വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ ആക്രമണം; ഗാസയിൽ ആറ് പേർ കൊല്ലപ്പെട്ടു

ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണം |Photo:Reuters
കെയ്‌റോ : ഒക്ടോബറിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ നടത്തിയ വിവിധ ആക്രമണങ്ങളിൽ ഒമ്പത് വയസു കാരി ഉൾപ്പെടെ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ സംരക്ഷിക്കാൻ ചർച്ചകൾ തുടരുന്നതിനിടയിലാണ് വീണ്ടും ഇസ്രയേൽ അക്രമം. മധ്യ ഗാസയിലെ അൽ-ബുറൈജ് അഭയാർഥി ക്യാമ്പിലെ ടെന്റുകൾക്ക് നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിലാണ് ഒമ്പത് വയസു കാരിയായ താല അബു മാതർ കൊല്ലപ്പെട്ടതെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. എന്നാൽ ഇത്തരമൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ പ്രതികരണം. ഗാസ സിറ്റിയിലെ സബ്ര മേഖലയിലുള്ള മെറ്റൽ ഫൗണ്ടറിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു.
മൂന്ന് മിസൈലുകളാണ് ഇസ്രയേൽ ഇവിടെ വർഷിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആയുധ നിർ മാണ കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന ഹമാസിനെയാണ് ലക്ഷ്യമിട്ടതെന്നും ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചതായും ഇസ്രയേൽ സൈന്യം ആരോപിച്ചു. കൂടാതെ വടക്കൻ ഗാസയിൽ ആക്രമണത്തിന് പദ്ധതിയിട്ട രണ്ട് ഹമാസ് പ്രവർത്തകരെ വധിച്ചതായും സൈന്യം അവകാശപ്പെട്ടു. ഇതിന് പിന്നാലെ തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ള മവാസി അഭയാർഥി ക്യാമ്പിലുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും കുട്ടികളടക്കം നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2025 ഒക്ടോബറിൽ യുഎസിന്റെ മധ്യസ്ഥതയിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാറിനെ തുടർന്ന് ഗാസയിലെ വൻതോതിലുള്ള യുദ്ധത്തിന് ശമനമുണ്ടായെങ്കിലും ഇസ്രയേൽ ആക്രമണങ്ങൾ പൂർണമായി അവസാനിച്ചിട്ടില്ല. കരാർ നിലവിൽ വന്നതിന് ശേഷം മാത്രം ആയിരത്തിലധികം ഫലസ്തീനികളാണ് ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇതേ കാലയളവിൽ ഹമാസ് ആക്രമണങ്ങളിൽ നാല് ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നത് സംബന്ധിച്ച് ചർച്ചകൾക്കായി ഹമാസ് നേതാക്കൾ കെയ്‌റോ സന്ദർശിക്കുന്നതിനിടയിലാണ് പുതിയ ആക്രമണങ്ങൾ. ഹമാസിന്റെ നിരായുധീകരണവും ഇസ്രയേൽ സൈന്യത്തിന്റെ പിന്മാറ്റവും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ചർച്ചയിലുള്ളതെങ്കിലും ഇതുവരെ അനുകൂലമായ തീരുമാനമായിട്ടില്ല.
ഇസ്രയേലിന്റെ തുടർച്ചയായ വെടിനിർത്തൽ ലംഘനങ്ങളാണ് സമാധാന പദ്ധതി നടപ്പാക്കുന്നതിലെ പ്രധാന തടസമെന്ന് ഹമാസ് ആരോപിച്ചു. 2023 ഒക്ടോബർ 7ന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ 1,200 പേർ കൊല്ലപ്പെട്ടിരുന്നു. അതിനുശേഷം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 73,000ത്തിലധികം ഫലസ്തീനികളാണ് ഗാസയിൽ കൊല്ലപ്പെട്ടത്. നിലവിൽ ഗാസയിലെ 20 ലക്ഷത്തോളം ജനങ്ങൾ തീരപ്രദേശങ്ങളിലെ താൽക്കാലിക ടെന്റുകളിലും തകർന്ന താമസിക്കുന്നത്.











0 comments