ജീവൻ രക്ഷാ മരുന്നുകളും മുടക്കി ഇസ്രയേൽ, ഗാസയിൽ മരണം മുന്നിൽ കണ്ട് പതിനായിരങ്ങൾ

ഗാസയിലേക്ക് അവശ്യവസ്തുക്കളുടെ വിതരണം തടഞ്ഞ് ഇസ്രയേൽ ഭരണകൂടം. നിയന്ത്രണങ്ങൾ മൂലം അത്യാവശ്യ മരുന്നുകളുടെ ഗുരുതര ക്ഷാമം തുടരുന്നതായി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
320 ജീവൻ രക്ഷാ മരുന്നുകൾ പൂർണമായും ലഭ്യമല്ലാതായ അവസ്ഥയിലാണ്. സ്റ്റോക് ഉള്ളവയിൽ തന്നെ പല മരുന്നുകളും തീർന്നു കൊണ്ടിരിക്കുന്ന സാഹചര്യമാണെന്നും മന്ത്രാലയം അറിയിച്ചു.
അത്യാഹിത ചികിത്സാ വിഭാഗങ്ങളെയാണ് ക്ഷാമം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ജീവൻ രക്ഷിക്കുന്ന ഇന്റ്രാവീനസ് ദ്രാവകങ്ങൾ, ഐവി ആന്റിബയോട്ടിക്കുകൾ, വേദനാശമന മരുന്നുകൾ എന്നിവയും തടഞ്ഞിരിക്കയാണ്. യുദ്ധം തകർത്ത ഗാസയിലെ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും പരിശോധനാ ഉപകരണങ്ങളുടെയും ലബോറട്ടറി സാമഗ്രികളുടെയും ഇല്ലായ്മയിലും വലയുകയാണ്.
അൾട്രാസൗണ്ട് യന്ത്രങ്ങൾ, ലബോറട്ടറി ഉപകരണങ്ങൾ, ശുചീകരണ സാമഗ്രികൾ തുടങ്ങിയവ ലഭ്യമല്ലാതായി. “ശുചീകരണ സാമഗ്രികളില്ലാതെ ശസ്ത്രക്രിയകളും പ്രസവ ചികിത്സകളും ഒരു ആശുപത്രിക്ക് എങ്ങനെ നടത്താനാകും?” എന്ന് പേഷ്യന്റ്സ് ഫ്രണ്ട്സ് ബെനവലന്റ് സൊസൈറ്റി (PFBS) ആശുപത്രിയിലെ ഡോ. മജ്‌ദ് അവദല്ല പ്രതികരിച്ചു.
ഗാസയിലേക്ക് മെഡിക്കൽ സാധനങ്ങൾ എത്തിക്കുന്ന പ്രക്രിയ അനാവശ്യമായി വൈകിപ്പിക്കയാണെന്ന് ലോകാരോഗ്യ സംഘടനയും മറ്റ് ഐക്യരാഷ്ട്ര ഏജൻസികളും ചൂണ്ടികാട്ടിയിരുന്നു. ഇസ്രയേൽ നടപടിക്ക് എതിരെ കടുത്ത ആശങ്ക അറിയിക്കയും ചെയ്തു.
അന്താരാഷ്ട്ര ഏജൻസികൾ പ്രതികരിച്ചതോടെ അനുമതി നിരക്കുകളിൽ ചെറിയ പുരോഗതി ഉണ്ടായി. എങ്കിലും മരുന്നുകളും ചികിത്സാ ഉപകരണങ്ങളും ഗാസയിൽ എത്തിക്കുന്നത് മന്ദ ഗതിയിൽ തന്നെ നിലനിർത്തി.
