ആറ് വയസുകാരൻ മുത്തശ്ശിയുടെ വീട്ടിൽ മരിച്ച നിലയിൽ; ദേഹത്ത് പാടുകൾ, നരബലിയെന്ന് ആരോപണം

ചെന്നൈ: തമിഴ്‌നാട്ടിൽ ആറ് വയസുകാരനെ മുത്തശ്ശിയുടെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെല്ലൂർ ജില്ലയിലാണ് സംഭവം. രാജേഷ്-ആശ ദമ്പതികളുടെ മകൻ മുഗിലൻ ആണ് മരിച്ചത്. മാതാപിതാക്കൾ ജോലിക്കായി മറ്റൊരു പട്ടണത്തിലേക്ക് മാറിയതിനെ തുടർന്ന് കുട്ടിയെ രാജേഷിന്റെ അമ്മ വിജയയുടെ സംരക്ഷണയിൽ ഏൽപ്പിച്ചിരിക്കുകയായിരുന്നു.
മുത്തശ്ശി വിജയ അമ്മായി രേവതി എന്നിവർ മുഗിലനെ ദുർമന്ത്രവാദത്തിലൂടെ കൊലപ്പെടുത്തിയതാണെന്നും നരബലി നടന്നുവെന്നും ആരോപണമുണ്ട്. അമാവാസി നാളിൽ നടത്തിയ ആചാരങ്ങളാണിതെന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടിയുടെ ജനനശേഷമാണ് മാതാപിതാക്കൾ തമ്മിൽ ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടായതെന്നും, അതിനാൽ കുട്ടിയോട് ബന്ധുക്കൾക്ക് വിദ്വേഷമുണ്ടായിരുന്നുവെന്നും ആരോപണമുണ്ട്.
മുഗിലന്റെ ജനന ശേഷം ദമ്പതികൾ തമ്മിൽ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന് ശേഷം വർഷങ്ങളോളും ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. പിന്നീട് പ്രശ്നങ്ങൾ പരിഹരിച്ച് വീണ്ടും ഒരുമിച്ച് താമസിക്കുകയും ജോലി ആവശ്യത്തിനായി ദൂരസ്ഥലത്തേക്ക് പോവുകയും ചെയ്തു. ഈ സമയം മകനെ വിജയയുടെ സംരക്ഷണയിലാക്കുകയായിരുന്നു. വിജയയുടെ വസതിയിലാണ് മുഗിലനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മുഗിലന്റെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. ആയുധം കൊണ്ടുണ്ടായതെന്ന് സംശയിക്കുന്ന തരത്തിൽ തലയ്ക്ക് പരിക്കേറ്റതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംശയത്തിന്റെ അടിസ്ഥാനത്തിൽ വിജയ, രേവതി എന്നിവരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഫോറൻസിക്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ ലഭിച്ച ശേഷമേ മരണത്തിന്റെ യഥാർഥ സാഹചര്യം വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.










0 comments