ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്കെതിരെ ഗ്രീൻസ് ടിക്കറ്റുമായി മലയാളി യുവതി

മലയാളി വേരുകളുളള അഭിഭാഷകയും സാമൂഹികപ്രവർത്തകയുമായ ഹന്നാ തോമസ് ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായ ആന്റണി ആൽബനീസിനോട് ഏറ്റുമുട്ടും. പ്രധാനമന്ത്രി തെരഞ്ഞടുപ്പ് മത്സരം നേരിടുന്ന ഗ്രേയ്ന്റലർ മണ്ഡലത്തിലാണ് ഹന്നാ ഇറങ്ങുന്നത്. മെയ് മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ‘ഗ്രീൻസ് ടിക്കെറ്റി’ലാണ് മത്സരം.
പരിസ്ഥിതി, സാമൂഹ്യ നീതി, മനുഷ്യാവകാശം തുടങ്ങിയ മേഖലകളിൽ ശ്രദ്ധയൂന്നി പ്രവർത്തിക്കുന്ന പുരോഗമന ഓസ്ട്രേലിയൻ ഗ്രീൻസ് പാർട്ടിയുടെ ബാനറിൽ മത്സര രംഗത്തുള്ളവരെയാണ് ‘ഗ്രീൻസ് ടിക്കെറ്റ്’ എന്നു വിശേഷിപ്പിക്കുന്നത്.
ഓസ്ട്രേലിയൻ പ്രതിനിധി സഭയിലെ ഒരു തിരഞ്ഞെടുപ്പ് ഡിവിഷനാണ് ‘ഗ്രേയ്ന്റലർ’. ന്യൂ സൌത്ത് വേൽസിലെ സിഡ്നിയിലുള്ള ഈ മണ്ഡലത്തിൽ 1996 മുതലേ ആന്റണി ആൽബനീസിനാണ് കുത്തക. പ്രധാനമന്ത്രിയുടെ തന്നെ മണ്ഡലത്തിൽ മത്സരത്തിന് ഇറങ്ങുമ്പോൾ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി എന്ന വിശേഷണവും മുപ്പതുകാരിയായ ഹന്നായ്ക്ക് ഉണ്ട്.
മലേഷ്യയിൽ മുൻ അറ്റോർണി ജനറലായ ടോമി തോമസിന്റെയും അന്ന ഐപ്പിന്റെയും മകളാണ്. മലേഷ്യയിലായിരുന്നു ജനനം എങ്കിലും പഠനത്തിനായി ഓസ്ട്രേലിയയിൽ എത്തി. അവിടെ അഭിഭാഷകയായി. 2009ൽഓസ്ട്രേലിയയിൽ എത്തിയ ശേഷം പലസ്തീൻ-ഇസ്രായേൽ സംഘർഷം, കുടിയേറ്റം, അഭയാർഥിത്വം തുടങ്ങിയ സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ട് പൊതുരംഗത്ത് ശ്രദ്ധനേടി.

