ad
Deshabhimani

കേള്‍ക്കുന്നുണ്ടോ വിശപ്പിന്റെ വിളി

gaza genocide

​ഗാസയിലെ വംശഹത്യ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രയേല്‍ സര്‍ക്കാരിനെതിരെ തെക്കന്‍ ന​ഗരമായ നെ​ഗേവില്‍ ഇടതുപക്ഷപ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്

വെബ് ഡെസ്ക്

Published on May 24, 2025, 12:10 AM | 2 min read

ഗാസ സിറ്റി: ബോംബുകള്‍ക്കൊപ്പം പട്ടിണിയും ഇസ്രയേല്‍ ആയുധമാക്കി മാറ്റിയപ്പോള്‍ ഗാസയിൽ ഏതാനും ദിവസത്തിനിടെ വിശന്ന്‌ മരിച്ചത്‌ 29 പേർ. ഇതിൽ കുട്ടികളും വയോധികരുമുണ്ട്‌. അന്താരാഷ്ട്ര സമ്മർദത്തിന്‌ വഴങ്ങി വ്യാഴം മുതൽ പരിമിത അളവിൽ സഹായവസ്തുക്കൾ കടത്തിവിടുന്നുണ്ടെങ്കിലും അതിനുള്ളിൽ കുഞ്ഞുങ്ങളടക്കം 29 പേർ വിശന്ന്‌ മരിച്ചെന്ന് ​ഗാസ ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.

എല്ലുന്തിയും വയറ്‌ വീർത്തും ഏത്‌ നിമിഷവും എത്താവുന്ന മരണം കാത്തുകിടക്കുന്നവരെക്കൊണ്ട്‌ ഗാസ ആശുപത്രികൾ നിറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. വ്യാഴാഴ്ച അവശ്യവസ്തുക്കളുമായി 107 ട്രക്കുകൾഗാസ അതിർത്തി കടന്നതായി ഇസ്രയേൽ അറിയിച്ചു. മരുന്നുകൾ, ചികിത്സോപകരണങ്ങൾ എന്നിവയ്ക്ക്‌ പുറമേ ബേക്കറികളിലേക്കുള്ള മാവാണ്‌ പ്രധാനമായും എത്തുന്നത്‌. മുനമ്പിൽ അവിടവിടായി ചല ബേക്കറികൾ തുറന്ന്‌ പ്രവർത്തിക്കാൻ തുടങ്ങി. ഇവയ്ക്കുമുന്നിൽ റൊട്ടി വാങ്ങാൻ കൂട്ടംകൂടി നിൽക്കുകയാണ്‌ ​നാട്ടുകാര്‍. മാസങ്ങളായി കൊടുംപട്ടിണിയിലുള്ള മുനമ്പുവാസികൾക്ക്‌ ആവശ്യമായതിന്റെ ചെറിയ ശതമാനം സഹായം മാത്രമാണ്‌ എത്തുന്നതെന്ന്‌ ഐക്യരാഷ്ട്ര സംഘടന ചൂണ്ടിക്കാട്ടി.

കൊടുംപട്ടിണിയും പോഷകാഹാരക്കുറവും നേരിടുന്ന മുനമ്പിന്‌ റൊട്ടിമാത്രം കഴിച്ച്‌ അതിജീവിക്കാനാകില്ല. ഇസ്രയേൽ കടന്നാക്രമണത്തിന്‌ മുമ്പ്‌ 23 ലക്ഷം ഗാസ നിവാസികൾക്കായി ദിവസം ശരാശരി 600 ട്രക്കാണ്‌ മുനമ്പിൽ എത്തിയിരുന്നത്‌. ജനങ്ങൾക്ക്‌ നേരിട്ട്‌ ഭക്ഷ്യവസ്തുക്കൾ എത്തിക്കാനായിട്ടില്ലെന്ന്‌ പലസ്തീനിയൻ റെഡ്‌ ക്രോസ്‌ പ്രസിഡന്റ്‌ യൂനിസ്‌ അൽ ഖാതിബ്‌ പറഞ്ഞു. ഭക്ഷ്യവസ്തുക്കളടങ്ങിയ ട്രക്കുകൾ കെരെം ഷാലോം ഇടനാഴിയിൽ പിടിച്ചിട്ടിരിക്കുകയാണ്‌. പല ട്രക്കുകളിൽനിന്നും ഭക്ഷ്യവസ്തുക്കള്‍ കൊള്ളയടിക്കപ്പെട്ടു.

