ad
Deshabhimani

ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് ഷാജി കൈലാസ് ചിത്രത്തിലെ നായകനിലേക്ക്; നന്ദി പറഞ്ഞ് ജോജു ജോർജ്

joju

വരവ് സിനിമയുടെ പോസ്റ്റർ (ഇടത്) ജോജു ജോർജ് (വലത്) |Photo: Social Media

വെബ് ഡെസ്ക്

Published on Jul 13, 2026, 12:51 PM | 2 min read

കൊച്ചി : ജൂനിയർ താരമായി സിനിമാരംഗത്തെത്തി പിന്നീട് മലയാള സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായി മാറിയ ജോജു ജോർജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'വരവ്' റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിൽ തൻ്റെ സിനിമാ ജീവിതത്തിലെ കഠിനമായ വഴികളെക്കുറിച്ചും പ്രിയ സംവിധായകരെക്കുറിച്ചും ജോജു പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.


ഷാജി കൈലാസ് ചിത്രത്തിൽ മുൻപ് ജൂനിയർ ആർട്ടിസ്റ്റായി നിന്നിരുന്ന താൻ ഇപ്പോൾ അദ്ദേഹത്തിന്റെ സിനിമയിൽ നായകനായതിലെ വലിയ സന്തോഷമാണ് ജോജു പങ്കിട്ടത്. ഷാജി സാറിന്റെ 'ബാബാ കല്യാണി' എന്ന ചിത്രത്തിൽ ഞാൻ ജൂനിയർ ആർട്ടിസ്റ്റായിരുന്നു. ലാലേട്ടനെ തൊട്ടടുത്ത് കാണുന്നത് ആ സിനിമയുടെ ഷൂട്ടിങിനിടെയായിരുന്നു. അതിനുമുൻപ് 'വല്യേട്ടൻ' എന്ന ചിത്രത്തിന്റെ സെറ്റിന് പുറത്തുനിന്ന് ഷൂട്ടിങ് കാണാനേ കഴിഞ്ഞിട്ടുള്ളൂ. അവിടെനിന്ന് ഇവിടെയെത്തി നിൽക്കുമ്പോൾ അവിശ്വസനീയമായ നേട്ടം എന്നേ പറയാനുള്ളൂ, ജോജു പറഞ്ഞു.


സംവിധായകൻ ജോഷിയാണ് തനിക്ക് അഭിനയത്തിൽ ധൈര്യം തന്നതെന്നും ജോജു കൂട്ടിച്ചേർത്തു. ജോസഫ് എന്ന ചിത്രം ചെയ്യുമ്പോഴാണ് പൊറിഞ്ചു മറിയം ജോസിലേക്ക് ജോഷി സാർ ക്ഷണിക്കുന്നത്. പൊറിഞ്ചു എന്ന കഥാപാത്രം അവതരിപ്പിക്കാൻ പറ്റുമോ എന്നുപോലും ഐഡിയ ഉണ്ടായിരുന്നില്ല. ആ കഥാപാത്രം തന്ന് എനിക്ക് ധൈര്യം തന്നത് ജോഷി സാറാണ്. അതിനുശേഷം ആന്റണി എന്ന ചിത്രവും ചെയ്തു. ജോഷി സാറിന്റെ സിനിമയിലും ഞാൻ ജൂനിയർ ആർട്ടിസ്റ്റായിട്ടുണ്ടെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്ത് എകെ സാജനുമായി മുപ്പതുവർഷത്തോളമായുള്ള ബന്ധമാണെന്നും ജോജു വ്യക്തമാക്കി.


മലയാള സിനിമയുടെ മാസ്സ് ചരിത്രത്തിൽ പുതിയ അധ്യായമെഴുതാൻ ജോജു ജോർജ് - ഷാജി കൈലാസ് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വരവ്. ശ്രീ ഗോകുലം മൂവീസാണ് ചിത്രം ഇന്ത്യയൊട്ടാകെയുള്ള തീയറ്ററുകളിൽ എത്തിക്കുന്നത്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ തീപ്പൊരി ആക്ഷനും മാസ്സ് ഡയലോഗുകളും കുടുംബ വികാരങ്ങളും ഒരുമിക്കുന്നുണ്ട്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമിക്കുന്നത്.


എകെ സാജന്റെ കരുത്തുറ്റ തിരക്കഥയും സാം സിഎസിന്റെ സംഗീതവും ചിത്രത്തിന് കറുത്ത് പകരുന്നു. ജോജുവിനൊപ്പം അർജുൻ അശോകൻ, മുരളി ഗോപി, വാണി വിശ്വനാഥ്, സുകന്യ, ദീപക് പറമ്പോൽ, ബാബുരാജ്, സാനിയ അയ്യപ്പൻ, വിൻസി അലോഷ്യസ് എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home