ആക്രണത്തിൽ തകർന്നടിഞ്ഞതിനാൽ “സ്ഥലം, സൗകര്യങ്ങൾ, ജീവനക്കാർ, മെഡിക്കൽ സാമഗ്രികൾ ഇവയിലെല്ലാം പ്രതിസന്ധി തുടരുന്നു. ഇതിനിടിയിലാണ് ജീവൻ രക്ഷാ മരുന്നുകൾ വരെ തടയുന്നത്. പരോക്ഷ വംശഹത്യാ ശ്രമങ്ങൾ തുടരുകയാണ് എന്നാണ് വിമർശനം.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഏകദേശം രണ്ട് ലക്ഷം ആളുകൾ അടിയന്തര ചികിത്സ കാത്ത് കഴിയുന്നുണ്ട്. ദീർഘകാല രോഗങ്ങൾക്കുള്ള ചികിത്സയിൽ ആയിരക്കണക്കിന് ആളുകൾ നിസ്സഹായരായി കാത്തരിക്കുന്നു. ഓങ്കോളജി മരുന്നുകളിൽ 70 ശതമാനം കുറവ് നേരിടുന്നു. ഏകദേശം 1,000 കാൻസർ രോഗികൾക്ക് ചികിത്സ ലഭിച്ചിട്ടില്ല. ചികിത്സാ പ്രോട്ടോകോളുകൾ പൂർത്തിയാക്കാനാകാതിരുന്നതിനെ തുടർന്ന് പലരും മരിച്ചതായും മന്ത്രാലയം അറിയിച്ചു.

ചികിത്സാ സൗകര്യങ്ങളുടെ അഭാവം മൂലം ഏകദേശം 4,000 ഗ്ലോക്കോമ രോഗികൾ സ്ഥിരമായ അന്ധതാ ഭീഷണി നേരിടുന്നു. ഏകദേശം 40,000 ഗർഭിണികൾ കുടിയിറക്കപ്പെട്ട സാഹചര്യത്തിൽ നിലവാരമില്ലാത്ത ഷെൽട്ടറുകളിൽ ജീവിതം നയിക്കുന്നു. ഇത് അവരുടെയും അവരുടെ ഗർഭസ്ഥ ശിശുക്കളുടെയും ആരോഗ്യത്തെയും അപകടത്തിലാക്കുന്നു. അഞ്ച് വയസ്സിന് താഴെയുള്ള ഏകദേശം 3 20,000 കുട്ടികൾ പോഷകാഹാരക്കുറവിന് ഇരയായി കഴിയുന്നതായും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇതിനിടെ കടുത്ത തണുപ്പ് തുടങ്ങിയതോടെ സാഹചര്യം കൂടുതൽ മോശമായി. വീടുകൾ നഷ്ടപ്പെട്ട ലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും ടെന്റുകളിലും തകർന്ന കെട്ടിടങ്ങൾക്കിടയിലുമാണ് കഴിയുന്നത്.
ഗാസയിലെ ജലവിതരണ- മാലിന്യ സംസ്കരണ സംവിധാനങ്ങൾ വലിയ തോതിൽ നശിപ്പിക്കപ്പെട്ടു. തണുപ്പും മലിനീകരണവും അണുബാധകൾ വർധിക്കാനുള്ള സാധ്യത കൂട്ടുന്നു. ശ്വാസകോശ രോഗങ്ങൾ, ഹെപ്പറ്റൈറ്റിസ്, വയറിളക്ക രോഗങ്ങൾ എന്നിവ വലിയ തോതിൽ വർധിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത് എന്ന്,” ഡോ. പീപർകോൺ മുന്നറിയിപ്പ് നൽകി.
ഈ പ്രതിസന്ധിയുടെ ഏറ്റവും വലിയ ആഘാതം വീണ്ടും കുട്ടികളെയാണ് ബാധിക്കുന്നത്. കനത്ത മഴയും ശക്തമായ കാറ്റും തണുപ്പും കാരണം കുറഞ്ഞത് അഞ്ച് കുട്ടികൾ ഇതിനകം മരിച്ചു. ഇതിൽ രണ്ട് ആഴ്ചയും ഒരു മാസവും പ്രായമുള്ള കുഞ്ഞുങ്ങളും ഉൾപ്പെടുന്നു.
