫ് മേഖലയിൽ യുഎസ് സൈന്യത്തിന്റെ ഹെലികോപ്റ്റർ വെടിവെച്ചിട്ടതിന് പിന്നാലെയാണ് ബുധനാഴ്ച ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിയത്. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾ, ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനുകൾ, റഡാർ കേന്ദ്രങ്ങൾ എന്നിവയാണ് തകർത്തതെന്ന് യുഎസ് മിലിട്ടറി സെൻട്രൽ കമാൻഡ് അറിയിച്ചു.


ഇതിന് തൊട്ടുപിന്നാലെ മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ വൻ തിരിച്ചടി നൽകി. ബഹ്‌റൈനിലും ജോർദാനിലുമുള്ള യുഎസ് താവളങ്ങളിലെ 21 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വ്യക്തമാക്കി. ആക്രമണശ്രമങ്ങൾ കുവൈറ്റ് സൈന്യവും തടഞ്ഞു.


നിലപാട് മാറ്റി ട്രംപ്; ചർച്ചകൾ അനിശ്ചിതത്വത്തിൽ


തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ഇറാന് കടുത്ത മുന്നറിയിപ്പ് നൽകിയത്. ഇറാന്റെ സൈന്യം പൂർണമായും തകർന്നിരിക്കുകയാണ്. അവരുടെ നാവികസേനയും വ്യോമസേനയും ഇപ്പോൾ നിലവിലില്ലെന്ന് തന്നെ പറയാം. കരാറിലെത്താൻ അവർ ഒരുപാട് സമയമെടുത്തു, ഇനി അവർ അതിന്റെ വില കൊടുക്കേണ്ടി വരും. ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.


തൊട്ടുമുമ്പത്തെ ദിവസം വരെ ഇറാനുമായി വളരെ നല്ലൊരു സമാധാന കരാറിന്റെ അവസാന ഘട്ടത്തിലാണെന്ന് മാധ്യമങ്ങളോട് പറഞ്ഞ ട്രംപാണ് അടുത്ത ദിവസം കടുത്ത നിലപാടുമായി എത്തിയത്. അമേരിക്കയുടെ ഈ നിലപാട് മാറ്റമാണ് സമാധാന ചർച്ചകൾക്ക് തിരിച്ചടിയായതെന്ന് ഇറാൻ ആരോപിക്കുന്നു.


അമേരിക്ക വിപരീത സന്ദേശങ്ങൾ അയച്ചും നിലപാടുകൾ ഇടയ്ക്കിടെ മാറ്റിയും വെടിനിർത്തൽ കരാറുകൾ ലംഘിച്ചും നയതന്ത്ര പ്രക്രിയകളെ തകർക്കുകയാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ കുറ്റപ്പെടുത്തി. നിലവിലെ സാഹചര്യത്തെക്കുറിച്ച് ഇറാൻ പുനഃപരിശോധന നടത്തുമെന്നും നയതന്ത്ര ചർച്ചകൾക്ക് രാജ്യങ്ങൾക്കിടയിൽ കുറഞ്ഞത് ഒരു സ്ഥിരതയെങ്കിലും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൻശക്തികൾ തമ്മിലുള്ള പോരാട്ടം ഗൾഫ് മേഖലയെ വീണ്ടും കടുത്ത യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്.


Related News



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home