print edition ഗാസയിൽ വീണ്ടും കൂട്ടക്കൊല ; കുട്ടികളും സ്‌ത്രീകളും ഉൾപ്പെടെ 30 പേരെ ഇസ്രയേൽ കൊന്നാടുക്കി

തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിന് പടിഞ്ഞാറ്, പലസ്തീന്‍ അഭയാര്‍ഥി കേന്ദ്രത്തില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയപ്പോള്‍
ഗാസ സിറ്റി
കടലാസിൽ ‘വെടിനിർത്തൽ’ നിലനിൽക്കവേ, ഗാസയിൽ വീണ്ടും പലസ്‌തീൻകാരെ കൂട്ടക്കൊലചെയ്‌ത് ഇസ്രയേൽ സൈന്യം. കുട്ടികളും സ്‌ത്രീകളും ഉൾപ്പെടെ 30 പേർ ശനിയാഴ്‌ച കൊല്ലപ്പെട്ടു. ഒക്ടോബർ പത്തിന് പ്രഖ്യാപിച്ച വെടനിർത്തലിനുശേഷം ഇത്രയധികംപേർ ഒറ്റദിവസം കൊല്ലപ്പെടുന്നത് ആദ്യം. ‘സമാധാനകരാർ’ നിലവിൽവന്നശേഷം ഇസ്രയേലിന്റെ തോക്കിൻ കുഴലിൽ ഗാസയിൽ പൊലിഞ്ഞത് 524 ജീവന്‍.
ശനിയാഴ്‌ച ഗാസ സിറ്റിയിലെ അപ്പാർട്ട്മെന്റിലും ഖാൻ യൂനിസിലെ ടെന്റ് ക്യാമ്പിലും ഉൾപ്പെടെ വ്യാപകമായ ആക്രമണമാണ് ഇസ്രയേൽ നടത്തിയത്. ഗാസ സിറ്റിയിലെ പൊലീസ് സ്റ്റേഷനിലും വ്യോമാക്രമണമുണ്ടായി. ഇവിടെ വനിതാപൊലുസുകാരും തടവുപുള്ളികളുമടക്കം 14 പേർ കൊല്ലപ്പെട്ടു. ടെന്റ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ തീപിടുത്തമുണ്ടായതായും ഒരു പിതാവും മൂന്ന് കുട്ടികളും മൂന്ന് പേരക്കുട്ടികളും ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടതായും നാസർ ആശുപത്രി അറിയിച്ചു. ഗാസ സിറ്റി അപ്പാർട്ട്മെന്റ് ആക്രമണത്തിൽ മൂന്ന് കുട്ടികളും അമ്മായിയും മുത്തശ്ശിയും കൊല്ലപ്പെട്ടു. ജബലിയ അഭയാർഥിക്യാമ്പിന്റെ കിഴക്ക് ഒരാൾ കൊല്ലപ്പെട്ടു.
ഗാസയുടെ തെക്കേ അറ്റത്ത് ഈജിപ്തുമായുള്ള അതിർത്തിയിലൂടെയുള്ള റഫാ ക്രോസിങ് തുറക്കുന്നതിന് തലേന്നാണ് ഇസ്രയേൽ ബോധപൂർവം ആക്രമണം കടുപ്പിച്ചത്. ആക്രമണങ്ങളെ "പുതുക്കിയ കടുത്ത ലംഘനം’ എന്ന് ഹമാസ് വിശേഷിപ്പിച്ചു. ഉടന്പടി മാനിച്ച് ആക്രമണം നിർത്താൻ ഇസ്രയേലിനെ സമ്മർദ്ദത്തിലാക്കാൻ അമേരിക്കയോടും മറ്റ് മധ്യസ്ഥ രാജ്യങ്ങളോടും ഹമാസ് ആവശ്യപ്പെട്ടു. ഹമാസ് കരാർ ലംഘിച്ചതിനുള്ള പ്രതികരണമാണ് തങ്ങളുടെ ആക്രമണമെന്ന് ഇസ്രയേൽ വാദിച്ചു.










0 comments