“പതിനാറ് വർഷങ്ങൾക്ക് മുൻപ്, ഒരു ഇൻറർനാഷനൽ സ്റ്റുഡന്റിന്റെ സങ്കോചത്തോടെ, പരുങ്ങലോടെ, ഈ രാജ്യത്ത് ആദ്യമായി എത്തിച്ചേർന്ന എന്നോട്, ഒരിക്കൽ നീ ഈ രാജ്യത്തെ പ്രധാനമന്ത്രിയോട് മത്സരിക്കുമെന്ന് ആരെങ്കിലും പറഞ്ഞാൽ അത് എത്ര അവിശ്വസനീയമായിരിക്കും?” – ഹന്നാ ഗ്രീൻസ് വെബ്സൈറ്റിൽ കുറിക്കുന്നു.
മധ്യ തിരുവിതാംകൂറിൽ നിന്നും...
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം, 1940ന്റെ അവസാനം, മെച്ചപ്പെട്ട സാധ്യതകൾ തേടി, മധ്യ തിരുവിതാംകൂറിൽ നിന്നും, മലായ് പ്രദേശത്തു നിന്നും ഓസ്ട്രേലിയയിലേക്ക് തുടർച്ചയായ കുടിയേറ്റങ്ങൾ ഉണ്ടായിരുന്നു.
ഹന്നായുടെ പിതൃപിതാവായ കേളുത്തറ കുടുംബത്തിലെ കെ. തോമസ് കോഴഞ്ചേരിയിലെ മാരാമൺ സ്വദേശിയാണ്. പിതൃമാതാവ് ഡോ. വിജയമ്മ തോമസിന്റെ കുടുംബവും തിരുവല്ലയ്ക്കടുത്ത് കുടുംബനാട്ടിലായിരുന്നു. ഡോ. വിജയമ്മ, പാരാസൈറ്റോളജി വകുപ്പിലെ അസ്സോസ്സിയേറ്റ് പ്രൊഫെസർ ആയിരുന്നു.
ഹന്നായുടെ പിതാവ് ടോമി ജനിച്ചത് മലേഷ്യയിലെ ക്വാലാലമ്പൂരിലാണ്. 2018ൽ അദ്ദേഹം അറ്റോർനി ജനറലായി ചുമതലയേറ്റു. മലേഷ്യയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ ഫെബ്രുവരി 2020ൽ രാജിവച്ചു.
തങ്ങളെപ്പോലുള്ള കുടിയേറ്റക്കാരോടുള്ള ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൽബനീസിന്റെ നിലപാടുകൾ തീർത്തും ആക്ഷേപകരമാണെന്ന് ഹന്നാ പറയുന്നു. തന്റെ കുടുംബപശ്ചാത്തലവും ഹന്നാ എടുത്തുപറയുകയുണ്ടായി.

“രാഷ്ട്രീയ നിലപാടുകളും, സാമൂഹ്യപ്രവർത്തനങ്ങളും എന്നും പ്രോൽസാഹിപ്പിച്ചിരുന്ന, പുരോഗമനചിന്താഗതിയുള്ളഒരു കുടുംബത്തിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. സ്വാഭാവികമായും, ഓസ്ട്രേലിയ എന്ന രാജ്യം എന്റെ കുടുംബമായതിൽ പിന്നെ, ഗ്രീൻസിന്റെ പ്രവർത്തകയാകുക എന്നത് അത്യന്താപേക്ഷിതമായിരുന്നു”
തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഹന്നയുടെ വാക്കുകളാണിവ.
48-ാമത് പാർലമെന്റിലേക്കാണ് ഓസ്‌ട്രേലിയൻ ഫെഡറൽ തിരഞ്ഞെടുപ്പ് മെയ് മൂന്നിന് അരങ്ങേറുന്നത്. ഇവിടെ വോട്ടർമാർ തന്നെയാണ് പ്രതിനിധി സഭയിലെ 150 സീറ്റുകളും സെനറ്റിലെ 76 സീറ്റുകളിൽ 40 സീറ്റുകളും തീരുമാനിക്കുന്നത്.
ആൽബനീസിന്റെ നേതൃത്വത്തിലുള്ള ലേബർ ഗവൺമെന്റ് തുടർ ഭരണത്തിനുള്ള പോരാട്ടത്തിലാണ്. പീറ്റർ ഡറ്റെൻ നയിക്കുന്ന ലിബറൽ/നാഷണൽ സഖ്യമാണ് പ്രതിപക്ഷത്ത്. ഹന്നായുടെ ഗ്രീൻ പാർട്ടി ഉൾപ്പെടെ നിരവധി ന്യൂനപക്ഷ പാർട്ടികളും സ്വതന്ത്ര സ്ഥാനാർഥികളും തെരഞ്ഞെടുപ്പ് രംഗത്തുണ്ട്.









0 comments