ad
Deshabhimani

print edition ആളിക്കത്തി ഇന്ധനം; ക്രൂഡ് ഓയിൽ വില ബാരലിന് 118 ഡോളറായി

Petrol Fuel Pump
വെബ് ഡെസ്ക്

Published on Mar 20, 2026, 12:00 AM | 1 min read

ദുബായ്: ഊർജ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതിലേക്ക് പശ്ചിമേഷ്യന്‍ സംഘര്‍ഷം വഷളായതോടെ ആഗോള ഇന്ധനവിതരണം തടസ്സപ്പെടുമെന്ന ആശങ്കയില്‍ ലോകരാജ്യങ്ങള്‍. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 118 ഡോളറായി ഉയർന്നു. ആഴ്ചയുടെ തുടക്കത്തിൽ ഇത് 100 ഡോളറിന് തൊട്ടുമുകളിലായിരുന്നു. പശ്ചിമേഷ്യൻ സംഘർഷത്തിന് മുൻപുള്ള വിലയേക്കാൾ 50 ശതമാനത്തിലും കൂടുതലാണിത്. പ്രകൃതിവാതക വിലയിലും വലിയ വർധനവുണ്ടായി.


ഖത്തറിലെ റാസ് ലഫാൻ എല്‍പിജി പ്ലാന്റിനുണ്ടായ നാശനഷ്ടങ്ങള്‍ ആഗോള വിപണിയെ ആശങ്കയിലാഴ്‍ത്തി. ഖത്തറില്‍ വാതക ഉല്‍പ്പാദനം തടസ്സപ്പെട്ടതോടെ യൂറോപ്പിലെ പ്രകൃതിവാതക വിലയില്‍ വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ 33 ശതമാനം വര്‍ധന രേഖപ്പെടുത്തി. റാസ് ലഫാൻ പ്ലാന്റിന് നേരെയുണ്ടായ ആക്രമണം ഭാവിയിലെ ഇന്ധന വിതരണത്തെ സാരമായി ബാധിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്. പ്രകൃതിവാതകത്തെ ദ്രവരൂപത്തിലാക്കി കപ്പലുകൾ വഴി ലോകമെമ്പാടും എത്തിക്കുന്ന പ്ലാന്റിന് "വ്യാപകമായ നാശനഷ്ടങ്ങൾ" സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.


ഊര്‍ജ നിലയങ്ങള്‍ക്ക് പുറമെ സമുദ്രപാതകളിലും ആക്രമണം പടരുകയാണ്. ഒമാന്‍ ഉള്‍ക്കടലില്‍ ഖോര്‍ഫക്കാന്‍ തീരത്തിന് സമീപം കപ്പലിന് തീപിടിച്ചു. ഖത്തറിന് സമീപം മറ്റൊരു കപ്പലിനും നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്.


അപലപിച്ച്‌ ഗള്‍ഫ് രാജ്യങ്ങള്‍


ഉ‍ൗർജ നിലയങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്റെ പ്രത്യാക്രമണങ്ങളെ ശക്തമായി അപലപിച്ച്‌ ഗള്‍ഫ് രാജ്യങ്ങള്‍. മേഖലയിലെ സുരക്ഷ ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രകോപനങ്ങള്‍ തടയണമെന്നും സൗദി ആവശ്യപ്പെട്ടു. ആക്രമണത്തിന് തൊട്ടുമുമ്പ് സൗദി, യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലെ എണ്ണ നിലയങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കണമെന്ന് തെഹ്‌റാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.


സുരക്ഷാ സാഹചര്യം വഷളാകുന്ന പശ്ചാത്തലത്തില്‍ സൗദിയിലെ അമേരിക്കന്‍ പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ റിയാദിലെ യുഎസ് എംബസി ആവശ്യപ്പെട്ടു. നിലവില്‍ രാജ്യത്ത് തുടരുന്നവര്‍ സുരക്ഷിതമായ ഇടങ്ങളില്‍ അഭയം പ്രാപിക്കണമെന്നും ജനക്കൂട്ടത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും എംബസി മുന്നറിയിപ്പ് നല്‍കി. അതിനിടെ, നിലവിലെ യുദ്ധസാഹചര്യത്തില്‍ അമേരിക്കയെ രൂക്ഷമായി വിമര്‍ശിച്ച് ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദി രംഗത്തെത്തി. അമേരിക്കയ്ക്ക് അവരുടെ വിദേശനയത്തിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് ബ്രിട്ടനിലെ 'ദി ഇക്കണോമിസ്റ്റ്' ന്യൂസ് മാഗസിനില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം തുറന്നടിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home