ad
Deshabhimani

print edition നേപ്പാളിനെ മുക്കിയത്‌ ‘ഗ്ലോഫ്‌’ ​

Nepal.jpg
വെബ് ഡെസ്ക്

Published on Aug 28, 2026, 12:41 AM | 2 min read

കാഠ്‌മണ്ഡു: നേപ്പാളിനെ തകർത്തെറിഞ്ഞ മഹാപ്രളയത്തിന്‌ കാരണമായി വിദഗ്‌ധർ വിരൽചൂണ്ടുന്നത്‌ ഹിമാനികൾ തകർന്ന്‌ മിന്നൽപ്രളയമുണ്ടാകുന്ന ‘ഗ്ലേഷ്യൽ ലേക്ക് ഔട്ട്ബസ്റ്റ് ഫ്‌ലഡ് (ഗ്ലോ-ഫ്‌)’ പ്രതിഭാസത്തിലേക്ക്‌. ആദ്യഘട്ടത്തിൽ ഭ‍ൂകമ്പമാണ്‌ മഴയില്ലാതെ പ്രളയമുണ്ടാക്കിയതെന്ന്‌ കരുതിയെങ്കിലും യുഎസ് ജിയോളജിക്കൽ സർവേ ഇത്‌ തള്ളി രംഗത്തെത്തി. ഭൂകമ്പം ഉണ്ടായിട്ടില്ലെന്നും ഹിമാനികളിൽ ഏതെങ്കിലും പെട്ടെന്ന്‌ തകർന്ന്‌ അവശിഷ്‌ടങ്ങൾ താഴേക്ക്‌ പതിച്ചതാകാം അപകടകാരണമെന്നുമാണ്‌ വിലയിരുത്തൽ. ഇത്തരത്തിൽ ഹിമാനികൾ തകർന്നുണ്ടാകുന്ന വെള്ളവും പാറയും ചെളിയുമടങ്ങുന്ന അവശിഷ്‌ടങ്ങൾ താഴേക്ക് പതിച്ച്‌ നദിയിലെത്തും. ഇവ നദിയുടെ സ്വാഭാവിക ഒഴുക്ക്‌ തടസ്സപ്പെടുത്തി ചെറു തടാകം പോലെ രൂപപ്പെടും. ഇത് പെട്ടെന്ന്‌ പൊട്ടിത്തെറിച്ച്‌ മലവെള്ളപ്പാച്ചിലുണ്ടാകും. ഇ‍ത്തരത്തിൽ ഉരുൾപൊട്ടൽ അവശിഷ്‌ടങ്ങൾ തങ്ങി രൂപപ്പെട്ട തടാകങ്ങൾ പൊട്ടിത്തെറിക്കുന്ന പ്രതിഭാസമാണ്‌ ‘ഗ്ലോ-ഫ്‌'.

അപകടമുണ്ടായ ലാങ്‌ടാങ് ലിറംഗ് കൊടുമുടിക്ക് സമീപം ഹിമാനിയുടെ താഴ്ഭാഗം തകർന്നതായി യുകെയിലെ ഡൻഡി സർവകലാശാലയിലെ ഡോ. സൈമൺ കുക്കിന്റെ സംഘം സ്ഥീരീകരിച്ചിട്ടുണ്ട്‌. ഈ ഹിമാനി വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് തകർന്ന്‌ ഭോട്ടെ കോസി നദിയുടെ കൈവഴിയായ ലെൻഡെ ഖോലയിലേക്ക് പതിച്ച്‌ ഗ്ലേഷ്യൽ ലേക്ക് രൂപപ്പെടുകയും ഇത്‌ പൊട്ടിത്തെറിച്ച്‌, മലവെള്ളപ്പാച്ചിലുണ്ടായി എന്നുമാണ്‌ കരുതപ്പെടുന്നത്‌. 30 മിനിറ്റിനുള്ളിൽ നദികളിലെ ജലനിരപ്പ് ഏഴുമുതൽ ഒമ്പത്‌ മീറ്റർ വരെ ഉയർന്നു. തകർന്നുവീണ ഹിമാനി താഴേക്ക്‌ പതിച്ചതിന്റെ ആഘാതം 5.2 തീവ്രതയുള്ള ഭൂകമ്പത്തിന്‌ തുല്യമാണ്‌. നേപ്പാൾ-–ചൈന റസുവഗാധി അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ വടക്കുകിഴക്കായി ലെൻഡെഖോല നദിയിലേക്ക് ഇത്തരം അവശിഷ്ടങ്ങൾ പതിച്ചതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് നേപ്പാൾ ദേശീയ ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കുന്നു.


2021ൽ ഉത്തരാഖണ്ഡിൽ ചമോലിയിൽ 200 പേരുടെ ജീവൻ അപഹരിച്ചതും സമാനമായ ദുരന്തമാണ്‌. സ്വിറ്റ്സർലൻഡിലും ജോർജിയയിലും സമാന ദുരന്തങ്ങളുണ്ടായിട്ടുണ്ട്‌. ലാങ്‌ടാങ് ലിറംഗ് ഹിമാലയത്തിന്റെ മുകൾത്തട്ടിലാണ് സ്ഥിതി ചെയ്യുന്നത്. പർവതത്തിന്റെ ഇരുവശത്തും കുത്തനെ ചരിവുള്ള താഴ്‌വരകളുള്ളത് വെള്ളത്തിന്റെ വേഗത വർധിപ്പിക്കാനിടയായി. ഹിമാലയം ഉയരുന്ന പ്ലേറ്റ്ടെക്റ്റോണിക്സ് ചലനങ്ങളും, ആഗോളതാപനം കാരണം അതിവേഗം മഞ്ഞുപാളികൾ ഉരുകുന്നതും ദുരന്തത്തിലേക്ക്‌ നയിച്ചിട്ടുണ്ട്‌. 2000 മുതലുള്ള കണക്കുകൾപ്രകാരം ഹിന്ദുകുഷ് ഹിമാലയൻ ഹിമാനികളിൽ ഇരട്ടിവേഗതയിലാണ് മഞ്ഞുരുകുന്നതെന്ന്‌ ഇന്റനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ്‌ മ‍ൗണ്ടൻ ഡെവലപ്പ്‌മെന്റ്‌ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.


ഹിമാനികളുടെ തകർച്ച ദീർഘകാല പ്രതിസന്ധികളും സൃഷ്ടിക്കും. നേപ്പാൾ, ഇന്ത്യ, പാകിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളിലേക്കൊഴുകുന്ന പ്രമുഖ നദികളുടെ ജലസ്രോതസ്സ്‌ കൂടിയാണ്‌ ഹിമാനികൾ. മഞ്ഞുരുകുന്നത്‌ വരണ്ടകാലങ്ങളിൽ നദികൾ വരളുന്നതിനിടയാക്കുമെന്നും ജലപ്രതിസന്ധിയുണ്ടാകുമെന്നും കാലാവസ്ഥാ വിദഗ്‌ധർ മുന്നറിയിപ്പ്‌ നൽകുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home