ad
Deshabhimani

ട്രംപുമായി ഭിന്നതയുണ്ടെങ്കിലും വ്യക്തബന്ധത്തിൽ വിള്ളലില്ല; വ്യക്തമാക്കി ജർമൻ ചാൻസലർ

friedrich merz and donald trump

ജർമൻ ചാൻസലർ ഫ്രെഡ്രിക്ക് മെഴ്സും ഡൊണാൾഡ് ട്രംപും|Photo credit: REUTERS/Kevin Lamarque/File

വെബ് ഡെസ്ക്

Published on Apr 30, 2026, 12:56 PM | 1 min read

ബെർലിൻ : ഇറാൻ യുദ്ധത്തെച്ചൊല്ലി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കടുത്ത ഭിന്നത നിലനിൽക്കുന്നുണ്ടെങ്കിലും വ്യക്തിപരമായ ബന്ധം നല്ല രീതിയിൽ തന്നെ തുടരുന്നുവെന്ന് ജർമൻ ചാൻസലർ ഫ്രെഡ്രിക്ക് മെഴ്സ്. അതേസമയം പശ്ചിമേഷ്യയിലെ സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കുന്ന കടുത്ത ആഘാതത്തെക്കുറിച്ച് അദ്ദേഹം വീണ്ടും മുന്നറിയിപ്പ് നൽകി.


ഇറാൻ വിഷയത്തിലും യുക്രൈൻ സംഘർഷത്തിലും ട്രംപ് ഭരണകൂടവും യൂറോപ്യൻ നാറ്റോ സഖ്യകക്ഷികളും തമ്മിലുള്ള ഭിന്നത തുറന്നുകാട്ടുന്നതാണ് ചാൻസലറുടെ പ്രസ്താവന. "ട്രംപുമായി നല്ല വ്യക്തിബന്ധമാണുള്ളത്. എന്നാൽ ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട നടപടികളിൽ തുടക്കം മുതലേ എനിക്ക് സംശയങ്ങളുണ്ടായിരുന്നു. അത് ഞാൻ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്," മെഴ്സ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയത് ജർമനിയുൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇത് ഊർജ ലഭ്യതയെ നേരിട്ട് ബാധിക്കുകയും സാമ്പത്തിക വളർച്ചയെ തളർത്തുകയും ചെയ്യുന്നു. വിഷയത്തിൽ അമേരിക്കയും ജർമ്മനിയും തമ്മിൽ ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നേരത്തെ മെഴ്സിന്റെ നിലപാടിനെ രൂക്ഷമായ ഭാഷയിൽ ട്രംപ് വിമർശിച്ചിരുന്നു. ഇറാന്റെ പക്കൽ ആണവായുധം ഉണ്ടാകുന്നത് ജർമനി അനുകൂലിക്കുന്നുവെന്നായിരുന്നു ട്രംപിന്റെ ആരോപണം. എന്നാൽ ഇറാൻ ഒരു കാരണവശാലും ആണവായുധം കൈവശം വെക്കരുത് എന്നതാണ് ജർമനിയുടെ പ്രഖ്യാപിത നിലപാട്. സമാധാന ചർച്ചകൾക്കായി യുഎസ് ഉദ്യോഗസ്ഥരെ പാകിസ്ഥാനിലേക്ക് വരുത്തുകയും ഫലപ്രദമായ തീരുമാനങ്ങളില്ലാതെ മടക്കി അയക്കുകയും ചെയ്യുന്നതിലൂടെ ഇറാൻ അമേരിക്കയെ അപമാനിക്കുകയാണെന്ന് മെർസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് ചാൻസലർക്കെതിരെ രംഗത്തെത്തിയത്.


നേരത്തെ യുദ്ധത്തിൽ നിന്ന് പിന്മാറാൻ യുഎസ് എന്ത് തന്ത്രമാണ് സ്വീകരിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും മെഴ്സ് വിമർശിച്ചിരുന്നു. ഈ സംഘർഷത്തിൽ ഇറാനുളള സ്വാധീനം പലരും കുറച്ചുകാണുകയായിരുന്നെന്നും ഇറാനികൾ നമ്മൾ കരുതിയതിനേക്കാൾ ശക്തരാണെന്നും നിലവിലെ സംഘർഷങ്ങൾക്കിടയിലും അവർ വളരെ സമർത്ഥമായാണ് ചർച്ചകൾ കൈകാര്യം ചെയ്യുന്നതെന്നും മെഴ്സ് അഭിപ്രായപ്പെട്ടിരുന്നു.


ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ ആഗോള എണ്ണ വിപണിയിൽ വലിയ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. നിലവിൽ ഇറാൻ - യുഎസ് വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സമാധാന കരാറിലെത്താൻ ഇരുപക്ഷത്തിനും കഴിഞ്ഞിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home