അതിർത്തി കടന്ന് വരുന്ന സഹായ ട്രക്കുകളെ ഇസ്രയേൽ തടയുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു
print edition വെടിയൊച്ച നിലയ്‌ക്കാതെ ഗാസ ; സഹായം കാത്ത് 15 ലക്ഷം പേർ

ഇസ്രയേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഗാസ സിറ്റിയിലെ ഷെയ്‌ഖ് ഷബാൻ ഖബർസ്ഥാനിൽ
ഗാസ സിറ്റി
വെടിനിർത്തൽ നിലവിൽവന്ന് രണ്ടാഴ്‌ച പിന്നിട്ടിട്ടും വെടിയൊച്ച നിലയ്‌ക്കാതെ ഗാസ. ഒക്‌ടോബർ പത്തിനാണ് ഹമാസും ഇസ്രയേലും തമ്മിലുള്ള വെടനിർത്തൽ കരാർ നിലവിൽ വന്നത്. വെടിനിർത്തൽ നിലവിൽ വന്നശേഷം ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ നൂറിലേറെപേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 324 പേർക്ക് പരിക്കേറ്റു.
2023 ഒക്‌ടോബർ ഏഴിനുശേഷം 68,519 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. ഗാസയിൽ ഭക്ഷണവും വെള്ളവും പാർപ്പിടവുമുൾപ്പെടെ അടിയന്തര സഹായം ആവശ്യമുള്ള 15 ലക്ഷം പേരുണ്ടെന്ന് ഐക്യരാഷ്‌ട്ര സംഘടന അറിയിച്ചു. അതിർത്തി കടന്ന് വരുന്ന സഹായ ട്രക്കുകളെ ഇസ്രയേൽ തടയുന്നതാണ് പ്രതിസന്ധി സൃഷ്‌ടിക്കുന്നത്. പതിനയ്യായിരം പേരെങ്കിലും വിദഗ്ധ ചികിത്സയ്‌ക്കായി കാത്തുകഴിയുകയാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി.
വെടനിർത്തൽ നിലവിൽ വന്നെങ്കിലും കരാറിന്റെ ഭാഗമായി ഉറപ്പുനൽകിയ പുനരധിവാസവും ഗാസ പുനർനിർമാണവും അനശ്‌ചിതത്വത്തിലാണ്. ഗാസയിൽനിന്നുള്ള ഇസ്രയേൽ സേനയുടെ പിൻമാറ്റവും നടന്നില്ല. മരുന്നും ഭക്ഷ്യവസ്‌തുക്കളും എത്താത്തതിനാൽ മേഖലയിൽ പട്ടിണി രൂക്ഷമായി തുടരുകയാണ്. മത്സ്യത്തൊഴിലാളികളും ഒലീവ് കർഷകരും വ്യാപകമായി ആക്രമിക്കപ്പെടുകയാണ്.
അധിനിവേശ വെസ്‌റ്റ് ബാങ്കിൽ ഇസ്രയേൽ കുടിയേറ്റക്കാരും പലസ്‌തീൻകാരെ ആക്രമിക്കുന്നത് തുടരുകയാണ്.
ഒന്നാം ഘട്ട വെടിനിർത്തൽ കരാർ പൂർണാർഥത്തിൽ നടപ്പാക്കണമെന്നാണ് പലസ്തീൻ സംഘടനകൾ ആവശ്യപ്പെടുന്നത്. ഗാസയിൽ സ്വതന്ത്ര പലസ്തീനിലെ വിദഗ്ധരുള്‍പ്പെട്ട ബദൽ ഭരണസംവിധാനത്തെ അംഗീകരിക്കുമെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്. അതേസമയം ഹമാസിനെ നിരായുധീകരിക്കാതെയുള്ള രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചയോട് താൽപര്യമില്ലെന്ന നിലപാടിലാണ് ഇസ്രയേൽ.










0 comments