ad
Deshabhimani

'ബാവി' ചുഴലിക്കാറ്റിൽ ചൈനയിൽ മിന്നൽപ്രളയം; റോഡുകൾ മുങ്ങി, കാറുകൾ ഒലിച്ചുപോയി

Flood

ബാവി ചുഴലിക്കാറ്റിൽ ചൈനയിലുണ്ടായ മിന്നൽ പ്രളയം| Photo:Reuters

വെബ് ഡെസ്ക്

Published on Jul 13, 2026, 11:47 AM | 1 min read

ഹോങ്കോങ് : വടക്കൻ ചൈനയിലെ ഹെബെയ്, വടക്കുകിഴക്കൻ പ്രവിശ്യയായ ലിയോണിങ് എന്നിവിടങ്ങളിൽ കനത്ത നാശം വിതച്ച് മിന്നൽപ്രളയം. വെള്ളപ്പൊക്കത്തിൽ റോഡുകൾ പൂർണമായും മുങ്ങി. ശക്തമായ ഒഴുക്കിൽ പാർക്ക് ചെയ്തിരുന്ന കാറുകൾ ഒലിച്ചുപോയി. വൻ തോതിൽ വെള്ളമുയർന്നതോടെ പലയിടങ്ങളിലും ആളുകൾ റോഡിലൂടെ നീന്തിയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നത്. ഈ വർഷം ചൈനയിൽ വീശിയടിച്ച ഏറ്റവും ശക്തമായ കാറ്റായ ബാവി ചുഴലിക്കാറ്റാണ് രാജ്യത്ത് വലിയ ദുരന്തം വിതച്ചത്.


ഹെബെയ് പ്രവിശ്യയിലെ ലുവാൻ നദിക്കരയിലുള്ള കുവാൻചെങ് കൗണ്ടിയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. 2.4 ലക്ഷത്തോളം ആളുകൾ താമസിക്കുന്ന ഇവിടെ റോഡുകളിൽ രണ്ടു മീറ്ററിലധികം ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ശക്തമായ ഒഴുക്കിൽ കാറുകൾ കൂട്ടിയിടിക്കുകയും വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോകുകയും ചെയ്തു. കുവാൻചെങ്ങിൽ 1,800 ഓളം ഗ്രാമീണർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനാണ് ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.


കാറുകളുടെ മുകൾഭാഗം മാത്രം കാണാൻ കഴിയുന്ന രീതിയിൽ വെള്ളം നിറഞ്ഞ റോഡിലൂടെ ഒരാൾ നീന്തുന്നതും, മറ്റൊരാൾ പാഡിൽ ബോർഡിൽ നിന്ന് തുഴഞ്ഞു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രളയസാധ്യത കണക്കിലെടുത്ത് ലിയോണിങ്ങിൽ അധികൃതർ റെഡ് അലേർട് പ്രഖ്യാപിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജോലികളും വ്യാപാര സ്ഥാപനങ്ങളും നിർത്തിവയ്ക്കാനും, ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കാനും ഭരണകൂടം കർശന നിർദ്ദേശം നൽകി.


ജിലിൻ, ലിയോണിങ്, ഹെബെയ്, ഷാൻഡോങ്, ജിയാങ്സു, ആൻഹുയി എന്നീ പ്രവിശ്യകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ചൈനയുടെ വടക്കുകിഴക്കൻ മേഖലകളിലെ ചിലയിടങ്ങളിൽ കാറ്റോട് കൂടിയ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മധ്യ, വടക്കൻ ജിയാങ്സു മേഖലകളിൽ മണിക്കൂറിൽ 117 കിലോമീറ്റർ വരെ വേഗതയിൽ അതിശക്തമായ കാറ്റ് വീശിയേക്കാമെന്നും, ചിലയിടങ്ങളിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home