ad
Deshabhimani

മരണം കണ്ടാണ് വളർന്നത്, ആ കുരുന്നുകൾ പിന്നെ മറ്റെന്ത് കളിക്കാനാണ്?

gazaa
വെബ് ഡെസ്ക്

Published on Apr 03, 2026, 05:32 PM | 1 min read

ഗാസ: എന്തും അനുകരിച്ചാണ് കുഞ്ഞുങ്ങളുടെ ശീലം. ​ഗാസയിൽ വളരുന്ന കുട്ടികളാകട്ടെ കൺമുന്നിൽ കാണുന്നതൊക്കെയും മരണങ്ങളാണ്. കുഞ്ഞുമനസിൽ പതിഞ്ഞ അത്തരമൊരു കാഴ്ചയെ കളിമുറ്റത്ത് അനുകരിക്കാൻ ശ്രമിച്ച വീ‍ഡിയോയാണ് ലോകത്തിന്റെ കണ്ണു നനയിച്ചത്. നാല് കുരുന്നുകൾ, കൈയിൽ കുഞ്ഞനൊരു സ്ട്രക്ച്ചറുണ്ട്. അതിൽ പാവയെ കിടത്തി വിലാപ യാത്രപോലെ കൊണ്ടുപോവുകയാണ്. തങ്ങളുടെ കളിപ്പാട്ടത്തിന് വിട നൽകുന്ന ഈ കുരുന്നുകൾ ഗാസയുടെ ഇന്നിന്‍റെ നേർചിത്രമാണ്.


മറ്റ് രാജ്യങ്ങളിലെ കുട്ടികൾ ചിരിച്ചും കളിച്ചും നടക്കുന്ന നേരത്ത് ​ഗാസയിലെ കുരുന്നു മനസിൽ മരണം നിഴലിക്കുകയാണ്. തങ്ങൾ നിത്യവും ചുറ്റും കാണുന്ന മരണം, നഷ്ടം, വിടപറയൽ എന്നിവ അവരുടെ കളിമുറ്റങ്ങളെപ്പോലും കീഴടക്കിയിരിക്കുന്നു. ഈ പാവ അവർക്ക് വെറുമൊരു കളിപ്പാട്ടമല്ല, മറിച്ച് അവർക്ക് നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ, അവർ കണ്ടു മടുത്ത ചോരയൊലിക്കുന്ന ശരീരങ്ങളുടെ പ്രതീകമാണ്.



വീഡിയോ നെഞ്ചുലക്കുന്നതാണെന്ന് പലരും എക്സിൽ കുറിച്ചു. ‘ഇതാണ് അവർ ദിവസവും കാണുന്നത്..., സ്ട്രെച്ചറുകളുള്ള ആംബുലൻസ് ആശുപത്രികളിലേക്കും പുറത്തേക്കും ആളുകളെ കൊണ്ടുപോകുന്നു’, ‘ഈ കുട്ടികൾ എന്താണ് യഥാർഥത്തിൽ കാണുന്നതെന്ന് സങ്കൽപ്പിച്ചുനോക്കൂ. ഇത് ശരിക്കും സങ്കടകരമായ ഒരു കാഴ്ചയാണ്’ മറ്റൊരാൾ കുറിച്ചു.


യുദ്ധം ഏറ്റവുമധികം ബാധിച്ചത് കുട്ടികളെയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2023 ഒക്ടോബർ 7 മുതൽ 2025 ജനുവരി 5 വരെയുള്ള കണക്കുകൾ പ്രകാരം 42,200 സ്ത്രീകളും കുട്ടികളും പ്രായമായവരും കൊല്ലപ്പെട്ടു. ഗാസയിലെ ആകെ മരണങ്ങളിൽ 56 ശതമാനവും ഈ വിഭാഗത്തിൽപ്പെട്ടവരാണ്. കുട്ടികള്‍ക്ക് അവരുടെ സ്വാഭാവിക ജീവിതം നഷ്ടമായെന്നും സ്കൂളുകള്‍ക്കും വീടുകള്‍ക്കും നേരെയുണ്ടായ ആക്രമണം അവരെ ഉലച്ചുകളഞ്ഞുവെന്നും യുഎന്‍ ഉള്‍പ്പടെയുള്ളവ റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 ല്‍ ഗാസയിലെ ആയുര്‍ദൈര്‍ഘ്യം 47ശതമാനത്തിലേക്ക് ചുരുങ്ങിയിരുന്നുവെങ്കില്‍ 2024 ല്‍ അത് 44 ലേക്ക് താഴ്ന്നുവെന്നും മാക്സ് പ്ലാങ്കിന്‍റെ ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home