മെഡിക്കൽ ജീവനക്കാർ ഇപ്പോഴും തടവിൽ
രണ്ട് വർഷത്തിലേറെ നീണ്ടുനിന്ന ഇസ്രായേലിന്റെ വംശഹത്യാ യുദ്ധത്തിൽ ഗാസയിലെ മിക്കവാറും എല്ലാ ആശുപത്രികളും ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും ആക്രമിക്കപ്പെട്ടു. 34 ആശുപത്രികൾ ഉൾപ്പെടെ കുറഞ്ഞത് 125 ആരോഗ്യ കേന്ദ്രങ്ങൾ എങ്കിലും തകർന്നു. 1,700-ലധികം ആരോഗ്യ പ്രവർത്തകരെ കൊലപ്പെടുത്തിയിട്ടുണ്ട്. ഗാസയിൽ നിന്നുള്ള 80 പേർ ഉൾപ്പെടെ 95 പലസ്തീൻ ഡോക്ടർമാരെയും മെഡിക്കൽ ജീവനക്കാരെയും ഇസ്രായേൽ ഇപ്പോഴും തടഞ്ഞുവച്ചിട്ടുണ്ട്.
ഗാസയ്ക്ക് പുറത്തേക്ക് ചികിത്സയ്ക്കായി രോഗികളെ കൊണ്ടുപോകുന്നതിനുള്ള ഒരു സംവിധാനം കരാർ പ്രകാരം നിലവിലുണ്ടായിരുന്നു. എന്നാൽ വെയിറ്റിംഗ് ലിസ്റ്റ് മാത്രമായി തുടരുന്നതിനാൽ രോഗികൾ മരിക്കുന്ന സാഹചര്യമാണ്.
ചികിത്സയ്ക്കായി യാത്ര ചെയ്യാനുള്ള അനുമതിക്കായി കാത്തിരിക്കുന്നതിനിടെ കുറഞ്ഞത് 1,156 രോഗികൾ മരിച്ചുവെന്ന് ഡോ. അൽ-ബർഷ് പറഞ്ഞു. ഇത്തരം രോഗികളുടെ അവസ്ഥ സംബന്ധിച്ച ഡോക്ടർമാരുടെ റഫറലുകൾ ലോകാരോഗ്യ സംഘടന (WHO) വിലയിരുത്തി സുരക്ഷാ അംഗീകാരത്തിനായി ഇസ്രായേൽ അധികാരികൾക്ക് റഫർ ചെയ്യുന്നത് വരെ "ദീർഘവും സങ്കീർണ്ണവുമായ" നടപടി ക്രമങ്ങളുണ്ട്. അനുമതി ലഭിക്കുന്നതും അപൂർവ്വം.
ഇപ്പോഴും ഇരകൾ സ്ത്രീകളും കുട്ടികളും
ഗാസയിൽ ഏകദേശം 20,000 രോഗികൾ യാത്രയ്ക്കായി വെയിറ്റിംഗ് ലിസ്റ്റിലാണ്. ഏകദേശം 18,500 പേർക്ക് WHO അംഗീകാരം നൽകിയിട്ടുണ്ട്. ഇവരിൽ തന്നെ ഏകദേശം 3,700 പേരുടെ നില ഗുരുതരമാണ്.
അടിയന്തര വിദഗ്ദ്ധ ചികിത്സകൾക്കായി കാത്തിരിക്കുന്നവരിൽ ഏകദേശം 4,300 കുട്ടികൾ ഉൾപ്പെടുന്നു.
2023 ഒക്ടോബർ മുതൽ ഗാസയിൽ ഇസ്രായേൽ നടത്തിയ വംശഹത്യ യുദ്ധത്തിൽ ഏകദേശം 71,000 പലസ്തീനികൾ കൊല്ലപ്പെടുകയും 171,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും അധികം യുദ്ധക്കെടുതികൾക്ക് ഇരയായത് സ്ത്രീകളും കുട്ടികളുമാണ്.










0 comments