ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീഴാൻ പോയ യുവാവിനു രക്ഷകനായി പോയിന്റ്സ്മാൻ; ആദരവുമായി റെയിൽവേ

Photo Credit:Konkan Railway
ബംഗളൂരു: കർണാടകയിലെ മുരുഡേശ്വർ റെയിൽവേ സ്റ്റേഷനിൽ ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീഴാൻ പോയ യുവാവിനെ മിന്നൽ വേഗത്തിൽ രക്ഷിച്ച് കൊങ്കൺ റെയിൽവേ ജീവനക്കാരൻ.
കൊങ്കൺ റെയിൽവേയിലെ പോയിന്റ്സ്മാൻ ആയ ഗണപതി നായിക് ആണ് 22-കാരനായ യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത്. ഇതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
കേരളത്തിലെ കൊച്ചുവേളിയിൽ നിന്ന് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ നിന്നാണ് യാത്രക്കാരൻ ഇറങ്ങാൻ ശ്രമിച്ചത്. ട്രെയിൻ നീങ്ങിത്തുടങ്ങിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട് പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലെ വിടവിലേക്ക് വീഴാൻ പോയ യുവാവിനെ തൊട്ടടുത്തുണ്ടായിരുന്ന ഗണപതി നായിക് സെക്കൻഡുകൾക്കകം വലിച്ച് മാറ്റുകയായിരുന്നു.
ജീവനക്കാരന്റെ അസാമാന്യമായ സമയസ്ഫൂർത്തിയെ കൊങ്കൺ റെയിൽവേ ഔദ്യോഗികമായി പ്രശംസിച്ചു. ധീരതയ്ക്കുള്ള അംഗീകാരമായി ഗണപതി നായികിന് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് 10,000 രൂപ ക്യാഷ് അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്.










0 comments