പ്രതിഷേധം ഗാസയിൽ തുടരുന്ന ക്രൂര ആക്രമണത്തെ വിമർശിച്ച്‌ ഇസ്രയേലിനുള്ളിലും പ്രതിഷേധം ശക്തമായി. ഇസ്രയേലിലെ ചാനൽ12 നടത്തിയ സർവേയിൽ 61 ശതമാനം പൗരരും യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചു. ‘ഗാസയിലെ ഭീകരതകൾ അവസാനിപ്പിക്കുക’ എന്നെഴുതിയ ടീ ഷർട്ട്‌ അണിഞ്ഞ്‌ ഇടതുപക്ഷ തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധ പ്രകടനം നടത്തി.

ഒരാഴ്ചയിൽ കൊല്ലപ്പെട്ടത്‌ 629 പേർ

ഇസ്രയേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ ഗാസയിൽ 60 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ഭവന സമുച്ചയത്തിൽ നടത്തിയ ബോംബാക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേരെ കാണാതായി. ഒരാഴ്ചയ്ക്കിടെ 629 പേരെയാണ്‌ ഇസ്രയേൽ കൊന്നൊടുക്കിയത്‌. അഭയാർഥി ക്യാമ്പുകളിൽ വ്യാപകമായി ബോംബിട്ടു. ടെന്റുകളിൽ കിടന്നുറങ്ങിയ 148 പേർ കൊല്ലപ്പെട്ടതായി യു എൻ റിപ്പോർട്ടുചെയ്തു.

കഴിഞ്ഞയാഴ്ച മാത്രം ഒമ്പത്‌ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ബെയ്‌ത്‌ ലാഹിയ, ജബാലിയ അഭയാർഥി കേന്ദ്രങ്ങളിൽനിന്ന്‌ ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന്‌ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു. മുനമ്പിലെ 94 ശതമാനം ആശുപത്രികളും തകർന്നു. 19 ആശുപത്രികൾ ഭാഗികമായി പ്രവർത്തിക്കുന്നു. പ്രധാന നാല്‌ ആശുപത്രികൾ കഴിഞ്ഞയാഴ്ചയോടെ പൂർണമായും പ്രവർത്തനരഹിതമായി. ഏറ്റവും ക്രൂരമായ ഘട്ടം ഐക്യരാഷ്ട്ര കേന്ദ്രം ക്രൂരമായ സംഘർഷത്തിന്റെ ഏറ്റവും ക്രൂരമായ ഘട്ടത്തിലൂടെയാണ്‌ ഗാസ നിവാസികൾ കടന്നുപോകുന്നതെന്ന്‌ യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌.

400 ട്രക്കുകൾക്ക്‌ കെരെം ഷാലോം ഇടനാഴിവഴി കടത്തിവിടാൻ അനുമതി നൽകി. എന്നാൽ, 115 ട്രക്ക്‌ മാത്രമാണ്‌ കടന്നുപോയത്‌. അവശ്യവസതുക്കളുമായി 9000 ട്രക്കുകൾ അതിർത്തിയിൽ കാത്തുകിടക്കുന്നു. വടക്കൻ ഗാസയിലേക്ക്‌ ഒരു സഹായവും എത്തിയിട്ടില്ല. മുനമ്പിന്റെ 80 ശതമാനവും സൈന്യത്തിന്റെ പിടിയിലാണ്‌. ഇവിടേക്ക്‌ സഹായം എത്തിക്കാനാകുന്നില്ല–- അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home