മൊബൈൽ വെളിച്ചത്തിൽ ചികിത്സ
'പവർകട്ട് അരമണിക്കൂർ മാത്രം, അത് കഴിഞ്ഞ് സർജറി ചെയ്യണം' ; ആശുപത്രിയെ പഴിച്ച് ആരോഗ്യമന്ത്രി

പാലോട് സിഎച്ച്‍സിയിൽ മൊബൈൽ ഫോണിലെ വെളിച്ചത്തിൽ രോഗിയുടെ മുറിവ് വെച്ചുകെട്ടുന്നു, കെ മുരളീധരൻ
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് സിഎച്ച്‍സിയിൽ മുറിവേറ്റ് വന്ന രോഗിയെ മൊബൈൽ വെളിച്ചത്തിൽ ചികിത്സിച്ച സംഭവത്തിൽ ആശുപത്രിയെ പഴിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. വൈദ്യുതി പ്രതിസന്ധി ഉണ്ടായെങ്കില്‍ ജനറേറ്റര്‍ ഉപയോഗിക്കണം, അതുമല്ലെങ്കിൽ പവർകട്ട് കഴിഞ്ഞ് സർജറി ചെയ്താൽ മതിയെന്നുമാണ് ആരോഗ്യമന്ത്രിയുടെ വാദം. പവര്‍കട്ട് ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണെന്നും മുരളീധരന്‍ പറഞ്ഞു.
ആശുപത്രിയിൽ വൈദ്യുതി പോയതിനെ തുടർന്നാണ് മൊബൈൽ വെട്ടത്തിൽ മുറിവ് വെച്ചുകെട്ടിയതെന്ന ആശുപത്രി അധികൃതർ വിശദീകരണം നൽകിയതിന് പിന്നാലെയാണ് ആശുപത്രി അധികൃതരെ പഴിച്ച് ആരോഗ്യമന്ത്രി രംഗത്ത് വന്നത്. 'ഇന്നത്തെ സാഹചര്യത്തിൽ പവർകട്ടും അനിവാര്യമാണ്. അതുകൊണ്ട് ആശുപത്രി കാര്യങ്ങൾ മുടങ്ങാനും പാടില്ല. പവർകട്ട് ഉണ്ടെങ്കിൽ സർജറി അരമണിക്കൂർ കഴിഞ്ഞ് ചെയ്യണം. അരമണിക്കൂർ അല്ലേ പവർകെട്ടുള്ളൂ'വെന്ന് മുരളീധരൻ പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ വിതുര സ്വദേശി മുറിവ് വെച്ചുകെട്ടാനാണ് സിഎച്ച്‍സിയിൽ എത്തിയത്. എന്നാൽ ഈ സമയം, ആശുപത്രിയിൽ കറണ്ടുണ്ടായിരുന്നില്ല. തുടർന്ന് രോഗിയ്ക്കൊപ്പം വന്നയാളെക്കൊണ്ട് മൊബൈൽ ഫോൺ വെളിച്ചം അടിപ്പിച്ച് മുറിവ് വെച്ചുകെട്ടുകയായിരുന്നു. ആശുപത്രിയിൽ ജനറേറ്റർ ഉണ്ടായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രവർത്തനരഹിതമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ പ്രശ്നത്തിന് ഇതുവരെയും പരിഹാരമായിട്ടില്ല.










0 comments