ഗ്രീസിൽ മൂന്ന് ലക്ഷം വിദ്യാർഥികളെ സർവകലാശാലകളിൽ നിന്ന് പുറത്താക്കി; നടപടി ദീർഘകാലമായി പഠനം പൂർത്തിയാക്കാത്തവർക്കെതിരെ

ഏഥൻസ്: പഠനം പൂർത്തിയാക്കാതെ വർഷങ്ങളായി സർവകലാശാലാ പട്ടികയിൽ തുടരുന്ന മൂന്ന് ലക്ഷത്തിലധികം വിദ്യാർഥികളെ ഗ്രീസ് പുറത്താക്കി. ദീർഘകാലമായി പഠനരംഗത്ത് സജീവമല്ലാത്ത 3,08,605 വിദ്യാർഥികളെയാണ് പട്ടികയിൽ നിന്ന് നീക്കം ചെയ്തതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്തെ ഔദ്യോഗിക വിദ്യാർത്ഥി ജനസംഖ്യ പകുതിയോളമായി കുറഞ്ഞു. 2017-ന് മുൻപ് പ്രവേശനം നേടിയവരും എന്നാൽ നിശ്ചിത സമയപരിധിക്കുള്ളിൽ കോഴ്‌സ് പൂർത്തിയാക്കാത്തവരുമാണ് നടപടിക്ക് വിധേയരായത്.
സർവകലാശാലകളിൽ ദീർഘകാല എൻറോൾമെന്റ് അനുവദിക്കുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള രീതി പുതിയ നിയമനിർമ്മാണത്തിലൂടെ ഗ്രീസ് നിർത്തലാക്കിയിരുന്നു. ജോലി ചെയ്യുന്നതിനായോ മറ്റ് കാരണങ്ങൾക്കോ ആയി പഠനത്തിൽ നീണ്ട ഇടവേളകൾ എടുക്കുന്നവർക്കും ആജീവനാന്ത പഠനത്തിനുമായിട്ടായിരുന്നു മുൻപ് ഈ സൗകര്യം ഉപയോഗിച്ചിരുന്നത്.
ഉന്നതവിദ്യാഭ്യാസ രംഗം ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും സർക്കാർ അറിയിച്ചു. എന്നാൽ, കഴിഞ്ഞ പതിറ്റാണ്ടിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പഠനം തടസ്സപ്പെട്ടവരുടെ സാഹചര്യം പരിഗണിക്കാൻ ഈ നടപടിയിലൂടെ സാധിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.










0 comments