ad
Deshabhimani

ലോകത്ത് 120 കോടി ജനങ്ങൾ മാനസികാരോഗ്യ പ്രശ്നങ്ങളുമായി ജീവിക്കുന്നു; അന്താരാഷ്ട്ര പഠന റിപ്പോര്‍ട്ട്

mental health

എ ഐ പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 28, 2026, 12:22 PM | 2 min read

ലണ്ടൻ: ലോകമെമ്പാടുമായി ഏകദേശം 120 കോടി (1.2 ബില്യൺ) ആളുകൾ വിവിധ തരത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളുമായാണ് ജീവിക്കുന്നതെന്ന് പുതിയ പഠന റിപ്പോർട്ട്. പ്രമുഖ അന്താരാഷ്ട്ര മെഡിക്കൽ ജേണലായ 'ദി ലാൻസെറ്റിൽ' (The Lancet) പ്രസിദ്ധീകരിച്ച പഠനത്തിലാണ് ആഗോളതലത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ആശങ്കാജനകമായ രീതിയിൽ വർദ്ധിക്കുന്നതായി വ്യക്തമാക്കുന്നത്. 1990ൽ രേഖപ്പെടുത്തിയ നിരക്കുകളേക്കാൾ 95.5 ശതമാനത്തിന്റെ വർദ്ധനവാണ് നിലവിലുണ്ടായിരിക്കുന്നത്.


ഉത്കണ്ഠയും (Anxiety) വിഷാദവുമാണ് (Depression) ഇതിൽ ഏറ്റവും വലിയ വർദ്ധനവ് രേഖപ്പെടുത്തി മാനസികാരോഗ്യ പ്രശ്നങ്ങള്‍. വ്യക്തിത്വ വൈകല്യങ്ങളാണ് (Personality Disorders) പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. 204 രാജ്യങ്ങളിലെ വിവരങ്ങൾ വിശകലനം ചെയ്തുള്ള ഈ പഠനം, ആരോഗ്യ മേഖലയിലെ ഏറ്റവും സമഗ്രമായ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസസ്' (GBD) ഡാറ്റ വിശകലനം ചെയ്താണ് പഠനം തയ്യാറാക്കിയിരിക്കുന്നത്.


മുൻകാലങ്ങളെ അപേക്ഷിച്ച് യുവതലമുറയിലാണ് മാനസികാരോഗ്യ പ്രശ്നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. ഇതില്‍ തന്നെ 15 നും 39 നും ഇടയിൽ പ്രായമുള്ളവരിലാണ് നിരക്ക് കൂടുതല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മിക്ക മാനസികാരോഗ്യ പ്രശ്നങ്ങളും സ്ത്രീകളിൽ കൂടുതലായി കാണപ്പെടുമ്പോൾ ഓട്ടിസം, എഡിഎച്ച്ഡി, പെരുമാറ്റ വൈകല്യങ്ങൾ, വ്യക്തിത്വ വൈകല്യങ്ങൾ എന്നിവ പുരുഷന്മാരിലാണ് കൂടുതൽ. കോവിഡിന് മുമ്പ് തന്നെ ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും നിരക്കുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ മഹാമാരിക്ക് ശേഷം വിഷാദരോഗ നിരക്കുകളിൽ ചെറിയ കുറവുണ്ടായപ്പോൾ ഉത്കണ്ഠയുടെ തോത് ഇപ്പോഴും ഉയർന്ന നിലയിൽ തന്നെ തുടരുകയാണെന്ന് ഗവേഷകർ കണ്ടെത്തി.


ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. ഡാമിയൻ സാന്റോമ്യൂറോയുടെ നേതൃത്വത്തിലാണ് ഈ സമഗ്ര ഗവേഷണം നടന്നത്. ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനിയ, ഓട്ടിസം സ്പെക്ട്രം ഡിസോർഡർ, എഡിഎച്ച്ഡി (ADHD), അനോറെക്സിയ, ബുളിമിയ, ഡിസ്റ്റീമിയ (സ്ഥിരമായ നേരിയ വിഷാദം), കുട്ടികളെ ബാധിക്കുന്ന പെരുമാറ്റ വൈകല്യങ്ങൾ തുടങ്ങിയവയാണ് പഠനത്തിൽ ഉൾപ്പെടുത്തിയ മറ്റ് രോഗങ്ങൾ.


മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള സാമൂഹിക അപമാനം കുറഞ്ഞതായി പഠനം പറയുന്നു. അതിനാൽ കൂടുതൽ ആളുകൾ ചികിത്സ തേടാൻ മുന്നോട്ടുവരുന്നുണ്ട്. ഒപ്പം ആധുനിക രോഗനിർണയ സംവിധാനങ്ങൾ മെച്ചപ്പെടുകയും ചെയ്തു. നിരക്കുകൾ ഉയർന്നു കാണിക്കാൻ ഇവയും കാരണമായിട്ടുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ ആഗോള പ്രതിസന്ധി പരിഹരിക്കാൻ ലോകരാജ്യങ്ങളുടെ കൂട്ടായ നേതൃത്വവും അടിയന്തര ഇടപെടലുകളും ആവശ്യമാണെന്ന് പഠനം വ്യക്തമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home