ശ്രീലങ്ക മുൻ പ്രസിഡന്റ് ഗോതബായ രാജപക്സെ അറസ്റ്റ് ഭീതിയിൽ; സംരക്ഷണം തേടി കോടതിയെ സമീപിച്ചു

കൊളംബോ: 2019-ലെ ഈസ്റ്റർ ദിന ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് ശ്രീലങ്ക മുൻ പ്രസിഡന്റ് ഗോതബായ രാജപക്സെ കോടതിയെ സമീപിച്ചു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് 77-കാരനായ രാജപക്സെ റിട്ട് ഹർജി ഫയൽ ചെയ്തു. രാജ്യത്തെ പോലീസ് മേധാവി, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി. ഭീകരവിരുദ്ധ നിയമം ചുമത്തി തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് രാജപക്സെ അഭിഭാഷക മുഖേന കോടതിയെ അറിയിച്ചു.
ഈസ്റ്റർ ആക്രമണത്തിൽ പങ്കുണ്ടെന്ന ആരോപണത്തെ തുടർന്ന് ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഇന്റലിജൻസ് മേധാവി സുരേഷ് സല്ലെയെ ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ മാർച്ചിൽ ഗോതബായ രാജപക്സെയ്ക്ക് എതിരെ കോടതി യാത്രാവിലക്ക് ഏർപ്പെടുത്തുകയുണ്ടായി.
2019-ൽ ഗോതബായ രാജപക്സെയെ പ്രസിഡന്റ് പദവിയിലേറ്റാൻ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈസ്റ്റർ ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് സുരേഷ് സല്ലെയ്ക്കെതിരെയുള്ള കേസ്. ആക്രമണം നടത്തിയ പ്രാദേശിക തീവ്രവാദ സംഘടനയായ 'നാഷണൽ തൗഹീത് ജമാഅത്തുമായി' സല്ലെയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 2019 നവംബറിൽ ഗോതബായ രാജപക്സെ അധികരമേറ്റയുടൻ സുരേഷ് സല്ലെയെ രാജ്യത്തിന്റെ ഇന്റലിജൻസ് മേധാവിയായി നിയമിച്ചതും ഇതുമായി ബന്ധപ്പെടുത്തി ആരോപണ വിധേയമായി.
ഈസ്റ്റർ ദിന കൂട്ടക്കൊല
2019 ഏപ്രിൽ 21-നാണ് ശ്രീലങ്കയെ നടുക്കിയ ആത്മഹത്യാ സ്ഫോടന പരമ്പരകൾ ഉണ്ടായത്. മൂന്ന് പള്ളികളിലും മൂന്ന് ആഡംബര ഹോട്ടലുകളിലുമായി ഒൻപത് ആത്മഹത്യാ ബോംബർമാർ നടത്തിയ സ്ഫോടനങ്ങളിൽ 11 ഇന്ത്യക്കാരുൾപ്പെടെ 270 പേർ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി വാര്‍ത്തകൾ ഉണ്ടായി. എന്നാൽ ആക്രമണ പരമ്പരയ്ക്ക് പിന്നിൽ പ്രാദേശിക സംഘടനയായ നാഷണൽ തൗഹീത് ജമാഅത്തെ ആണെന്നായിരുന്നു അന്നത്തെ ലങ്കൻ സർക്കാരിന്റെ കണ്ടെത്തൽ. ശ്രീലങ്കൻ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളാണ് ഈ കേസ് സൃഷ്ടിക്കുന്നത്.










0 comments