ഗാസ വിദ്യാഭ്യാസ സംവിധാനം ഇസ്രയേൽ പിച്ചിച്ചീന്തി: മലാല

ഇസ്ലാമാബാദ്: ഗാസയിൽ അന്താരാഷ്ട്ര നിയമങ്ങൾ തുടർച്ചയായി ലംഘിക്കുന്ന ഇസ്രയേലിനെ വിമർശിക്കുന്നത് തുടരുമെന്ന് നൊബേൽ സമ്മാന ജേതാവായ മലാല യൂസഫ്‌സായ്. ഗാസയിലെ വിദ്യാഭ്യാസ സംവിധാനമപ്പാടെ ഇസ്രയേൽ പിച്ചിച്ചീന്തിയെന്നും അവർ പറഞ്ഞു. പാകിസ്ഥാനിൽ ‘മുസ്ലിം രാഷ്ട്രങ്ങളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം’ എന്ന വിഷയത്തിൽ ആഗോള ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അവർ.
‘ഇസ്രയേൽ ഗാസയില 90 ശതമാനം സ്കൂളുകളും തകർത്തു. എല്ലാ സർവകലാശാലയിലും ബോംബിട്ടു. പലസ്തീൻ കുട്ടികൾക്ക് ജീവിതവും ഭാവിയും നഷ്ടമായി’–- അവർ ചൂണ്ടിക്കാട്ടി. പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി സംസാരിച്ചതിന് പാകിസ്ഥാൻകാരിയായ മലാലയെ 15 വയസ്സ് മാത്രമുണ്ടായിരുന്നപ്പോൾ ഭീകരവാദികൾ വെടിവച്ചിരുന്നു.
‘താലിബാനെ സാധൂകരിക്കരുത്’
അഫ്‌ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്ത താലിബാൻ ഭീകരർ സ്ത്രീകളെ മനുഷ്യരായി പരിഗണിക്കുന്നില്ലെന്നും മലാല പറഞ്ഞു. സ്വന്തം കുറ്റകൃത്യങ്ങൾക്ക് സംസ്കാരത്തിന്റെയും മതത്തിന്റയും മൂടുപടമണിയിച്ച് ‘ലിംഗാധിഷ്ഠിത വർണവിവേചനം’ നടത്തുകയാണ് താലിബാൻ. സ്കൂൾ വിദ്യാഭ്യാസം, തൊഴിലെടുക്കാനുള്ള അവകാശം എന്നിങ്ങനെയെല്ലാം നിഷേധിച്ച് സ്ത്രീകളെ പൊതുമണ്ഡലത്തിൽനിന്ന് തുടച്ചുനീക്കുന്നു. അഫ്‌ഗാനിലെ താലിബാൻ ഇടക്കാല സർക്കാരിന്റെ നയങ്ങളൊന്നും ഇസ്ലാമുമായി ബന്ധപ്പെട്ടതല്ല. മുസ്ലിം രാജ്യങ്ങളും നേതാക്കളും താലിബാന്റെ ഇത്തരം ചെയ്തികളെ സാധൂകരിക്കരുതെന്നും- അവർ ആവശ്യപ്പെട്ടു. ഉച്ചകോടിക്ക് ക്ഷണിച്ചിരുന്നെങ്കിലും താലിബാൻ പ്രതിനിധി പങ്കെടുത്തില്ല.
Tags
Related News

0 comments