ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കോ? ആഗോള സാമ്പത്തിക വളർച്ച 2.3 ശതമാനമായി കുറയുമെന്ന് റിപ്പോർട്ട്

photo credit: UN trade agency
ജനീവ: വ്യാപാര സംഘർഷങ്ങളും അനിശ്ചിതത്വവും സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുന്നതിനാൽ ആഗോള സാമ്പത്തിക വളർച്ച 2.3 ശതമാനമായി കുറയുമെന്ന് യുഎൻ വാണിജ്യ വികസന ഏജൻസി (യുഎൻസിടിഎഡി). 2025 ൽ ആഗോള വളർച്ച 2.3% ആയി കുറയുമെന്ന് പ്രവചിക്കപ്പെടുന്നു. ഇത് ലോക സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിന്റെ പാതയിലേക്ക് തള്ളിവിടുമെന്ന് യുഎൻസിടിഎഡി പറഞ്ഞു. 2024 ൽ ആഗോള സമ്പദ്‌വ്യവസ്ഥ 2.8% വളർച്ച കൈവരിച്ചിരുന്നു.
ഏപ്രിൽ 2 ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പല രാജ്യങ്ങൾക്കും മേൽ അധിക തീരുവ ചുമത്തിയത് വിപണികളെ പിടിച്ചുലച്ചു. താരിഫ് ആശങ്കകൾ നിക്ഷേപകരുടെ ഉത്കണ്ഠയ്ക്ക് ആക്കം കൂട്ടുകയും യുഎസിൽ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയം വർധിക്കുകയും ചെയ്‌തതായി യുഎൻസിടിഎഡി പറഞ്ഞു.
തുടർച്ചയായുള്ള വ്യാപാര നിയന്ത്രണ നടപടികളും ഭൗമ-സാമ്പത്തിക ഏറ്റുമുട്ടലും യുദ്ധങ്ങളും ആഗോളതലത്തിൽ സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുമെന്ന് റിപ്പോർട്ട് പറഞ്ഞു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അനിശ്ചിതത്വത്തിലേക്ക് സമ്പദ് വ്യവസ്ഥ എത്തുമെന്നാണ് റിപ്പോർട്ട് പറയുന്നത്. അതിനാൽ തന്നെ ട്രംപിന്റെ പ്രതികാര ചുങ്ക നടപടികളിൽ നിന്ന് ഏറ്റവും ദരിദ്രവും ചെറുതുമായ സമ്പദ്‌വ്യവസ്ഥകളുള്ള രാജ്യങ്ങളെ ഒഴിവാക്കണമെന്ന് യുഎൻസിടിഎഡി അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.









0 comments