സിഎസ്‌കെയുമായുള്ള 18 വർഷത്തെ ബന്ധം അവസാനിപ്പിച്ചു; സ്റ്റീഫൻ ഫ്ലെമിങ് ചെന്നൈ സൂപ്പർ കിങ്സ് പരിശീലക സ്ഥാനം ഒഴിഞ്ഞു

Photo Credit:CSK
ചെന്നൈ: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഒരു യുഗത്തിന് അന്ത്യം. ചെന്നൈ സൂപ്പർ കിങ്സിന്റെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് സ്റ്റീഫൻ ഫ്ലെമിങ് ഒഴിഞ്ഞു.
18 വർഷം നീണ്ടുനിന്ന അഭേദ്യമായ ബന്ധത്തിന് ശേഷമാണ് ഫ്ലെമിങ് ചെന്നൈ ടീമിനോട് വിടപറയുന്നത്. ഫ്ലെമിങ്ങിന്റെ പരിശീലനത്തിന് കീഴിൽ അഞ്ച് ഐപിഎൽ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് ട്വന്റി-20 കിരീടങ്ങളും ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയിട്ടുണ്ട്.
പരസ്പര ധാരണയോടെയാണ് ഫ്ലെമിങ്ങും ചെന്നൈ ഫ്രാഞ്ചൈസിയും വേർപിരിയുന്നതെന്ന് സിഎസ്‌കെ മാനേജ്‌മെന്റ് പ്രസ്താവനയിലൂടെ അറിയിച്ചു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിജയകരവും മാതൃകാപരവുമായ ഒരു കൂട്ടുകെട്ടാണ് ഇതിലൂടെ അവസാനിക്കുന്നത്. ആദരവോടും കൃതജ്ഞതയോടും കൂടിയാണ് ഈ തീരുമാനത്തിലേക്ക് എത്തിയതെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.
തുടർച്ചയായ മൂന്ന് സീസണുകളിൽ കിരീടം നേടാൻ കഴിയാതെ പോയതോടെയാണ് ഫ്ലെമിങ്ങിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്. 2025 ലെ ഐപിഎല്ലിൽ അവസാന സ്ഥാനത്തായിരുന്ന സിഎസ്‌കെ, 2026 സീസണിൽ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
മേജർ ലീഗ് ക്രിക്കറ്റിൽ ഫ്ലെമിങ് പരിശീലിപ്പിച്ച ടെക്സസ് സൂപ്പർ കിങ്സ് അവസാന സ്ഥാനത്തായതിന് തൊട്ടുപിന്നാലെയാണ് സിഎസ്‌കെയിലെ ഈ അഴിച്ചുപണി. എന്നാൽ ജാബർഗ് സൂപ്പർ കിങ്സ്, ടെക്സസ് സൂപ്പർ കിങ്സ് എന്നീ ഫ്രാഞ്ചൈസികളുടെ പരിശീലക സ്ഥാനത്ത് അദ്ദേഹം തുടരുമോ എന്ന കാര്യം സിഎസ്‌കെ വ്യക്തമാക്കിയിട്ടില്ല.
"കായികരംഗത്ത് 18 വർഷം എന്നത് വലിയൊരു കാലയളവാണ്. നിറഞ്ഞ നന്ദിയോടെയാണ് ഞാൻ പടിയിറങ്ങുന്നത്," ഫ്ലെമിങ് വികാരഭരിതനായി പറഞ്ഞു. സിഎസ്‌കെയെ പരിശീലിപ്പിക്കാൻ കഴിഞ്ഞത് തന്റെ കരിയറിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നും ടീമിന്റെ നേട്ടങ്ങളിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2008 ലെ ആദ്യ ഐപിഎൽ സീസണിൽ കളിക്കാരനായാണ് ഫ്ലെമിങ് ചെന്നൈയിലെത്തുന്നത്. തൊട്ടടുത്ത വർഷം അദ്ദേഹം മുഖ്യ പരിശീലകനായി ചുമതലയേറ്റു. എംഎസ് ധോണിയുമായി ചേർന്നുള്ള ഫ്ലെമിങ്ങിന്റെ തന്ത്രങ്ങളാണ് സിഎസ്‌കെയെ റെക്കോർഡ് വേഗതയിൽ 12 തവണ പ്ലേഓഫിലും 10 തവണ ഫൈനലിലുമെത്തിച്ചത്.
2010, 2011, 2018, 2021, 2023 വർഷങ്ങളിലെ സിഎസ്‌കെയുടെ ഐപിഎൽ കിരീട നേട്ടങ്ങൾക്ക് പിന്നിൽ ഫ്ലെമിങ് എന്ന മാസ്റ്റർ ബ്രെയിൻ ഉണ്ടായിരുന്നു.
ടീമിന്റെ നെടുംതൂണായിരുന്നു ഫ്ലെമിങ്ങെന്ന് സിഎസ്‌കെ ഉടമ രൂപ ഗുരുനാഥും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.എസ് വിശ്വനാഥനും അനുസ്മരിച്ചു.
നിലവിൽ ബാറ്റിങ് കോച്ച് മൈക്ക് ഹസി, ബോളിങ് കോച്ച് എറിക് സിമ്മൺസ് എന്നിവരുൾപ്പെടെയുള്ള മറ്റ് സപ്പോർട്ട് സ്റ്റാഫുകളുടെ കാര്യത്തിൽ മാനേജ്‌മെന്റ് പുതിയ തീരുമാനങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.










0 comments