ഗാസയിൽ വംശഹത്യ: നെതന്യാഹുവിനെതിരെ തുർക്കിയുടെ അറസ്റ്റ് വാറണ്ട്

അങ്കാറ: ഗാസയിൽ മനുഷ്യക്കുരുതി നടത്തിയ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തുർക്കി. നെതന്യാഹു ഉൾപ്പെടെ 37 പേർക്കെതിരെയാണ് ഇസ്താംബുൾ ചീഫ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് വാറണ്ട് പുറപ്പെടുവിച്ചത്.
നെതന്യഹുവിന് പുറമേ, ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, സൈനിക മേധാവി ഇയാൽ സമീർ എന്നിവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കുറ്റാരോപിതരായ ഉദ്യോഗസ്ഥരുടെ പൂർണ്ണ പട്ടിക പരസ്യമാക്കിയിട്ടില്ല.
ഗാസയിൽ നടത്തിയ "മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ", "വംശഹത്യ" എന്നീ കുറ്റങ്ങളാണ് ഇസ്രയേലി ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയിരിക്കുന്നത്. വാറണ്ടുകളെ ഇസ്രയേൽ അപലപിക്കുകയും നിരസിക്കുകയും ചെയ്തു.
വാറണ്ടുകൾ തുർക്കി പ്രസിഡന്റ് റജബ് തയ്‌യിബ് ഉർദുഗാന്റെ "പിആർ സ്റ്റണ്ട്" ആണെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ പറഞ്ഞു. അതേസമയം, വാറണ്ടുകളെ ഹമാസ് സ്വാഗതം ചെയ്തു. തുർക്കി ജനതയുടെയും അവരുടെ നേതൃത്വത്തിന്റെയും ഉന്നതമായ നിലപാടുകളെ ഈ നീക്കം സ്ഥിരീകരിക്കുന്നതായി ഹമാസ് അറിയിച്ചു.









0 comments