പോഷകാഹാരക്കുറവ്: 48 മണിക്കൂറിനിടെ ഗാസയിൽ മരിച്ചത് 33 പേർ

ജറുസലേം: ഇസ്രയേൽ ഗാസയിൽ നടത്തിവരുന്ന വംശഹത്യയ്ക്ക് പിന്നാലെ പോഷകാഹാരക്കുറവ് മൂലം കുഞ്ഞുങ്ങൾ ഉൾപ്പെടെ മരിച്ച് വീഴുന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 12 കുട്ടികളടക്കം 33 പേർ മരിച്ചെന്നെന്നാണ് വിവരം. യുദ്ധം തുടങ്ങിയതിന് ശേഷം ഇതുവരെ 101 പേരാണ് പോഷകാഹാരക്കുറവ് മൂലം മരിച്ചത്. അതിൽ 80 പേർ കുട്ടികളാണ്.
നേരത്തെ ഗാസയിലെ പത്തിലൊന്ന് കുട്ടികൾക്കും ഗുരുതരമായ പോഷകാഹാരക്കുറവുണ്ടെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഐക്യരാഷ്‌ട്ര സംഘടനയുടെ പലസ്‌തീൻ അഭയാർഥി ഏജൻസി യുഎൻആർഡബ്ല്യുഎ ഗാസയിലെ ക്ലിനിക്കുകളിൽ 2024 ജനുവരി മുതൽ അഞ്ചു വയസ്സിന് താഴെയുള്ള 2.40 ലക്ഷം കുട്ടികളെ പരിശോധിച്ചതിൽനിന്നാണ് ഇക്കാര്യം വ്യക്തമായത്. കുട്ടികൾ പട്ടിണി കിടക്കുന്ന സാഹചര്യം മനുഷ്യനിർമിതമാണെന്ന് യുഎൻആർഡബ്ല്യുഎ മേധാവി ഫിലിപ്പ് ലസാരിനി പറഞ്ഞു.
കുട്ടികൾക്ക് സഹായമെത്തിക്കുന്നത് ഉൾപ്പെടെ ഗാസയിൽ യുഎൻ പ്രവർത്തനങ്ങൾ അനുവദിക്കണമെന്ന് ലസാരിനി പറഞ്ഞു. വെടിനിർത്തലിന് കൂടുതൽ കാലതാമസം വരുത്തുന്നത് കൂടുതൽ മരണങ്ങൾക്ക് കാരണമാകും. മരുന്ന്, പോഷകാഹാരം, ശുചിത്വ സാമഗ്രികൾ, ഇന്ധനം എന്നിവയെല്ലാം അതിവേഗം തീരുകയാണ്. ഇസ്രയേലിന്റെയും അമേരിക്കയുടെയും പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തുന്ന ഭക്ഷണവിതരണ കേന്ദ്രത്തിൽ ഇതുവരെ 870ലധികം പലസ്‌തീൻകാർ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു. പലസ്‌തീൻ അമ്മമാർക്ക് പോഷകാഹാരക്കുറവ് അനുഭവപ്പെടുന്നതിനാൽ മുലപ്പാൽ ഉത്പാദിപ്പിക്കാൻ കഴിയുന്നില്ലെന്ന് പലസ്‌തീൻ ഓസ്‌ട്രേലിയൻ ന്യൂസിലാൻഡ് മെഡിക്കൽ അസോസിയേഷന്റെ നഴ്‌സ് ആൻഡി ക്ലാർക്ക് വോൺ ബുധനാഴ്‌ച അൽ ജസീറയോട് പറഞ്ഞു. ഗാസയ്‌ക്കു പുറത്ത് ആറായിര-ത്തിലധികം ട്രക്കുകൾ ഭക്ഷണം, ശുചിത്വ സാമഗ്രികൾ, മരുന്ന്, മെഡിക്കൽ സാമഗ്രികൾ എന്നിവയുമായി കാത്തിരിക്കുകയാണ്. എന്നാൽ ഗാസയിലേക്ക് പ്രവേശിക്കാൻ ഇസ്രയേലി സൈന്യം അനുവദിക്കുന്നില്ല.










0 comments